ന്യൂദല്‍ഹി: യുവജനങ്ങള്‍ക്കു കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ഇന്ന് 71,000 പേര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമന ഉത്തരവു നല്‍കും. തൊഴില്‍ മേളയുടെ ഭാഗമായി, രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉത്തവുകള്‍ കൈമാറുക. തുടര്‍ന്ന് പുതുതായി നിയമിച്ചവരെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം അവര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടിയായ കര്‍മയോഗി പ്രാരംഭ് ഉദ്ഘാടനം ചെയ്യും. ഒക്ടോബറില്‍ പ്രധാനമന്ത്രി 75,000 പേര്‍ക്കു നിയമന ഉത്തരവുകള്‍ നല്‍കിയിരുന്നു.
ഇന്നു രാജ്യത്തെ 45 കേന്ദ്രങ്ങളില്‍ 71,000 പേര്‍ക്കും നിയമന ഉത്തരവുകള്‍ നേരിട്ടു കൈമാറും. ഒക്ടോബറില്‍ നികത്തിയ ഒഴിവുകള്‍ക്കു പുറമേ അധ്യാപകര്‍, ലക്ചറര്മാര്, നഴ്സുമാര്‍, നഴ്സിങ് ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, റേഡിയോഗ്രാഫര്‍മാര്‍, പാരാമെഡില്‍ ജീവനക്കാര്‍ തുടങ്ങിയ ഒഴിവുകളിലാണ് ഇന്നു നിയമന ഉത്തരവുകള്‍ നല്‍കുക. കേന്ദ്ര സായുധ പോലീസിലെ നിരവധി ഒഴിവുകളും ഇങ്ങനെ നികത്തുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പുതുതായി നിയമനം ലഭിച്ചവര്‍ക്ക് പെരുമാറ്റച്ചട്ടം, ജോലി സ്ഥലത്തെ പെരുമാറ്റം, സത്യസന്ധത, മനുഷ്യ വിഭവശേഷി നയങ്ങള്‍ തുടങ്ങിവ ഓണ്‍ലൈനായി പകര്‍ന്നു കൊടുക്കാനാണ് കര്‍മയോഗി പ്രാരംഭ് മൊഡ്യൂള്‍. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് യുവജനങ്ങള്‍ക്ക് കൈമാറുന്ന തൊഴില്‍ മേളകള്‍ക്ക് രാജ്യവികസനത്തില്‍ വലിയ പങ്കുണ്ടെന്നാണ് മോദി സര്‍ക്കാര്‍ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: