അഹമ്മദാബാദ്: ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലെ മണ്ഡലങ്ങളില്‍ പരസ്യപ്രചാരണം അവസാനിച്ചു. സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് എന്നീ പ്രദേശങ്ങളിലെ 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 788 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതില്‍ 70 പേര് വനിതകളാണ്. 2,39,76,760 പേരാണ് ആദ്യഘട്ടത്തില്‍ വോട്ടവകാശം വിനിയോഗിക്കുക. തെരഞ്ഞടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
കോണ്‍ഗ്രസും ആപും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ഗുജറാത്തിലേക്ക് എത്തുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ആരോപിച്ചു. ദഹോദ് ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഎപിയും കോണ്‍ഗ്രസും പോലെ യുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വരുന്നു, പിന്നീട് അപ്രത്യക്ഷമാകുന്നു. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ച് വോട്ട് തേടുന്നവര്‍ക്ക് ഗുജറാത്തിലെ ജനങ്ങള്‍ അവസരം നല്‍കരുത്. അവര്‍ കാട പക്ഷികളെപ്പോലെയാണ്. വിളവെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ വരുന്നു, മുഴുവന്‍ വിളയും തിന്നു കഴിഞ്ഞാല്‍ മടങ്ങിപ്പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എഴുപത് വര്‍ഷമായി വനവാസികള്‍ക്കുവേണ്ടി വ്യാജ കണ്ണീര് ഒഴുക്കുകയായിരുന്നുവെന്നും വനവാസികള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും ജെ.പി. നദ്ദ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി തുടങ്ങിയവര്‍ ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു. ബിജെ പിയുടെ ശക്തി കേന്ദ്രങ്ങളായ നിരവധി മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പട്ടികയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: