തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പറയുന്ന സമയത്ത് തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍. വിഴിഞ്ഞത് കപ്പലുകള്‍ വരുമെന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്. ഇതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.
ഒരു രാജ്യത്തിനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നത് രാജ്യദ്രോഹകുറ്റമായി കാണേണ്ടതാണ്. രാജ്യസ്‌നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം സമരം അംഗീകരിക്കാന്‍ സാധിക്കില്ല. ഇത് സമരമല്ല, മറ്റെന്തോ ആണെന്നേ കരുതാനാകൂ. സമരക്കാർക്ക് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം. ഇതിലും വലിയ തടസങ്ങള്‍ നീക്കിയിട്ടുണ്ട്. സര്‍ക്കാരിന് താഴുന്നതിന് പരിധിയുണ്ട്. പ്രതിഷേധക്കാര്‍ കാര്യങ്ങള്‍ മനസിലാക്കട്ടേയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സമരക്കാര്‍ മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളില്‍ ആറെണ്ണത്തിന് സര്‍ക്കാര്‍ കൃത്യമായ തീരുമാനം എടുത്തു. ഏഴാമത്തേത്തില്‍ പഠനം നടത്തുന്നതിനായി കമ്മിറ്റിയുണ്ടാക്കി. ഒരാഴ്ചയെങ്കിലും നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ ആരെയും കുടിയൊഴിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. തൊഴിലാളിവിരുദ്ധമായ ഒരു നടപടികളും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ഒരു മത്സ്യതൊഴിലാളിയുടെയും കണ്ണുനീര്‍ വീഴാന്‍ ഈ സര്‍ക്കാര്‍ സമ്മതിക്കില്ല. നാഷണല്‍ ഹൈവേ, എയര്‍പോര്‍ട്ടുകളുടെ വിപൂലീകരണം, ഗെയ്‌ല്‍ പൈപ്പ്‌ലൈന്‍ എന്നിവ ഈ സര്‍ക്കാരിന് ശേഷം നടപ്പാക്കിയ കാര്യങ്ങളാണ്. അത് ഓര്‍ത്താല്‍ നല്ലതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ ഖജനാവില്‍ പണം ആവശ്യമാണ്. ഇതിനായി മുന്നോട്ടുപോകാനുള്ള ശ്രമങ്ങള്‍ മനസിലാക്കി സമരത്തില്‍ നിന്നും പ്രതിഷേധക്കാര്‍ പിന്നോട്ടുപോകണം’ മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: