കൊല്ലം: പൂയപ്പള്ളി, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നിയമവിരുദ്ധമായി അറവുമാടിന്റെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍.
വെളിനല്ലൂര്‍, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും പൂയപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കുമാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. പ്രദേശത്ത് അനധികൃത മാലിന്യനിക്ഷേപം നടക്കുന്നത് ബോധ്യപ്പെട്ടതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിന്നും പരാതിക്ക് പരിഹാരം കണ്ടതായി മനസിലാക്കാന്‍ കഴിയുന്നില്ല.
ആത്യന്തികമായി പൊതുജനങ്ങളുടെ ആരോഗ്യ പരിപാലനവും പരിസര വാസികള്‍ക്ക് മാലിന്യ മുക്തമായ അന്തരീക്ഷവും പ്രദാനം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു. നൂറോളം പ്രദേശവാസികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്‍ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പൂയപ്പള്ളി പയ്യക്കോട്ട് മാട്ടിറച്ചി വില്‍ക്കാന്‍ നജിമുദീന്‍ എന്നയാള്‍ക്ക് അനുമതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷനില്‍ പരാതി നല്‍കിയ ഷിഹാബുദീനും നജിമുദീനും ചേര്‍ന്നാണ് മാട്ടിറച്ചി വ്യാപാരം നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇവര്‍ പരസ്പരം പിരിഞ്ഞു. തുടര്‍ന്ന് ഷിഹാബുദ്ദീന്‍ മാട്ടിറച്ചി കച്ചവടം നേരിട്ട് ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തികള്‍ തമ്മിലുള്ള വിദ്വേഷത്തിന്റെ പേരില്‍ നടപടി വൈകിപ്പിക്കരുതെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: