തിരുവനന്തപുരം: തിരുവനന്തപുരത്തെ കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഉപനിയുര്‍ പാടശേഖരത്തിലെ തരിശിടത്തെ നെല്‍വിത്ത് വിതയ്ക്കല്‍ രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്. ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുക വഴി കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഉദ്യമത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ മുഖ്യ പരിഗണന നല്കുന്ന ഭക്ഷ്യസ്വയംപര്യാപ്തത, കര്‍ഷകക്ഷേമം, പ്രകൃതി സൗഹൃദകൃഷി എന്നിവ ഈ മാതൃകയിലൂടെ പ്രവര്‍ത്തികമാകുന്നു എന്നും വി മുരളീധരന് പറഞ്ഞു. കോവിഡ് മഹാമാരിയും യുക്രെയ്ന് യുദ്ധവും സ്വയം പര്യാപ്തതയെക്കുറിച്ചു നമുക്ക് വലിയ പാഠങ്ങള്‍ നല്കി. കൂടുതല്‍ വികേന്ദ്രീകൃതമായ ഉല്‍പ്പാദനവും സ്വയം പര്യാപ്തതയും ആധുനിക ലോകം ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദേഹം പറഞ്ഞു. കാര്‍ഷിക രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യകളിലൂടെയും മികച്ച ജലസേചന സംവിധാനങ്ങളിലൂടെയും ഇത് സാധ്യമാകും. ഇതിന് കര്‍ഷകരെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്ര ഗവണ്മെന്റ് ഉല്പാദന ചിലവ് കുറയ്ക്കാനായി കര്‍ഷകരെ സഹായിക്കുന്നുവെന്നും ഇത് വഴി ഉല്പാദനക്ഷമത ഉയര്‍ത്തുമെന്നും വി.മുരളീധരന് പറഞ്ഞു.
കാര്‍ഷിക കയറ്റുമതി നാലു ലക്ഷം കോടി കടന്നത് കാര്‍ഷിക മേഖലയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു എന്നതിന്റെ തെളിവാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. കാര്‍ഷിക അടിസ്ഥാന സൗകര്യ മേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ കര്‍ഷകരെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു
കാര്‍ഷിക മേഖലയില്‍ നാം നടത്തി വരുന്ന ഗവേഷണങ്ങളും പ്രതീക്ഷയേകുന്നുവെന്ന് കേന്ദ്രസഹമന്ത്രി പറഞ്ഞു. കല്ലിയൂര്‍ പഞ്ചായത്ത് പോലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്ര ഗവണ്മെന്റിന്റെ പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും വി മുരളീധരന് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനും പ്രകൃതിയോട് ഇണങ്ങിയുള്ള ഇത്തരം ജീവിതമാര്‍ഗങ്ങളിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: