ബംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മംഗളൂരു ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ മംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം നടത്തിയതിനു പിന്നില്‍ ഐഎസ് ബന്ധമെന്ന് എഡിജിപി അലോക് കുമാര്‍. സ്ഫോടനം നടത്തിയ ഷരീഖ് എന്ന വ്യക്തി 2020ല്‍ തീവ്രവാദക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ്. വ്യാജപേരുകളിലാണ് ഇയാള്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കിയത്. ഷരീഖ് കേരളത്തിലും തമിഴ്നാട്ടിലും സ്ഫോടനവുമായി ബന്ധപ്പെട്ട് ആസൂത്രണം നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഷരീഖ് ആലുവയില്‍ എത്തിയിതായി കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം തുടങ്ങി. ആമസോണില്‍ നിന്ന് സ്ഫോടനത്തിന് സഹായകമാകുന്ന ചില സാധനങ്ങള്‍ ആലുവയില്‍ നിന്നാണ് ഇയാള്‍ക്ക് ലഭിച്ചതെന്നാണ് സൂചന. ഓട്ടോയില്‍ കുക്കറിനുള്ളില്‍ ബോംബ് സ്ഥാപിച്ചാണ് പ്രതി സ്ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. പൊള്ളലേറ്റ് പ്രതി ഷരീഖും ചികിത്സയിലാണ്. ബന്ധുക്കള്‍ ആശുപത്രിലെത്തി പൊള്ളലേറ്റ ഷരീഖിനെ സന്ദര്‍ശിച്ചു. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കൂടാതെ മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. ഓട്ടോറിക്ഷാ സ്ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് പത്തിലധികം മൊബൈല്‍ ഫോണുകള്‍ നല്‍കിയതായി പ്രതികള്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് 4.30ന് നാഗോറിക്ക് സമീപം ഗരോഡിയിലാണ് സംഭവം. പ്രേംരാജ് കനോഗി എന്നയാള്‍ ഓട്ടോറിക്ഷയില്‍ കയറി ഡ്രൈവറോട് പമ്പ്വെല്ലിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അതിനിടയിലാണ് സ്ഫോടനമുണ്ടായത്. യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന വസ്തുവില്‍ നിന്ന് തീ പടര്‍ന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് ഡ്രൈവര്‍ നല്കിയ മൊഴി. സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്നും സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഓട്ടോയില്‍ നിന്ന് കുക്കറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതിനകത്താണ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നതെന്നാണ് പോലീസ് കരുതുന്നത്. ഓട്ടോറിക്ഷയുടെ ചില ഭാഗങ്ങള്‍ കത്തിനശിച്ചു. സംഭവത്തില്‍ പരിക്കേറ്റ യാത്രക്കാരനും ഡ്രൈവറും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധവും അവ്യക്തവുമായ മറുപടികളാണ് പ്രേംരാജ് നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഹിന്ദിയില്‍ മാത്രം സംസാരിച്ച യാത്രക്കാരന് മൈസൂരുവില്‍ നിന്നാണ് എത്തിയതെന്ന് അവകാശപ്പെടുകയും സഹോദരന്റെ ഫോണ്‍ നമ്പര്‍ പോലീസിന് നല്‍കുകയും ചെയ്തു. ചോദ്യം ചെയ്ത യാത്രക്കാരനെ തനിക്ക് അറിയില്ലെന്ന് കോള്‍ എടുത്ത വ്യക്തി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: