‘ബന്ധു ബലമില്ലെങ്കില്‍ ചന്തിബലം വേണം’ എന്ന് പറയാറുണ്ടല്ലോ. അതുപോലെയാണ് രാജസ്ഥാന്റെ അവസ്ഥ. മരുഭൂമികളും കൊടുംകാടുകളും പര്‍വതനിരകളുംകൊണ്ട് സമ്പന്നമായ നാട്. സവിശേഷ ഭൂപ്രകൃതിയും കാലാവസ്ഥയുമെല്ലാമുള്ള സംസ്ഥാനത്ത് അധികാര തര്‍ക്കം തുടങ്ങിയിട്ട് കാലമേറെയായി. പിതാവിന്റെ പേരില്‍ രാഷ്‌ട്രീയം കളിക്കുന്ന സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രിയാകണം. മുഖ്യമന്ത്രിയായ അശോക് ഗഹ്‌ലോട്ടാകട്ടെ മുഖ്യമന്ത്രിസ്ഥാനം വിട്ടൊരുസ്ഥാനം വേണ്ടെന്നും കോണ്‍ഗ്രസ് ഭരണത്തിലുള്ള ഒരേയൊരു കനപ്പെട്ട സംസ്ഥാനത്താണ് അരക്കുള്ള നാര് മുക്കാല്‍ കള്ള നാര് എന്ന് തെളിയാനുള്ള പോര്. പൈലറ്റിനാണെങ്കില്‍ ബന്ധുവില്ലാതായി. ചതിവയ്‌ക്കാന്‍ ഒരിടവും കിട്ടാത്തഗതികേടിലും.
സച്ചിന്‍ പൈലറ്റിനെ ‘ചതിയന്‍’ എന്നു വിശേഷിപ്പിച്ച് ഗഹ്‌ലോട്ട് കളം നിറയുന്നു. ആറുതവണയാണ് പൈലറ്റിനെ ചതിയനാണെന്ന് ഗഹ്‌ലോട്ട് കുറ്റപ്പെടുത്തിയത്. ”ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. 10 എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ്. പാര്‍ട്ടിയെ വഞ്ചിച്ചയാളാണ്. ചതിയനാണ്” ഗെഹ്‌ലോട്ട് ആക്ഷേപിച്ചു.
”സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകും”. 2020ല്‍ സച്ചിന്‍ പൈലറ്റ് എംഎല്‍എമാരുമായി നടത്തിയ ലഹളയെ ഓര്‍മിപ്പിച്ച് ഗെഹ്‌ലോട്ട് പറഞ്ഞു. ബിജെപി ഫണ്ട് ചെയ്ത പ്രതിസന്ധിയായിരുന്നു അതെന്നും തെളിവുകള്‍ വ്യക്തമാക്കാതെ ഗെഹ്‌ലോട്ട് തട്ടിമൂളിച്ചു.
അന്ന് രണ്ടു വര്‍ഷമായി ഉപമുഖ്യമന്ത്രി പദവിയില്‍ ഇരുന്ന പൈലറ്റ് 19 എംഎല്‍എമാരുമായി ഡല്‍ഹിക്കടുത്ത് ഫൈവ്സ്റ്റാര്‍ റിസോര്‍ട്ടില്‍ ക്യാംപ് ചെയ്താണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. ഒന്നുകില്‍ മുഖ്യമന്ത്രിയാക്കുക, അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തേക്കുപോകും. ഇതായിരുന്നു പൈലറ്റിന്റെ വെല്ലുവിളി. പിന്നീട് പൈലറ്റ് പക്ഷത്തുനിന്ന് എംഎല്‍എമാര്‍ ചാടി. 100ല്‍ അധികം എംഎല്‍എമാരുമായി ഗെഹ്‌ലോട്ട് പക്ഷവും കരുത്തു കാട്ടി. ഇതേത്തുടര്‍ന്ന് പൈലറ്റ് തോല്‍വി സമ്മതിക്കുകയായിരുന്നു. പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും അദ്ദേഹത്തിന് നഷ്ടമായി.
”ലഹളയുടെ സമയം പൈലറ്റ് ദല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്രപ്രധാന്‍, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചില എംഎല്‍എമാര്‍ക്ക് 5 കോടിയും ചിലര്‍ക്ക് 10 കോടിയും ലഭിച്ചു. ബിജെപിയുടെ ഡല്‍ഹി ഓഫിസില്‍നിന്നാണ് പണം നല്‍കിയത്. കോണ്‍ഗ്രസിന്റെ ദൂതന്മാര്‍ക്ക് കൂടിക്കാഴ്ചയ്‌ക്ക് അവസരം നല്‍കാതിരുന്ന പൈലറ്റ് അന്ന് ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി” ഗെഹ്‌ലോട്ട് ആരോപിച്ചു.
കാശുകിട്ടിയാല്‍ കൂടുമാറാന്‍ ഒരുങ്ങിനില്‍ക്കുന്നവരുടെ പിന്തുണയോടെയാണ് താന്‍ കസേരയിലിരിക്കുന്നതെന്ന് തുറന്ന സമ്മതമാണ് ഗഹ്‌ലോട്ട് നടത്തിയത്. എഐസിസി പ്രസിഡന്റാകാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ആഗ്രഹിച്ച ഗഹ്‌ലോട്ട്, അതിനെ തട്ടിമാറ്റിയാണ് മുഖ്യമന്ത്രിയായി തുടരുന്നതെന്ന സത്യം ബാക്കി. സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി നിയമിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാന്‍ പര്യടനം തടയുമെന്ന ഗുര്‍ജന്‍ നേതാവിന്റെ ഭീഷണിയും ഇതിനിടയില്‍ ഉയര്‍ന്നു. ‘രാഹുലിന്റെ യാത്രയ്‌ക്ക് എന്തിന് ദോഷം വരുത്തുന്നു?’ എന്നതാണ് സച്ചിന്‍ പൈലറ്റിന്റെ ചോദ്യം.
ഗുര്‍ജര്‍ നേതാവ് വിജയ് സിങ് ബെയ്ന്‍സ്‌ല ആണ് വിഡിയോ ആയി മുന്നറിയിപ്പ് നല്‍കിയത്. ”നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കി. ഇനി ഒരു വര്‍ഷം കൂടി ബാക്കിയുണ്ട്. ഇപ്പോള്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം. അതു സംഭവിക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയെ ഇവിടെ സ്വാഗതം ചെയ്യും. അല്ലെങ്കില്‍ എതിര്‍ക്കും” ഇതായിരുന്നു ബെയ്ന്‍സ്‌ലയുടെ മുന്നറിയിപ്പ്. സച്ചിനുവേണ്ടി മുന്‍പും വാദിച്ചിരുന്ന ബെയ്ന്‍സ്‌ല മഹാരാഷ്‌ട്രയിലെ യാത്രയില്‍ സച്ചിന്‍ പങ്കെടുക്കാനിരിക്കെയാണ് ഭീഷണി പരാമര്‍ശം നടത്തിയത്.
2019ല്‍ അധികാരത്തില്‍ കയറുമ്പോള്‍ ഗുര്‍ജര്‍ സമൂഹത്തിനു നല്‍കിയ കരാറാണ് സമുദായത്തില്‍നിന്ന് ഒരു മുഖ്യമന്ത്രിയെന്നതെന്ന് ദേശീയ മാധ്യമത്തോടു സംസാരിക്കവെ ബെയ്ന്‍സ്‌ല പറഞ്ഞു. ”ഞങ്ങളുടെ മുന്നില്‍ അവര്‍ വാതില്‍ അടയ്‌ക്കുകയാണ്. അന്നു പറഞ്ഞതുപോലെ കാര്യങ്ങള്‍ നടത്തിക്കിട്ടണം. ഞങ്ങള്‍ ആരെയും തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ല. ഇനി എത്രകാലം കൂടിയാണ് ഞങ്ങള്‍ കാത്തിരിക്കേണ്ടത്. ഒരു വഴക്കിലേക്കോ സംഘര്‍ഷത്തിലേക്കോ നമ്മള്‍ എന്തിനാണ് പോകുന്നത്? ഈ കാര്യങ്ങള്‍ രാഹുലിലേക്ക് എത്തണം. എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതാണ് ഗുര്‍ജറിന്റെ അഭിപ്രായം.
അശോക് ഗഹ്‌ലോട്ട്, സച്ചന്‍ പൈലറ്റ് തര്‍ക്കം കൈവിട്ടു പോകുന്ന തലത്തിലേക്ക് എത്തിയിരിക്കുകയാണ് ബെയ്ന്‍സ്‌ലയുടെ ഭീഷണിയോടെ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തുനിന്ന്, കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്ന സമുദായ നേതാവിന്റെ പരാമര്‍ശം രാഹുലിനെയും ഭാരത് ജോഡോ യാത്രയെയും മാത്രമല്ല അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സംസ്ഥാന കോണ്‍ഗ്രസിന്റെ തയാറെടുപ്പുകളെയും ബാധിക്കും. ഇന്ത്യയെ ഏകീകരിക്കാനുള്ള യാത്രയ്‌ക്കു പകരം കോണ്‍ഗ്രസിനെ ഏകീകരിക്കാനുള്ള യാത്രയാണ് രാഹുല്‍ നടത്തേണ്ടതെന്ന് ബിജെപി പരിഹസിക്കുന്നുണ്ട്.
അതിനിടെ കാല്‍നടയാത്രയ്‌ക്കിടയില്‍ ചെരുപ്പുകിട്ടിയതിന്റെ മാഹാത്മ്യം വിളമ്പുകയായിരുന്നു രാഹുല്‍. ചെറുപ്പത്തില്‍ അമ്മ സോണിയയോട് താന്‍ സുന്ദരനാണോ എന്ന് ചോദിച്ചപ്പോള്‍ ‘ശരാശരി മാത്ര’മെന്നാണ് ഉത്തരം നല്‍കിയതെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്‌ക്കിടെ സംദിഷ് ഭാട്ടിയ എന്ന യൂട്യൂബര്‍ രാഹുല്‍ സുന്ദരനാണ് എന്ന് പറഞ്ഞപ്പോഴാണ് ഇക്കാര്യം അദ്ദേഹം പറയുന്നത്.
”എന്റെ അമ്മ അങ്ങനെയാണ്. നമ്മള്‍ ഏത് സ്ഥാനത്താണ് എന്ന് അവര്‍ വ്യക്തമായി പറഞ്ഞു തരും. എന്റെ അച്ഛനും… എന്റെ കുടുംബം മുഴുവന്‍ അങ്ങനെയാണ്.”–രാഹുല്‍ പറഞ്ഞു. ”യാത്രയ്‌ക്കിടയില്‍ ധരിക്കാനുള്ള ഷൂസ് ഞാന്‍ വാങ്ങാറുണ്ട്. ചിലപ്പോള്‍ അമ്മയും സഹോദരിയും അയച്ചു തരും. എന്റെ ചില രാഷ്‌ട്രീയ സുഹൃത്തുക്കളും എനിക്ക് ഷൂ സമ്മാനിച്ചിട്ടുണ്ട്.’–രാഹുല്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് ആരെങ്കിലും ഷൂസ് അയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അവര്‍ തനിക്ക് നേരെ അത് എറിയുന്നുവെന്നാണ് രാഹുലിന്റെ മറുപടി. ‘ഭയപ്പെട്ടകാട്ടില്‍ ഇളകിയതെല്ലാം പുലി’ എന്ന മട്ടിലുള്ള പെരുമാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: