കളി കാണണം… ടീമിനെ പ്രോത്സാഹിപ്പിക്കണം… അതിനാണവര്‍ ഖത്തറിലെത്തിയത്. അതിനൊപ്പം സ്വാതന്ത്ര്യം ആസ്വദിക്കുകയുമാണ് ഈ യുവതീയുവാക്കള്‍. സൗദി അറേബ്യയില്‍ നിന്നെത്തിയ ആരാധകരാണ് ഖത്തറില്‍ വിലക്കുകളെല്ലാം മറികടന്ന് ജീവിതം ആസ്വദിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ മത്സരം കാണാന്‍ ആയിരക്കണക്കിന് യുവതീയുവാക്കളാണ് ദോഹയിലെത്തിയിട്ടുള്ളത്.
ഇവരില്‍ ഒരു കൂട്ടരെ പരിചയപ്പെട്ടത് മെട്രോ യാത്രയ്ക്കിടെ. ആദ്യം കണ്ടപ്പോള്‍ യൂറോപ്യന്മാരോ അമേരിക്കക്കാരോ ആണെന്നാണ് കരുതിയത്. അത്ര മോഡേണ്‍ വേഷമാണ് അവര്‍ ധരിച്ചിരുന്നത്. പരിചയപ്പെട്ടപ്പോഴാണ് സൗദി അറേബ്യക്കാരാണെന്ന് മനസ്സിലായത്. ഷോര്‍ട്ട് ട്രൗസറും ടോപ്പുമാണ് അവരില്‍ ഒരു യുവതി ധരിച്ചിരുന്നത്. മറ്റൊരാള്‍ ലെഗിന്‍സും ടോപ്പും. പുരുഷന്മാര് ട്രൗസറും പാന്റ്സും ടീ ഷര്‍ട്ടും. ഖത്തറിലെത്തിയ അവര്‍ ഇഷ്ടമുള്ള വേഷം ധരിച്ച് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ഫുട്ബോളിനൊപ്പം ജീവിതം ആഘോഷിക്കുന്നു.
ഫുട്ബോളിനെക്കുറിച്ചായി പിന്നെ സംസാരം. രണ്ടാം കളിയില്‍ പോളണ്ടിനോടു പരാജയപ്പെട്ടെങ്കിലും ആദ്യ കളിയില്‍ സ്വന്തം ടീം അര്‍ജന്റീനയ്ക്കെതിരേ നേടിയ ചരിത്ര വിജയത്തിന്റെ ആവേശത്തില്‍ തന്നെയാണ് അവര്‍ ഇന്നും. അവസാന കളിയല്‍ മെക്സിക്കോയെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു. ഇറാനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെക്കുറിച്ചായി പിന്നീട് സംസാരം. ഇറാനിലെ സ്ത്രീകള്‍ക്കാണ് ഇവര്‍ പിന്തുണ നല്‍കുന്നത്. മഹ്സ അമീനി എന്ന യുവതി ഹിജാബ് കൃത്യമായി ധരിച്ചില്ല എന്ന കാരണത്താല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലിരിക്കേ മരിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് അതിരൂക്ഷമായ ഭാഷയിലാണ് സൗദിയില്‍ നിന്നുള്ള ഇവര്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: