പാലക്കാട്: അട്ടപ്പാടിയിലെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കൂട്ട അവധിയിൽ. അവധി അപേക്ഷ നൽകാതെ അഞ്ച് ഡോക്ടർമാർ മുങ്ങിയതോടെ രോഗികൾ വലഞ്ഞു. രാവിലെ മുതൽ എത്തിയ രോഗികൾ കാത്തുകാത്ത് വലഞ്ഞു. ഇതിനിടയിൽ ഒരു വനവാസി പെൺകുട്ടി കുഴഞ്ഞുവീഴുകയും ചെയ്തു.
വനവാസികൾ ഉൾപ്പെടെയുള്ള രോഗികളുടെ ഏക ആശ്രയമാണ് അഗളി സാമൂഹികാരോഗ്യ കേന്ദ്രം. ഇവിടെ ആകെയുള്ളത് ഒന്‍പത് ഡോക്ടർമാരാണ്. ഇതിൽ ഒരാൾ ശബരിമല ഡ്യൂട്ടിക്കും മറ്റൊരാൾ ട്രെയിനിംഗിനും പോയി. അഞ്ചുപേർ അനുമതിയില്ലാതെ അവധിയിലും പ്രവേശിച്ചു. ബാക്കിയുള്ള ഒരു ഡോക്ടർ പോസ്റ്റുമോർട്ടം ഡ്യൂട്ടിയിലും മറ്റൊരാൾക്ക് ഉച്ചയ്‌ക്ക് ശേഷവുമാണ് ഡ്യൂട്ടി. ഇതോടെ ആശുപത്രിയിൽ ചികിത്സിക്കാൻ ഒരൊറ്റ ഡോക്ടർമാരുമില്ലാതായി.
മണിക്കൂറുകൾ നിന്നിട്ടും ഡോക്ടർമാർ എത്താതായതോടെ രോഗികൾ ബഹളം വെച്ചു. ഇതോടെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സുപ്രണ്ടും എത്തി രോഗികളെ പരിശോധിച്ചു. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പഞ്ചിംഗ് സംവിധാനം ഏർപ്പാടാക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. പലപ്പോഴും ജീവനക്കാർ ജോലിക്ക് സമയത്ത് എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: