സ്വാതന്ത്ര്യ പ്രാപ്തിയുടെ എഴുപത്തഞ്ചാം വര്‍ഷത്തില്‍ ആസാദികാ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയില്‍, ആ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട 1975 ലെ അടിയന്തരാവസ്ഥക്കെതിരായി നടന്ന രാജ്യവ്യാപകമായ സത്യഗ്രഹസമരവും അനുസ്മരിക്കപ്പെടേണ്ടതാണല്ലൊ. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 നായിരുന്നു ആ സത്യഗ്രഹം ആരംഭിച്ചത്. സ്വതന്ത്രഭാരതത്തിന് റിപ്പബ്ലിക് (ഗണതന്ത്രം) രീതിയിലുള്ള സംവിധാനം നല്കുന്നതിനു മുന്‍കൈയെടുത്ത നെഹ്റുവിന്റെ പുത്രി തന്നെയാണ് സപ്തസ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന വിധത്തില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതും.
നവംബര്‍ 14 ന് അടിയന്തരാവസ്ഥാ പീഡിതരുടെ ഒരു സമാഗമം കാസര്‍കോട് നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ എനിക്കവസരമുണ്ടായി. സംഘദൃഷ്ട്യാ കര്‍ണാടക പ്രാന്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആ ഭാഗത്ത് അടിയന്തരാവസ്ഥയ്ക്കു മുന്‍പു തന്നെ സംഘടനാ കാര്യദര്‍ശിയായിരുന്നതിനാലാണ് അവിടത്തെ പ്രവര്‍ത്തകനും, കോഴിക്കോട് ജയിലില്‍ എന്റെ ‘സഹമുറിയന്’, കൂട്ടുപ്രതിയുമായ വി. രവീന്ദ്രന്റെ ആഗ്രഹപ്രകാരം പോയത്. കൂത്തുപറമ്പക്കാരായ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കുമ്പളയിലേക്കു പറിച്ചുനടപ്പെട്ടവരാണ്. നേരത്തെ മാര്‍ക്സിസ്റ്റ് പശ്ചാത്തലത്തിലായിരുന്ന കുടുംബത്തിലെ അദ്ദേഹം സംഘശാഖയുമായി ബന്ധപ്പെടുകയും ആദര്‍ശധാര സ്വായത്തമാക്കുകയുമായിരുന്നു.
പരമേശ്വര്‍ജി, കെ.ജി.മാരാര്‍ മുതലായ പ്രാഗത്ഭരുടെ സമ്പര്‍ക്കം രവീന്ദ്രനെ ഉറച്ച സംഘ സ്വയംസേവകനും ജനസംഘ പ്രവര്‍ത്തകനുമാക്കി. കന്നഡ, തുളു, കൊങ്കണി തുടങ്ങിയ പ്രാദേശിക ഭാഷകളും വഴങ്ങുന്ന ആളായി. ജനസംഘക്കാരനും, പിന്നീട് ബിജെപിക്കാരനും നല്ല പ്രഭാഷകനുമായി ശ്രോതാക്കളെ പിടിച്ചിരുത്തുന്നതിന് കെ.ജി.മാരാര്‍ക്കു പിന്‍ഗാമി കൂടിയായി എന്നു പറയാം.
അടിയന്തരാവസ്ഥാ വിരുദ്ധപ്പോരാട്ടത്തില്‍ പങ്കെടുത്തവരുടെ ഒരു ലഘുകുറിപ്പ് സംസ്ഥാനത്തൊട്ടാകെ പീഡിതസഹായ നിധിയുടെ ആഭിമുഖ്യത്തില്‍ തയാറാക്കി വരികയാണ്. അതിനദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പരിശ്രമിച്ചുവന്നു. കേരളത്തിലെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്കു കാസര്‍കോടിന്റെ സവിശേഷതകള്‍ ഏതാണ്ട് അജ്ഞാതമാണ്. ഏഴുഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളവിടെയുണ്ട്. സപ്തഭാഷാ സംഗമഭൂമി എന്നു അവിടം പറയപ്പെടുന്നു. സംസ്ഥാന പുനര്‍ വിഭജനത്തിനു മുന്‍പ് മലബാറും തെക്കന്‍ കര്‍ണാടകവും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മഞ്ചേശ്വരം മുതല്‍ പയ്യന്നൂര്‍ പുഴ വരെയുള്ള പ്രദേശമായിരുന്നു കാസര്‍കോട്. കാസര്‍കോടിനടുത്തുള്ള അനന്തപുരം ക്ഷേത്രമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം. അവിടത്തെ ശാന്തിക്കാരും മറ്റനേകം പരികര്‍മികളും അവിടത്തെ അക്കരദേശികരെന്നും ഇക്കരെ ദേശികരെന്നും അറിയപ്പെടുന്ന തുളു ഭാഷക്കാരാണ്.
അതിനു പുറമേ അഖിലഭാരത പ്രസിദ്ധമായ സിദ്ധിവിനായക ക്ഷേത്രവും അതിനടുത്തുണ്ട്. ക്ഷേത്രത്തിലെ ഒരു കവാടത്തിലെ മേല്പ്പടിയില് ടിപ്പു സുല്‍ത്താന്റെ വാള്‍പ്രയോഗത്തിനാലുണ്ടായ മുറിപ്പാടുകളുമുണ്ട്. കാസര്‍കോടിനടുത്തു എഡനീര്‍ മഠത്തിലെ മുന്‍ സ്വാമിയാര് കേശവാനന്ദ ഭാരതി നല്കിയ സ്വത്തുടമാവകാശ കേസ് ഉടമസ്ഥതയെ സംബന്ധിച്ചു നിര്‍ണായകമായ വിധിക്കു കാരണമായി. സുപ്രീംകോടതിയുടെ പതിമൂന്ന് ന്യായാധിപന്മാര് ഇരുന്ന ഫുള്‍ബഞ്ച് വിധി സ്വാമിയാര്‍ക്കനുകൂലമായിരുന്നു. ആ കേസ് വാദിച്ച അഭിഭാഷകന് എം.കെ. നമ്പ്യാര്‍ കിടയറ്റവനുമായിത്തീര്‍ന്നു. കാസര്‍കോട് താലൂക്ക് മലയാള സാഹിത്യത്തിലെന്നപോലെ കന്നട സാഹിത്യത്തിലെയും പ്രതിഭകളുടെ ജന്മദേശമാണ്. പി. കുഞ്ഞിരാമന് നായരെയും, കുട്ടമത്തുകുന്നിയൂര്‍ കുഞ്ഞികൃഷ്ണക്കുറുപ്പിനെയും കരുണാകരക്കുറുപ്പിനെയും സുബ്രഹ്മണ്യന് തിരുമുമ്പിനെയും മറക്കാനാവില്ല.
സാഹിത്യ അക്കാദമികള്‍ രൂപീകൃതമായപ്പോള്‍ ഓരോ ഭാഷയിലെയും ഒരു കവിശ്രേഷ്ഠനെ ആസ്ഥാന കവിയായി പ്രഖ്യാപിക്കുകയുണ്ടായി. കൈരളിയുടെ ആസ്ഥാന കവി മഹാകവി വള്ളത്തോള്‍ നാരായണ മേനോനാണെന്ന് ഒന്നാം ക്ലാസ് കുട്ടിക്കുപോലുമറിയും. എന്നാല്‍ കര്‍ണാടക ഭാഷയുടെ ആസ്ഥാന കവി കാസര്‍കോട് താലൂക്കില്‍പ്പെട്ട മഞ്ചേശ്വരം ഗോവിന്ദപൈ ആയിരുന്നുവെന്ന് എത്രപേര്‍ക്കറിയാം? അദ്ദേഹം ദിവംഗതനായിട്ടും അധികകാലമായിട്ടില്ല.
കേരളത്തിനനുവദിക്കപ്പെട്ട കേന്ദ്ര സര്‍വ്വകലാശാലയും കാസര്‍കോടിനാണ് ലഭിച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് അതു സ്ഥാപിതമായത് എന്നതിനാല്‍ കേരള സര്‍ക്കാരും തത്പരകക്ഷികളും ആ സര്‍വ്വകലാശാലയോട് ഒരുതരം പകപോക്കല്‍ സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്.
ഇസ്ലാമിക സമൂഹവും കാസര്‍കോട് വളരെ പ്രബലവും സമ്പന്നവുമാണ്. പശ്ചിമതീരത്തെ പുരാതനമായ 12 പള്ളികളിലൊന്ന് മാലിക് ദീനാര്‍ മസ്ജിദ് എന്ന ആരാധനാലയമാണ്. പശ്ചിമേഷ്യയും അറേബ്യയും മറ്റും കേന്ദ്രീകരിച്ചുള്ള ഇസ്ലാമിക ലോകവുമായി ഗാഢമായ ബന്ധവും കാസര്‍കോട്ടെ ഇസ്ലാമിക സമൂഹത്തിനുണ്ട്.
അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍ എന്ന പേരില്‍ രവീന്ദ്രന് തയാറാക്കിയ വിലപ്പെട്ട പുസ്തകം കാസര്‍കോട്ടെ ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന് പിള്ള പുറത്തിറക്കുകയുണ്ടായി. ഉന്നതവിദ്യാഭ്യാസമില്ലെങ്കിലും സ്വാനുഭവത്തില്‍നിന്നും നേടിയ പ്രജ്ഞാനവും വിജ്ഞാനവും കോര്‍ത്തൊരുക്കിയ പുസ്തകത്തില്‍ അനുഗ്രഹീതനായ ഗ്രന്ഥകാരനെയും നമുക്ക് കാണാന്‍ കഴിയുന്നു. കേരള സംസ്ഥാന ചുമതലകള്‍ വഹിച്ചിരുന്ന കെ. രാമന്‍പിള്ളയും ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിന്റെ സംഘചരിത്രം തയാറാക്കുന്നതിന് മുന്നിട്ട് ഇറങ്ങിയ പ്രാന്ത സഹകാര്യവാഹ് കെ. പി. രാധാകൃഷ്ണനായിരുന്നു ഗ്രന്ഥം ഏറ്റുവാങ്ങിയത്. കേരളത്തില്‍ സംഘപ്രവര്‍ത്തനമാരംഭിച്ചത് തിരുവനന്തപുരത്തും കോഴിക്കോട്ടുമാണെന്നാണ് പൊതുധാരണ. എന്നാല്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ് ഭാഗത്തു അതിനു മുന്‍പ് ശാഖ ആരംഭിച്ചതായി അവിടത്തെ പഴയ സ്വയംസേവകരുടെ വിവരണങ്ങളില്‍നിന്ന് സംശയമുണ്ടായി. മഹാരാഷ്ട്രയുമായി മംഗലാപുരത്തിന് നേരത്തെ വാണിജ്യ-വ്യാപാര ബന്ധം നിലനിന്നതായും, അതിലൂടെ അവിടെ 1940 ലോ അതിനു മുന്‍പോ സമ്പര്‍ക്കമുണ്ടായതായും പഴയ കാസര്‍കോട് സ്വയംസേവകര്‍ പറഞ്ഞറിയാം.
കാസര്‍കോടും ഹോസ്ദുര്‍ഗിലും നിത്യേന മംഗലാപുരത്ത് പോയി വരുന്ന വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. അവരിലൂടെ അവിടെ സംഘവുമെത്തിയെന്ന വിവരം ശരിയാണോ എന്ന് നിര്‍ണയിക്കേണ്ടതുണ്ട്. രാധാകൃഷ്ണന് മാസ്റ്ററോട് അക്കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ആയുര്‍വേദ ഡയറക്ടര്‍ ആയിരുന്ന ഡോ.കേശവന് നായര്‍ ചെറുതുരുത്തിയിലെ ആയുര്‍വേദ ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കവേ, അവിടം സന്ദര്‍ശിച്ച ജനസംഘം നേതാവും പ്രചാരകനുമായിരുന്ന രാംഭാവു ഗോഡ്ബോലേയുമായി സംസാരിക്കവേ, താന്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഡോക്ടര്‍ജിയുമായി പരിചയപ്പെട്ടതും അവിടെ ശാഖയില്‍ പോയിരുന്നതും വിവരിക്കുകയുണ്ടായി. അന്നത്തെ സംഘപ്രാര്‍ത്ഥനയും അദ്ദേഹം മറന്നിരുന്നില്ല. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥിയായി അവിടെ പഠിച്ചതും.
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 25-ാം വാര്‍ഷികത്തിനാണ് എനിക്ക് കാസര്‍കോട് പോകാന്‍ ലഭിച്ച മുമ്പത്തെ അവസരം. ആദ്യകാല സംഘ പ്രവര്‍ത്തകര്‍ക്കൊപ്പമാണന്നു താമസിച്ചത്. ഇപ്പോള്‍ അന്നത്തെ ആതിഥേയരാരും തന്നെയില്ല. അവരുടെ രണ്ടാംതലമുറക്കാരില്‍ ചിലരെ കാണാന്‍ അവസരമുണ്ടായി എന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: