തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട സംഘര്‍ഷം പുതിയ തലത്തിലേക്ക്. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് അറിയിക്കുയും പാറയുമായി ലോറികള്‍ എത്തുകയും ചെയ്തതോടെയാണ് രൂക്ഷമായ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികള്‍ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി. വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങള്‍ക്ക് മുന്നില്‍ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി. അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതല്‍ ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ അനുനയിപ്പിക്കാന്‍ പൊലീസ് ബുദ്ധിമുട്ടി. തുടര്‍ന്ന് കല്ലേറും ആരംഭിച്ചു. പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ ഉറപ്പു നല്കി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് സര്‍ക്കാരിനെ കമ്പനി അറിയിച്ചത്. തുടര്‍ന്ന് ഇന്നു സാമഗ്രികളുമായി വാഹനങ്ങള്‍ എത്തിയതോടെയാണ് രൂക്ഷമായ സംഘര്‍ഷം ആരംഭിച്ചത്. ഇരുകൂട്ടരേയും പോലീസ് അടിച്ചോടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: