വിഴിഞ്ഞം കലാപത്തിലേക്കു നയിച്ച അക്രമ സംഭവങ്ങളില്‍ തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്ന ലത്തീന്‍ കത്തോലിക്കാ അതിരൂപതയെപ്പോലെ സംസ്ഥാന സര്‍ക്കാരും പ്രതിക്കൂട്ടിലാണ്. കോടതിയുടെ നിര്‍ദേശ പ്രകാരം പദ്ധതി പ്രദേശത്തേക്ക് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവന്നത് മതപുരോഹിതന്മാരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവര്‍ തടയുകയും, വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തത് നിഷ്ക്രിയരായി നോക്കി നില്ക്കുകയാണല്ലോ പോലീസ് ചെയ്തത്. സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചായിരുന്നു ഇതെന്നു വ്യക്തം. നിയമം കയ്യിലെടുത്ത് അക്രമത്തിനിറങ്ങിയവര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരിന്റെ സമീപനമാണ് പിന്നീട് പോലീസ് സ്റ്റേഷന് ആക്രമിക്കുന്നതുള്‍പ്പെടെയുള്ള കലാപത്തിലേക്ക് നയിച്ചത്. അക്രമങ്ങള്‍ക്ക് വലിയ തയ്യാറെടുപ്പുകള്‍ നടക്കുന്നതായും, പോലീസ് സ്റ്റേഷന് കത്തിക്കുന്നതിനുള്‍പ്പെടെ ആസൂത്രണം നടത്തുന്നുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും പോലീസ് മുന്‍കരുതലെടുത്തില്ല. സ്ഫോടനാത്മകമായ സ്വഭാവമുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നു. എന്നിട്ടും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനോ, കുഴപ്പക്കാരെ മുന്‍കൂറായി കസ്റ്റഡിയിലെടുക്കാനോ പോലീസ് തയ്യാറാവാതിരുന്നതാണ് അക്രമങ്ങള്‍ക്ക് ആവേശം പകര്‍ന്നത്. കോടതിയെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് നേരത്തെ നടന്ന അക്രമത്തിന്റെ പേരില്‍ കേസെടുത്തതും ചിലരെ അറസ്റ്റു ചെയ്തതും. അക്രമത്തിനു പ്രേരിപ്പിച്ചവരെ അറസ്റ്റു ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന കോടതിയുടെ ചോദ്യം സര്‍ക്കാരിന്റെ അനാസ്ഥയും ഒത്തുകളിയും പുറത്തുകൊണ്ടുവരുന്നുണ്ട്.
ലത്തീന്‍ കത്തോലിക്കാസഭയുടെ പിന്തുണയോടെ പ്രതിഷേധമെന്ന പേരില്‍ നടന്നത് കലാപമായിരുന്നു. കസ്റ്റഡിയിലെടുത്ത നാല് പ്രതികളെ വിട്ടയച്ചില്ലെങ്കില്‍ എസ്പിയെ അടക്കം പോലീസ് സ്റ്റേഷനിലിട്ട് കത്തിക്കുമെന്നാണ് അക്രമികള്‍ ഭീഷണി മുഴക്കിയത്. രണ്ട് പോലീസുകാരെ മാരകമായി ആക്രമിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. രണ്ടായിരത്തിലേറെ ആളുകളാണ് വളരെ കുറഞ്ഞ സമയംകൊണ്ട് പോലീസ് സ്റ്റേഷന് വളഞ്ഞത്. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി അക്രമാസക്തരായ ഇത്രയും ആളുകളെ പെട്ടെന്നു സംഘടിപ്പിക്കാനാവില്ല. ആളെക്കൂട്ടാനുള്ള തയ്യാറെടുപ്പും ആക്രമണം നടത്താനുള്ള ആസൂത്രണവും വളരെ നേരത്തെ നടന്നിരുന്നു എന്നു വേണം അനുമാനിക്കാന്‍. പോലീസ് സ്റ്റേഷന് അടിച്ചുതകര്‍ത്തതിനു പുറമെ പോലീസ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചതും, മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതുമൊക്കെ ഇതിന് തെളിവാണ്. ദശലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഈ തുക അക്രമികളില്‍നിന്ന് ഈടാക്കുമെന്ന് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കസ്റ്റഡിയിലെടുത്ത നാല് പ്രതികളെ അക്രമികളുടെ ഭീഷണിയെ തുടര്‍ന്ന് വിട്ടയച്ചത് ഒരുതരം കീഴടങ്ങലാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പറയുന്നത് നിയമവാഴ്ചയില്‍ വിശ്വസിക്കുന്നവര്‍ക്ക് അംഗീകരിക്കാനാവില്ല. തുറമുഖ നിര്‍മാണത്തിനെതിരായ സമരം തുടങ്ങിയ കാലം മുതല്‍ സര്‍ക്കാരും പോലീസും സ്വീകരിച്ചുവരുന്ന മൃദുസമീപനമാണ് ഇപ്പോഴത്തെ കലാപത്തിന് വഴിവച്ചത്.
വിഴിഞ്ഞത്ത് തുറമുഖം വരുന്നതിനെതിരെ സമരം ചെയ്യുന്നവര്‍ ലോകത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. പദ്ധതി പ്രദേശത്തെന്നല്ല, അതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരിടത്തുപോലും ഒരൊറ്റ ലത്തീന്‍ കത്തോലിക്കരില്ല. കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ പോലും ഇവരിലില്ല. 25 കിലോമീറ്ററോളം അകലെനിന്നു വന്നാണ് ഇവര്‍ സമരം ചെയ്യുന്നത്. തുറമുഖ നിര്‍മാണ പദ്ധതിയുടെ പേരില്‍ അദാനി ഗ്രൂപ്പില്‍നിന്നും സര്‍ക്കാരില്‍നിന്നും പല വിഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ ആനുകൂല്യം ഇവര്‍ വാങ്ങിയിട്ടുണ്ട്. പള്ളി വഴിയാണ് ഈ സഹായം വിതരണം ചെയ്തിട്ടുള്ളത്. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഏതാണ്ടെല്ലാം തന്നെ അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും സമരം നിര്‍ത്തുന്നില്ല. ഈ വസ്തുതകള്‍ പല മാധ്യമങ്ങളും മൂടിവയ്ക്കുകയാണ്. സമരക്കാരുടെ ഗൂഢലക്ഷ്യം വിഴിഞ്ഞം തുറമുഖം വരാന്‍ പാടില്ല എന്നുതന്നെയാണ്. തുടക്കത്തില്‍ ചില ആവശ്യങ്ങളുടെ പേരു പറഞ്ഞാണ് സമരം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ തുറമുഖം വേണ്ട എന്ന് അവര്‍ തുറന്നു പറയുന്നു. തുറമുഖം വരുന്നതുവഴി രാജ്യത്ത് ഉണ്ടാവാന്‍ പോകുന്ന വികസനത്തെ തുരങ്കം വയ്ക്കുകയാണിവര്‍. വിദേശ ശക്തികളുടെ ഇടപെടല്‍ ഇക്കാര്യത്തിലുണ്ട് എന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചുകഴിഞ്ഞു. ഇങ്ങനെയൊക്കെയായിട്ടും വോട്ടു ബാങ്കിനെ പ്രീണിപ്പിക്കാന്‍ വിഴിഞ്ഞം സമരക്കാര്‍ക്ക് വിടുപണി ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശക്തമായ നടപടികളെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടുപോലും സമരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരും രാജ്യതാല്‍പ്പര്യത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: