Categories: Education

ബിവിഎസ്‌സി ആന്റ് എഎച്ച് അഖിലേന്ത്യാ ക്വാട്ടാ പ്രവേശനം: വിസിഐ കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ നവംബര്‍ 28 മുതല്‍

ആദ്യറൗണ്ടിലേക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 28 രാവിലെ 10 മണി മുതല്‍ 30 ന് വൈകിട്ട് 6 മണിവരെ നടത്താം. നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വൈകിട്ട് 6 മണിവരെ ചോയിസ് ഫില്ലിങ്, ലോക്കിങ് നടത്താവുന്നതാണ്.

Published by

ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്റ് അനിമല്‍ ഹസ്ബന്‍ഡറി (ബിവിഎസ്‌സി ആന്റ് എഎച്ച്) കോഴ്‌സിലേക്കുള്ള 15% അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളില്‍ പ്രവേശനത്തിന് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കൗണ്‍സലിങ് നടപടികള്‍ നവംബര്‍ 28 ന് ആരംഭിക്കും. ഒന്നാം റൗണ്ട്, രണ്ടാം റൗണ്ട്, മോപ് അപ് റൗണ്ട്, സ്‌ട്രേ വേക്കന്‍സി റൗണ്ട് എന്നിങ്ങനെ നാല് ഘട്ടമായിട്ടാണ് പ്രവേശനം. അഖിലേന്ത്യാ ക്വാട്ടയില്‍ ആകെ 748 സീറ്റുകളിലാണ് കൗണ്‍സലിങ് വഴി അഡ്മിഷന്‍ ലഭിക്കുക. കൗണ്‍സലിങ്, ചോയിസ് ഫില്ലിങ്, അലോട്ട്‌മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടികളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും www.vci.admissions.nic.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

നീറ്റ് യുജി 2022 റാങ്കുകാര്‍ക്കാണ് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാവുന്നത്. പ്രായം 17 വയസ് തികഞ്ഞിരിക്കണം. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം (എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 47.5% മതി) മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ഭാരതീയര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്.

രജിസ്‌ട്രേഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 1000 രൂപ. ഇഡബ്ല്യുഎസ്/ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് 900 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യൂഡി/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ. മോപ് അപ് റൗണ്ട് സെക്യൂരിറ്റി ഡിപ്പോസിറ്റ് ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ്/പിഐഡി വിഭാഗങ്ങള്‍ക്ക് 10,000 രൂപയും എസ്‌സി/എസ്ടി/പിഎച്ച്/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപയുമാണ്. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ആദ്യറൗണ്ടിലേക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 28 രാവിലെ 10 മണി മുതല്‍ 30 ന് വൈകിട്ട് 6 മണിവരെ നടത്താം. നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വൈകിട്ട് 6 മണിവരെ ചോയിസ് ഫില്ലിങ്, ലോക്കിങ് നടത്താവുന്നതാണ്. ആദ്യ സീറ്റ് അലോട്ട്‌മെന്റ് ഡിസംബര്‍ 5 ന് പ്രഖ്യാപിക്കും. ഡിസംബര്‍ 5-9 വരെ ബന്ധപ്പെട്ട കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം. സെക്കന്റ് റൗണ്ടിലേക്കുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 12-14 വരെയാണ്. അലോട്ട്‌മെന്റ് ഡിസംബര്‍ 17 ന്. മോപ് അപ് റൗണ്ട് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 24-26 വരെ. അലോട്ട്‌മെന്റ് ഡിസംബര്‍ 30 ന്. സ്ട്ര വേക്കന്‍സി റൗണ്ടില്‍ ജനുവരി 10-16 വരെയാണ് പ്രവേശനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by