നേപിയര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടി20 മഴ മൂലം തടസപ്പെട്ടതോടെ ലക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം ടൈ ആയി. ഇതോടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായി. ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോള്‍ രണ്ടാം ടി 20 യില്‍ വിജയം നേടിയതാണ് ഇന്ത്യക്ക് പരമ്പര നേട്ടത്തിന് തുണയായത്. മൂന്നാം പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് വീശവെയാണ് മഴ എത്തിയത്. കളി തടസപ്പെടുമ്പോള്‍ ഇന്ത്യ ഒമ്പത് ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലായിരുന്നു. കൃത്യമായി ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് ഒമ്പത് ഓവറില്‍ വേണ്ടത് 75 റണ്‍സ് ആയിരുന്നു.
ഇതേത്തുടര്‍ന്നാണ് മത്സരം ടൈ ആയത്. 18 പന്തില്‍ 30 റണ്‍സുമായി നായകന് ഹര്‍ദ്ദിക്ക് പാണ്ഡ്യയും 9 പന്തില്‍ 9 റണ്‍സുമായി ദീപക്ക് ഹൂഡയും പുറത്താകാതെ നിന്നു. ഇത്തവണയും മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടംകിട്ടിയില്ല. ഓപ്പണര്‍മാരായ ഇഷാന് കിഷനും ഋഷഭ് പന്തും നിരാശപ്പെടുത്തി. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായിരുന്നു. ഇഷാന് കിഷന് 11 പന്തില്‍ 10 ഉം ഋഷഭ് പന്ത് 5 പന്തില്‍ 11 ഉം റണ്‍സ് നേടി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവ് 10 പന്തില്‍ 13 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യരാകട്ടെ ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.
3 ഓവറില്‍ 27 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടിയ ടിം സൗത്തിയാണ് കിവി ബൗളര്‍മാരില്‍ ഏറ്റവും തിളങ്ങിയത്. നേരത്തെ ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ 160 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ചുറികളോടെ ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സുമാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷദീപ് 37 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ പേരിലെഴുതിയത്. സൂര്യകുമാര്‍ യാദവ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റും മുഹമ്മദ് സിറാജ് മാന്‍ ഓഫ് ദ മാച്ചുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: