ശാസ്താംകോട്ട: കൊല്ലം ഡിസിസി പ്രസിഡന്റ് ജില്ലയില്‍ ജാതിരാഷ്ട്രീയം കളിക്കുകയാണന്ന് ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി നായര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സ്വന്തം സമുദായത്തില്‍ പെടാത്ത ശൂരനാട് രാജശേഖരന് അടക്കമുള്ള ജില്ലയിലെ ഒരു വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളേ മുഖ്യധാരയില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്ന സമീപനമാണ് ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം അറിയിച്ചു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.സരസ്വതിയമ്മ അടക്കമുള്ള പാര്‍ട്ടിയുടെ ജില്ലാ നേതാക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശൂരനാട് തെക്ക് പതാരം സര്‍വീസ് സഹകരണ ബാങ്കിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് കഴിഞ്ഞ കുറേ നാളുകളായി കലഹത്തിലായിരുന്നു. കൃഷ്ണന്‍കുട്ടി നായരാണ് ബാങ്ക് പ്രസിഡന്റ്. ബാങ്കില്‍ നിലവിലുണ്ടായിരുന്ന നാല് നിയമനങ്ങള്‍ വീതം വയ്ക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലും പരസ്യമായ വിഴുപ്പലക്കലിലും ചെന്നെത്തിച്ചത്.
പ്രസിഡന്റിന്റെ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ച് നാല് ഭരണസമിതി അംഗങ്ങള്‍ അടുത്തിടെ രാജി വച്ചിരുന്നു. രാജി വച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിക്കയും തുടര്‍ന്ന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ബാങ്കില്‍ നടന്ന നിയമനങ്ങള്‍ എല്ലാം നിയമാനുസൃതവും സുതാര്യവുമാണന്ന് കൃഷ്ണന്‍കുട്ടി നായര്‍ അവകാശപ്പെടുന്നു. എന്നാല്‍ നിലവിലെ നിയമനങ്ങള്‍ വീതം വെയ്ക്കുന്നതിലെ തര്‍ക്കമാണ് പ്രശ്നമായതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.
ജില്ലയിലെ കോണ്‍ഗ്രസ് ഭരിക്കുന്ന അന്‍പതിലധികം വരുന്ന സഹകരണ ബാങ്കുകളിലെ നിയമനങ്ങളിലെ ഒരു വിഹിതം ഡിസിസി പ്രസിഡന്റിനും അനുയായികള്‍ക്കും ഉള്ളതാണ്. എന്നാല്‍ പതാരം ബാങ്കിലെ നിയമനങ്ങളില്‍ കയ്യിട്ടുവാരാന്‍ പ്രസിഡന്റിനെയും അനുയായികളേയും അനുവദിക്കാതിരുന്നതാണ് തര്‍ക്കവും സംഘര്ഷവുമായതെന്ന് കൃഷ്ണന്‍കുട്ടി നായര്‍ പറഞ്ഞു.
കഴിഞ്ഞ 99 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന പതാരം സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതിയെ സിപിഎം ന്റെ സഹായത്തോടെ ഗൂഢാലോചന നടത്തി അട്ടിമറിച്ച ഭരണ സമിതി അംഗങ്ങള്‍ക്കും അവരുടെ സഹായികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതായി പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ എ.വി ശശിധരക്കുറുപ്പ് , ആര്.ഡി പ്രകാശ്, അഡ്വ.ബി.ശ്രീകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: