ഗുവാഹത്തി : മേഘാലയ അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായതില്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് അസം. കേന്ദ്ര സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലാണ് അസം ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അതിര്‍ത്തിയിലാണ് അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയ സ്വദേശികളും വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം അസം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനംവകുപ്പ് തടഞ്ഞപ്പോഴാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് അസം പ്രതികരിച്ചത്. ഇതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിടുകയും ചെയ്തിരുന്നു. ഇത്കൂടാതെ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന അന്വേഷണം അംഗീകരിക്കാമെന്നും അസം അറിയിച്ചിട്ടുണ്ട്.
അസം- മേഘാലയ അതിര്‍ത്തിയിലെ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ മേഘാലയ മുഖ്യമന്ത്രി കൊര്‍ണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സംഭവത്തെ കുറിച്ച് സിബിഐയോ എന്‍ഐഎയോ അന്വേഷണം നടത്തണമെന്നാണ് മേഘാലയയുടെ ആവശ്യം. കേന്ദ്ര ഏജന്‍സിയോ നിഷ്പക്ഷ സമിതിയോ സംഭവം അന്വേഷിക്കണമെന്ന് അസമും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ ഒരു അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയില്‍ നിന്നുള്ള അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി മേഖലയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. തടി മുറിച്ച് കടത്തിയവരെ അസം വനം വകുപ്പ് പിടികൂടി. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ ഓഫീസ് വളഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. വെസ്റ്റ് ജയന്തി ഹില്‍സ് മേഖലയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മേഘാലയ സ്വദേശികള്‍. അസം വനംവകുപ്പിലെ ഹോം ഗാര്‍ഡാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: