ഡോ.പി.കെ.രാജഗോപാല്‍ അഷ്ടമുടി
(ക്ഷേത്ര ഭരണത്തിലെ രാഷ്ട്രീയമെന്ന വിഷയത്തില്‍ പിഎച്ച്ഡി നേടിയയാളാണ് ലേഖകന്‍)
കാനന ക്ഷേത്രമായ ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം തീര്‍ത്ഥാടക ബാഹുല്യത്താല്‍ ലോക പ്രശസ്തമാണ്. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന ഈ ക്ഷേത്രം ജാതി, മത ചിന്തകള്‍ക്കതീതമായി, ധര്‍മ്മശാസ്താവില്‍ വിശ്വസിക്കുന്ന എല്ലാ തീര്‍ത്ഥാടകരെയും സ്വാഗതം ചെയ്യുന്നു. 1950ല്‍ ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമായതോടെ പ്രധാന ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ ശബരിമലയും ബോര്‍ഡ് നിയന്ത്രണത്തിലായി. സര്‍ക്കാര്‍ വിലാസം സംഘടനയായി ദേവസ്വം ബോര്‍ഡുകള്‍ മാറിയതോടെ രാഷ്ട്രീയ താല്പര്യങ്ങള് മതപരമായ താല്പര്യങ്ങള്ക്കുമുകളില് സ്ഥാനം നേടി. കുറെ രാഷ്ട്രീയക്കാരെ അവരോധിക്കാനുള്ള താവളങ്ങളായി ബോര്‍ഡുകള്‍ മാറി. ദേവസ്വം ബോര്‍ഡുകളില്‍ രാഷ്ട്രീയക്കാരെ കുത്തിനിറച്ചപ്പോള്‍ ശബരിമലയടക്കമുള്ള മഹാക്ഷേത്രങ്ങള്‍ അവരുടെ രാഷ്ട്രീയകളികളുടേ വേദികളായി. മുറിപ്പെട്ടത് ക്ഷേത്രവിശ്വാസികളുടെ വികാരങ്ങളാണ്.
കോടിക്കണക്കിന് ഭക്തരാണ് ഭഗവാനെ ദര്‍ശിക്കാനായി ഈ പുണ്യഭൂമിയിലെത്തുന്നത്. എന്നാല്‍ ശുചിത്വം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങളടക്കം ഭക്തര്‍ക്ക് ആവശ്യമായതൊക്കെ നല്കുന്നതില് ബോര്‍ഡ് പരാജയപ്പെട്ടു എന്നത് ഒരു യാഥാര്‍ഥ്യമായി നമ്മുടെ മുന്പിലുണ്ട്. ദശലക്ഷക്കണക്കിന് ഭക്തരുടെ ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ധാര്‍മ്മിക ബാധ്യതയുള്ള ദേവസ്വം ബോര്‍ഡ് അധികാരികള്‍ ക്ഷേത്ര ആചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചത് ദേവസ്വം നിയമങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടായിരുന്നു. ദര്‍ശനത്തിനായി കാത്തുനില്ക്കുന്ന ഭക്തര്‍ക്ക് വെയിലും മഴയും ഏല്ക്കേണ്ടിവരുന്നു. നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ട്രെക്കിംഗ് ചരിവുകളില്‍ 12 മുതല്‍ 18 മണിക്കൂര്‍ വരെ നീണ്ട വരികളില്‍ നില്ക്കാന് നിര്‍ബന്ധിതരാകുന്ന കാഴ്ച നാം കണ്ടതാണ്. ദര്‍ശനത്തിനെത്തിയ അയ്യപ്പന്മാരെ സന്നിധാനത്തു തടഞ്ഞതും വിരിവയ്ക്കാന്പോലും അനുവദിക്കാതെ പീഡിപ്പിച്ചതും നാം കണ്ടതാണ്.
ഭക്തരുടെ എണ്ണം പ്രതിവര്‍ഷം 15% ക്രമാനുഗതമായി വളരുന്നുവെന്നും അടുത്ത 50 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട്, ആസൂത്രണ മികവോടെ തയ്യാറെടുപ്പ് നടത്തണമെന്നും ഭരണാധികാരികള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാസമാജം പോലുള്ള സേവന ഗ്രൂപ്പുകളും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. നിരവധി സംഘടനകളുടെയും സര്‍ക്കാരിന്റെയും വ്യക്തികളുടെയും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുണ്ടായിട്ടും ചില ദുരന്തങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട് എന്നത് ഈ പശ്ചാത്തലത്തില്‍ ഓര്‍ക്കേണ്ടതാണ്. 2000 ജനുവരിയില്‍ പമ്പാ കുന്നിന് മുകളില്‍ തിക്കിലും തിരക്കിലും പെട്ട് 52 തീര്‍ത്ഥാടകരുടെ ജീവന് അപഹരിച്ചു. പുല്ലുമേട്ടില്‍ വന്ഭക്തജനത്തിരക്കിലുണ്ടായ ദുരന്തവും മറക്കാവുന്നതല്ല. മതിയായ സ്ഥലം ലഭ്യമാക്കിയില്ലെങ്കില്‍ തിക്കും തിരക്കും മറ്റ് അനഭിലഷണീയ സാഹചര്യങ്ങളും തടയാന്‍ കഴിയില്ല.
പരിസ്ഥിതിയെ സംരക്ഷിച്ച് വികസനം
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ശബരിമലയില്‍ നിരവധി പ്രശ്നങ്ങളുണ്ട്. കാനന ക്ഷേത്രത്തോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന വിവേചനമാണ് ഏറ്റവും വലിയ പ്രശ്നം. ശബരിമല തീര്‍ത്ഥാടന കാലത്ത് വില്‍പ്പന നികുതി, വാഹന നികുതി തുടങ്ങിയ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് അന്പതുകോടി രൂപയിലധികം വരുമാനം ലഭിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. കേരളത്തിന്റെ സാമ്പത്തിക നിലയ്ക്ക് ഉണര്‍വുണ്ടാകുന്നത് മണ്ഡലകാലം ആരംഭിക്കുന്നതോടെയാണ്. കേരളത്തിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ വഴിനീളെ ചെലവിടുന്ന പണം അത്രത്തോളം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുന്നു. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മറച്ചു വച്ചുകൊണ്ട് ക്ഷേത്രത്തിലേക്കുള്ള റോഡ് നവീകരണത്തിനടക്കം ചെലവായ തുകയുടെ കണക്കുമായി സര്‍ക്കാര്‍ എത്തുന്നത് പരിഹാസ്യമാണ്. തീര്‍ത്ഥാടനകാലത്തെ ക്രൂരമായി മുതലെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ യാത്രചെയ്യുന്ന അയ്യപ്പമാരെ വന്‍ നിരക്ക് ഈടാക്കി പീഡിപ്പിക്കുന്നതടക്കം ഇത്തരം പ്രവൃത്തികളാണ്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ട്രെക്കിംഗ് പാതകള്‍ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ദ്രുത ഷട്ടില്‍ ബസ് സര്‍വീസുകള്‍ സ്ഥാപിക്കുക, ക്ഷേത്രത്തിലേക്കുള്ള ചരക്കുകളുടെയും സാധനങ്ങളുടെയും ഗതാഗതത്തിനും അടിയന്തര ആവശ്യങ്ങള്‍ക്കും റോപ്പ് വേ സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ നിര്‍ദ്ദേശങ്ങള്‍ മാത്രമായി ഇന്നും നിലനില്ക്കുന്നു. പ്രകൃതി സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ശബരിമലയുടെ പരിസര പ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ പാലിക്കപ്പെടുന്നില്ലെന്ന് വ്യക്തമാണ്. പരിസ്ഥിതി സംരക്ഷണം അയ്യപ്പന്മാരുടെ ധര്‍മ്മമായി കാണണം. ശബരിമലയുടെ പാരിസ്ഥിതിക പശ്ചാത്തലം സംരക്ഷിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. പാരിസ്ഥിതിക സംരക്ഷണം, പാരിസ്ഥിതിക അനുസരണം, സുസ്ഥിര വികസന തന്ത്രങ്ങള്‍ തിരഞ്ഞെടുക്കല്‍, നമുക്ക് സമ്മാനിച്ച പാരിസ്ഥിതിക സമ്പത്തിന്റെ സംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്.
കമ്മീഷന് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു
ശബരിമലയിലെ തീര്‍ത്ഥാടകര്‍ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുന്ന നിരവധി കമ്മീഷന് റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. ജസ്റ്റിസ് ചന്ദ്രശേഖര്‍ മേനോന് കമ്മീഷന്, എ.വി.താമരാക്ഷന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി നിയമസഭാ സമിതി, ഭൂട്ടാ സിങ്ങിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി എന്നിവയുള്‍പ്പെടെ നിരവധി കമ്മിറ്റികള്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശ ചെയ്തു. മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള നിലവിലെ സംവിധാനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ശുചിത്വമില്ലായ്മ, വൃത്തിഹീനമായ കുടിവെള്ളം, വൃത്തിഹീനമായ ഭക്ഷണം, അപര്യാപ്തമായ ശുചിമുറി സൗകര്യങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ശബരിമലയ്ക്ക് ദേശീയ തീര്‍ഥാടന കേന്ദ്രമെന്ന പദവി ഭൂട്ടാ സിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ അപര്യാപ്തതകളില്‍ ഉഴറുന്നതിനാല് ഈ പദവിയിലേക്കെത്താന്‍ കഴിയുന്നില്ല. ശബരിമല ക്ഷേത്ര ഭരണത്തിനായി വനംവകുപ്പ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, തന്ത്രി, പന്തളം രാജകുടുംബം പ്രതിനിധികള്‍ എന്നിവരടങ്ങുന്ന ഒമ്പതംഗ സ്റ്റാറ്റിയൂട്ടറി ബോര്‍ഡിനെയാണ് ചന്ദ്രശേഖര മേനോന് കമ്മിറ്റി നിര്‍ദേശിച്ചത്.
കെഎഫ്ആര്എയുടെ പഠനറിപ്പോര്‍ട്ട് പ്രകാരം വരുമാനം അടിസ്ഥാനമാക്കിയുള്ള തന്ത്രത്തിന് പകരം തീര്‍ഥാടക കേന്ദ്രീകൃത തന്ത്രമാണ് ദേവസ്വം ബോര്‍ഡ് സ്വീകരിക്കേണ്ടത്. ഈ സമിതികളുടെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവഗണിച്ചു. ശബരിമലയിലെ ജലവിതരണത്തിന്റെ പ്രധാന സ്രോതസ്സ് പമ്പാ നദിയാണ്. ഉത്സവ സീസണില്‍ ധാരാളം തീര്‍ഥാടകര്‍ അവിടെ ഒത്തുകൂടുന്നതിനാല്‍ നദിയിലെ മലിനീകരണം തടയാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പദ്ധതികളൊന്നും ഫലവത്താകുന്നില്ല. ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്കായി ഉപയോഗിക്കുന്ന വെള്ളത്തിലെ ഇ കോളി ബാക്ടീരിയ സാന്നിധ്യം വളരെ കൂടുതലാണെന്ന് പലതവണ കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലുകളിലെയും മറ്റും ഖരമാലിന്യങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുക, മനുഷ്യവിസര്‍ജ്യങ്ങള്‍ ഒഴുക്കിവിടുക തുടങ്ങിയ, മനുഷ്യനാല്‍ ചെയ്യുന്ന കാര്യങ്ങള്‍ പുണ്യ നദിയെ മലിന നദിയാക്കുന്നു.
പാര്‍ലമെന്റ് കമ്മിറ്റി റിപ്പോര്‍ട്ട്
പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി 2003 ഒക്ടോബറില്‍ ഒരു പഠനം നടത്തി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി, നിര്‍ദ്ദേശങ്ങള്‍ സമിതി മുന്നോട്ടുവച്ചു. ഒരു കോടിയിലധികം തീര്‍ത്ഥാടകരുടെ ഒഴുക്കാണ് ശബരിമലയിലേക്കുണ്ടാകുന്നത്. തീര്‍ത്ഥാടക ബാഹുല്യം കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കാന്‍ അധികാരികള്‍ക്ക് കഴിയാത്തതാണ് പ്രശ്നങ്ങള്ഏറെ വഷളാക്കിയത്. പ്രതിവര്‍ഷം ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ നേരിടുന്ന ഗുരുതരപ്രശ്നങ്ങള്‍ പാര്‍ലമെന്റിന്റെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും അടിയന്തര ശ്രദ്ധ ആകര്‍ഷിക്കേണ്ടതാണ്. തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അധികൃതര്കാട്ടുന്ന അനാസ്ഥ മനുഷ്യാവകാശ ലംഘനമാണ്. തിരുപ്പതിയിലേതുപോലെ നിലയ്ക്കലിലും ബേസ് ക്യാമ്പ് വികസിപ്പിക്കണം എന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. അതുപോലെ തന്നെ ശ്രീകോവിലിന് ചുറ്റും നിലവിലുള്ള കോണ്‍ക്രീറ്റ് നിര്‍മിതികള്‍ പൊളിച്ചുനീക്കണം എന്നൊരു നിര്‍ദേശം ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. ത്രിവേണിയിലും സന്നിധാനത്തുമുള്ള സൗകര്യങ്ങള്‍ ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് അനുയോജ്യമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. അശാസ്ത്രീയവും വികലവുമായ മാലിന്യ സംസ്കരണ സംവിധാനത്തിനും മാറ്റം വരുത്തണം. ആധുനിക രീതിയിലുള്ള മാലിന്യസംസ്കരണസംവിധാനങ്ങള്‍ സ്ഥാപിക്കണം. തെറ്റായ മാലിന്യ നിര്‍മാര്‍ജനം, മലിനജല ചോര്‍ച്ച, വൃത്തിഹീനമായ അന്തരീക്ഷം എന്നിവ കാരണം സന്നിധാനവും പമ്പാ നദിയും കാട്ടുപന്നികളുടെ പ്രജനന കേന്ദ്രമായി മാറി. ശബരിമലയില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് അയ്യപ്പന്മാര് ദര്‍ശനം നടത്തുന്നത്. കേരളത്തിന് വളരെയധികം സാമ്പത്തികം നേടിത്തരുന്ന തീര്‍ത്ഥാടന കേന്ദ്രത്തോട് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തുടരുന്ന അവഗണന എല്ലാ സീമകളും ലംഘിക്കുന്നതാണ്. തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ശബരിമലയെ സംരക്ഷിക്കാനും രാഷ്ട്രീയക്കാര്‍ ഭരണം കയ്യാളുന്ന ദേവസ്വംബോര്‍ഡ് തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: