കാനറികളുടെ ചിറകടി
അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഇന്ന് ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ കാനറികള്‍ക്ക് എതിരാളികള്‍ യൂറോപ്യന്‍ കരുത്തരും റാങ്കിങ്ങില്‍ 21-ാം സ്ഥാനക്കാരുമായ സെര്‍ബിയ. ഇന്ത്യന്‍ സമയം രാത്രി 12.30ന് കിക്കോഫ്.
മുന്നേറ്റത്തില്‍ നെയ്മറിനൊപ്പം ഗബ്രിയേല്‍ ജിസ്യൂസോ റിച്ചാര്‍ലിസണോ ആയിരിക്കും ഇറങ്ങുക. വിനീഷ്യസ് ജൂനിയര്‍, ആന്റണി, റാഫിഞ്ഞ തുടങ്ങിയവരും മികച്ച സ്ട്രൈക്കര്‍മാര്‍ തന്നെ. ലൂക്കാസ് പക്വേറ്റയും കാസിമെറോയും ഫ്രെഡും ഫാബിയാനോയും ഉള്‍പ്പെടുന്ന മധ്യനിര. 38-ാം വയസ്സിലും ലോകകപ്പ് കളിക്കാനിറങ്ങുന്ന തിയാഗോ സില്‍വയാണ് പ്രതിരോധത്തിലെ കരുത്തന്. കൂട്ടായി ഡാനിലോ, ഡാനി ആല്‍വസ്, മാര്‍ക്വീഞ്ഞോസ്, എഡര്‍ മിലിറ്റാവോ. ഗോള്‍വലയ്ക്ക് മുന്നില്‍ അലിസണ് ബെക്കര്‍. അപരാജിതരായി 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. അതില്‍ 12 ജയവും മൂന്ന് സമനിലയുമാണ്.
സെര്‍ബിയയുടേത് 12-ാം ലോകകപ്പാണ്. അലക്സാണ്ടര്‍ മിട്രോവിച്ചും ലൂക്ക ജോവിച്ചുമടങ്ങുന്ന സ്ട്രൈക്കര്‍മാരാണ് കരുത്ത്. മധ്യനിരയില്‍ നായകന് ഡുസാന്‍ ടാഡിച്ചിന്റെ നേതൃത്വത്തില്‍ നെമന്‍ജ മാക്സിമോവിച്ച്, നെമന്‍ജ ഗുഡേയി, നെമന്‍ജ റാഡോനിച്ച്, ഫിലിപ്പ് കോസ്റ്റിച്ച് തുടങ്ങിയവര്‍. പ്രതിരോധത്തില്‍ നിക്കോള മിലന്‍കോവിച്ച്, മിലോസ് വെല്‍കോവിച്ച്, സ്രദാന്‍ ബാബിച്ച്, സ്റ്റെഫാന്‍ മിട്രോവിച്ച്… ഗോള്‍വലയ്ക്ക് മുന്നില്‍ മാര്‍കോ ഡിമിട്രോവിച്ച്.
സ്വിസ്-കാമറൂണ്‍ പോര്
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന കാമറൂണിനെ നേരിടും. അല്‍ വഖ്രയിലെ അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 3.30നാണ് കളി.
ഹാരിസ് സെഫ്രോവിച്ച്, ബ്രീല്‍ എംബോളോ, റൂബന്‍ വര്‍ഗാസ് എന്നിവരാണ് സ്വിസ് ടീമിലെ പ്രധാന സ്ട്രൈക്കര്‍മാര്‍. മധ്യനിരയില്‍ ഷെര്ദാന് ഷാക്കീരി, നായകന് ഗ്രാനിറ്റ് ഷാക്ക, ഡെനിസ് സകാരിയ, റിമോ ഫ്ര്യൂലര്‍. റിക്കാര്‍ഡോ റോഡ്രിഗസ് പ്രതിരോധനിരയെ നയിക്കും. ഫാബിയന്‍ സ്കാര്‍, നികോ എല്വേഡി, സില്‍വന്‍ വിഡ്മെര്‍ എന്നിവരും തുണ നില്ക്കും. ഗോള്‍വലയ്ക്ക് മുന്നല്‍ പരിചയ സമ്പന്നനായ യാന്‍ സൊമ്മര്‍.
കാമറൂണ്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക നായകന് വിന്‍സെന്റ് അബുബക്കര്‍, എറിക് മാക്സിം മോടിങ് എന്നിവരായിരിക്കും. മധ്യനിരയില്‍ ആന്‍ഡ്രെ ഫ്രാങ്ക് സാംബോ, പിയറി കുണ്ടെ, സാമുവല്‍ ഗൊയറ്റ്, മാര്ട്ടിന് ഹൊഗ്ല എന്നിവരും പ്രതിരോധത്തില്‍ കോളിന്‍സ് ഫെയ്, നിക്കോളാസ് എന്കോളു, ജീന്‍ ചാള്‍സ്, നോഹു ടോളോ എന്നിവരും ഇറങ്ങിയേക്കും. ഗോള്‍വലയ്ക്ക് മുന്നില്‍ ആന്‍ഡ്രെ ഒനാന ഇറങ്ങാനാണ് സാധ്യത.
ഉറുഗ്വെയ്ക്ക് ഏഷ്യന്‍ വെല്ലുവിളി
ഖത്തറിലെ എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ലാറ്റിനമേരിക്കന്‍ കൊമ്പന്മാരായ ഉറുഗ്വെ എഷ്യയിലെ കരുത്തന്മാരായ ദക്ഷിണകൊറിയയുമായി ഏറ്റുമുട്ടുന്നു. മത്സരം വൈകിട്ട് 6.30ന്… 1930ലും 50ലും ലോകചാമ്പ്യന്മാരായ ഉറുഗ്വെ താരപ്പൊലിമയില്‍ ഒട്ടും പിന്നിലല്ല. ലൂയിസ് സുവാരസും എഡിസണ് കവാനിയും പേരുകേട്ട പോരാളികള്‍. ഡാര്വിന് നുനസ്, ഫെഡെ വാല്വെര്ദെ, ഫാക്കുന്‍ഡോ പെല്ലിസ്ട്രി… ഇതിഹാസ പാരമ്പര്യത്തിന്റെ പിന്മുറക്കാര്. കോച്ച് ഡീഗോ അലന്‍സോയുടെ തന്ത്രങ്ങള്‍… സെന്റര്‍ ബാക്ക് ജോഡി ഡീഗോ ഗോഡിന്, ജോസ് മരിയ ഗിമന്‍സ്…
ചാട്ടുളി മുന്നേറ്റങ്ങള്‍ കൊണ്ട് ലോകത്തെ വമ്പന്മാരെ അമ്പരപ്പിച്ചതിന്റെ പ്രൗഢിയാണ് ദക്ഷിണകൊറിയയുടേത്. ചിരിക്കുന്ന വില്ലന്‍ എന്ന് യൂറോപ്യന്‍ കളിക്കമ്പക്കാര്‍ വിളിച്ച സണ്‍ ഹ്യുങ് മിന് ആണ് സൂപ്പര്‍താരം. കളം നിറയാന്‍ കരുത്തുള്ള നാപ്പോളിയുടെ ഡിഫന്‍ഡര്‍ കിം മിന് ജെയ്, മിഡ് ഫീല്‍ഡര്‍ ലീ കാങ് ഇന്‍… തങ്ങളുടേതായ ദിവസങ്ങള്‍ മെനയാന്‍ കരുത്തുള്ളവരാണ് ദക്ഷിണ കൊറിയ…
പറങ്കിപ്പടയിറക്കം
രാത്രി 9.30ന് 974 സ്റ്റേഡിയത്തില്‍ പറങ്കിപ്പടയിറക്കം. എതിരാളികള്‍ ഘാന. ആരാധകപ്പകിട്ടേറെയുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങുന്ന പോര്‍ച്ചുഗല്‍ പെരുമയില്‍ മെരുക്കാനാവുന്ന കരുത്തല്ല ഘാനയുടേതെന്ന് മുന്‍ മത്സരങ്ങള്‍ സാക്ഷ്യം പറയും. മുപ്പത്തൊമ്പതുകാരനായ പെപ്പെ പറങ്കികളുടെ പ്രതിരോധനിരയ്ക്ക് കാവല്ക്കരുത്താകും. അന്റോണിയോ സില്‍വയും നുനോ മെന്‍ഡസും കോട്ട കെട്ടി കൂട്ടുനില്‍ക്കും. മധ്യനിരയില്‍ വിറ്റിഞ്ഞ, റൂബന്‍ നെവേഴ്സ്, പാലീഞ്ഞ തുടങ്ങിയവര്‍. മുന്നേറ്റനിരയില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ…കരുത്തന്മാരായ ആന്ദ്രേ സില്‍വയും ഗോണ്‍സാലോ റാമോസും തുണയേകും.
ഘാനയ്ക്ക് കളത്തില്‍ ആനക്കരുത്താണ്. ക്യാപ്റ്റന്‍ ആന്ദ്രേ അയ്വൂ മധ്യനിരയില്‍ കളിയൊരുക്കും. അനുജന് ജോര്‍ദാന്‍ അയ്വൂ മുന്നേറ്റത്തില്‍ പട നയിക്കും. കളിപ്പെരുമയില്‍ പറങ്കികള്‍ക്ക് ഒട്ടും പിറകിലല്ല ആഫ്രിക്കന്‍ പോരാളികള്‍. മുഹമ്മദ് കുഡുസ്, കോഫി ക്യറേഹ്, അബ്ദുള്‍ ഫതാവു, ഒസ്മാന്‍ ബുഖാരി…. എണ്ണം പറഞ്ഞ താരങ്ങള്‍…. അലിദു സെയ്ദുവും മുഹമ്മദ് സാലിസുവും ജോസഫ് ഐദൂവും കാവല്‍ നില്ക്കുന്ന പ്രതിരോധം… 974ല്‍ പോരാട്ടത്തിന് 916 ആകും ചാരുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: