ന്യൂദല്‍ഹി: രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി സുപ്രീംകോടതിയില്‍ ഇ-കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പരാമര്‍ശം. 1949-ൽ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി 2015 മുതലാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്.
രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ സ്വാതന്ത്രത്തിന്റെ 75ാം വര്‍ഷത്തിലും ഭരണഘടന ഉയര്പ്പിടിച്ചുകൊണ്ടാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇ-കോടതി പദ്ധതിക്കുകീഴില്‍ നടപ്പാക്കുന്ന നാല് സംരംഭങ്ങള്‍ ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വെര്‍ച്വല്‍ ജസ്റ്റീസ് ക്ലോക്ക്, ജസ്റ്റീസ് മൊബൈല്‍ ആപ്പ് 2.0, ഡിജിറ്റല്‍ കോടതി, വെബ്സൈറ്റുകള്‍ എന്നിവയ്ക്കാണ് തുടക്കം കുറിച്ചത്. സാധാരണക്കാർക്കും നീതിന്യായ വ്യവസ്ഥകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് പ്രധാമന്ത്രി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആത്മാവ് യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവതലമുറയ്ക്കിടയിൽ അവബോധം വളർത്തിയെടുക്കാൻ സർക്കാർ സ്ഥാപനങ്ങളും നീതി ന്യായവ്യവസ്ഥയും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി20 ഉച്ചകോടിയിൽ രാജ്യത്തിന് അദ്ധ്യക്ഷ പദവി ലഭിച്ചത് വഴി ബൃഹത്തായ അവസരങ്ങളാണ് നൽകുന്നതെന്നും മോദി പറഞ്ഞു.
കോടതികള്‍ ജനങ്ങളിലേക്കെത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. പൗരകേന്ദ്രീകൃതമാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: