ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി വീണ്ടും കശ്മീരിനെക്കുറിച്ചുള്ള വിവാദപ്രസ്താവനയുമായി രംഗത്ത്. കശ്മീരിലേക്ക് എത്രയൊക്കെ പട്ടാളക്കാരെ അയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന.
വാസ്തവത്തില്‍ കശ്മീരിനെ പ്രത്യേക സംസ്ഥാന പദവി എടുത്തുകളയുകയും 370ാം വകുപ്പ് റദ്ദാക്കുകയും ചെയ്ത ശേഷം കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. 2018ല്‍ 417 തീവ്രവാദ ആക്രമണം നടന്നിടത്ത് 2021 229 തീവ്രവാദി ആക്രമണം മാത്രമേ നടന്നിട്ടുള്ളൂ. അതിനിടെയാണ് വീണ്ടും മോദി സര്‍ക്കാരിനെതിരെ മെഹ്ബൂബ മുഫ്തി ശക്തമായ ആക്രമണവുമായി രംഗത്തെത്തിയത്.
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതുവരെ ഗുണകരമായ ഫലം ലഭിക്കില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. “കശ്മീര്‍ ഒരു ആശയമാണ്. നിങ്ങള്‍ക്ക് ഒരു വ്യക്തിയെ ജയിലിലടക്കാം. പക്ഷെ ഒരു ആശയത്തെ ജയിലിലടക്കാന്‍ ആകില്ല. കശ്മീര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ എത്ര പട്ടാളക്കാരെ അയച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല”.- മെഹ്ബൂബ മുഫ്തി പറഞ്ഞു.
ബിജെപിയെയും അവര്‍ വിമര്‍ശിച്ചു. പക്ഷെ ചരിത്ര വസ്തുതകളെ മറയ്ക്കുന്ന പ്രസ്താവനയായിരുന്നു പിന്നീട് മെഹ്ബൂബ മുഫ്തി പറഞ്ഞത്: “കശ്മീരില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമായിരുന്നിട്ടും അവര്‍ കശ്മീരി പണ്ഡിറ്റുകളെയും ഹിന്ദുക്കളുെയും സിഖുകാരെയും രക്ഷിച്ചു”. 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല മറന്നുകൊണ്ടുള്ളതായിരുന്നു മെഹ്ബൂബ മുഫ്തിയുടെ ഈ പ്രസ്താവന.
അധികാരത്തില്‍ നിന്നും ഒഴിഞ്ഞുപോകേണ്ടിവന്നതിന്റെ നിരാശയാണ് മെഹ്ബൂബ മുഫ്തിയുടെ വാക്കുകളിലെന്ന് ബിജെപി നേതാവും മുന്‍ ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രിയുമായ കവീന്ദര്‍ ഗുപ്ത പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: