തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ സ്ലോ പോയിസനിങ്ങിലൂടെ (കുറെശ്ശെയായി ശരീരത്തില്‍ വിഷം കയറ്റല്‍) കൊല്ലാന്‍ ശ്രമമെന്ന പരാതിയെ തുടര്‍ന്ന് ഡ്രൈവര്‍ വിനുകുമാറിന്റെ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് തുടങ്ങി.
സരിതയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. സരിത ഗുരുതര രോഗബാധിതയായി ചികിത്സതേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ചെറിയ അളവില്‍ വിഷം കലര്‍ത്തി പതിയെ മരണത്തിലേക്കെത്തിക്കാനായിരുന്നു നീക്കം. രക്തത്തില്‍ അമിത അളവില്‍ ആഴ്സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. മറ്റാരുടെയോ നിര്‍ദേശപ്രകാരം മുന്‍ ഡ്രൈവര്‍ വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. സരിതയുടെ ഇടതുകണ്ണിന്റെ കാഴ്ചയെയും ബാധിച്ചിട്ടുണ്ട്. തിരിച്ചറിയാത്ത ഒരാളെക്കൂടി ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതിലൂടെ വ്യക്തത വരുമെന്ന് ക്രൈംബ്രാഞ്ച് കണക്ക് കൂട്ടുന്നു.
മരണംവരെ സംഭവിക്കാവുന്ന അവസ്ഥയിലാണ് സരിതയുള്ളതെന്നും എഫ്ഐആറില്‍ പറയുന്നു. 2018 മുതലാണ് കൊലപാതകശ്രമം ആരംഭിച്ചത്. രോഗം ഗുരുതരമായതോടെ പലവട്ടം കീമോ തെറാപ്പിയടക്കം നടത്തി. സിബിഐക്ക് മൊഴി നല്കി മടങ്ങുമ്പോള്‍ കരമനയിലെ ഒരു കൂള്‍ബാറില്‍ വച്ച് വിനുകുമാര്‍ ജ്യൂസില്‍ എന്തോ പൊടി കലര്‍ത്തി. അന്നത് കുടിച്ചില്ല. പീഡനക്കേസില്‍ പ്രതിയായ ചിലരുമായി വിനുകുമാര്‍ ഫോണിലൂടെയും നേരിട്ടും ഗൂഢാലോചന നടത്തിയിരുന്നതായും സരിതയുടെ മൊഴിയിലുണ്ട്. പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ് വിനുകുമാറിന്റെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വിനു കുമാറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. സരിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ മൊഴി പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കൂ എന്നതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷകസംഘം. വിനുകുമാറിന്റെ ഫോണ്‍ രേഖകളും ക്രൈംബ്രാഞ്ച് എസ് പി സുനിലിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: