പാലക്കാട്: ഹൈന്ദവ പ്രസ്ഥാനങ്ങളുടെ ശക്തി ക്ഷയിപ്പിക്കാനുള്ള സര്‍ക്കാര്‍ ഗൂഢശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ഹിന്ദു ഐക്യവേദി-സാമൂഹ്യനീതി കര്‍മസമിതി സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളം ആഹ്വാനം ചെയ്തു. ഹിന്ദു സമൂഹത്തിനുനേരെ ഉയരുന്ന വെല്ലുവിളികള്‍ കണ്ടില്ലെന്ന് നടിക്കരുത്. ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുമ്പോള്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കുമെന്ന് കരുതേണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു മുന്നറിയിപ്പ് നല്കി.
ഹിന്ദുക്കളുടെ അടിസ്ഥാനാവകാശങ്ങളും ആനുകൂല്യങ്ങളും സാമൂഹ്യനീതിയും നിഷേധിക്കപ്പെടുമ്പോള്‍ അവ വീണ്ടെടുക്കാനുള്ള ശക്തി ആര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമതലങ്ങളില്‍ ഹൈന്ദവ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും നേതൃസമ്മേളനം തീരുമാനിച്ചു. കദളിവനം ഓഡിറ്റോറിയത്തില്‍ നല്ലേപ്പിള്ളി നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി. ജില്ലാ പ്രസിഡന്റ് സി. വി. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു.
ശിവാനന്ദാശ്രമം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി.എന്‍. ശ്രീരാമന് വിഷയാവതരണം നടത്തി. 37 സമുദായ സംഘടനാ നേതാക്കള്‍ നേതൃസമ്മേളനത്തില്‍ പങ്കെടുത്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന് സമാപനപ്രസംഗം നടത്തി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വാളയാറില്‍ ഇടത്താവളം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി നേതാക്കളായ എ. നാരായണന്‍കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് പി. ഹരിദാസ്, താലൂക്ക് വൈസ് പ്രസിഡന്റ് എന്‍. രഘുനാഥ്, താലൂക്ക് ജനറല്‍ സെക്രട്ടറി സന്തോഷ് കുന്നത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: