1992ല്‍ നടന്ന ലോസ് ആഞ്ചലസ് വംശീയ കലാപങ്ങളില്‍ 63 പേര്‍ കൊല്ലപ്പെട്ടു, 2383 പേര്‍ക്ക് പരുക്കേറ്റു, 12,000 പേരെ അറസ്റ്റ് ചെയ്തു. ഫുടബോളിനോട് കമ്പമൊന്നുമില്ലാതിരുന്ന ആ രാജ്യത്തെ വച്ച് 1994ല്‍ ലോകകപ്പ് നടത്തുന്നതില്‍ ആര്‍ക്കും പരാതിയില്ലായിരുന്നു. 1934ലെ ലോകകപ്പ് ഇറ്റലിയില്‍ നടക്കുമ്പോള്‍ ഫാസിസ്റ്റായ മുസ്സോളിനിയായിരുന്നു ഭരണാധികാരി. 1978ല്‍ ലോകകപ്പിന് ആതിഥ്യം വഹിക്കുമ്പോള്‍ അര്‍ജന്റീന പട്ടാളഭരണത്തിന് കീഴിലായിരുന്നു. 2014 ലോകകപ്പിന് വേണ്ടി ബ്രസീല്‍ കുടിയൊഴിപ്പിച്ചത് രണ്ടരലക്ഷം പാവപ്പെട്ടവരെയാണ്.
സ്വവര്‍ഗഗാനുരാഗികളുടെ പേരില്‍ ഖത്തറിനെതിരെ തിരിയുന്നവര്‍ 2018ല്‍ റഷ്യയില്‍ വച്ച കളി നടക്കുമ്പോള്‍ ഇതുപോലെ വലിയ ബഹളമൊന്നും ഉണ്ടാക്കിയിരുന്നില്ല. റഷ്യയിലും സ്വവര്‍ഗഗാനുരാഗം കുറ്റകരമായിരുന്നു. ഈ പറഞ്ഞ രാജ്യങ്ങളൊക്കെ ഫുട്‌ബോളിന്റെ കാര്യത്തില്‍ വല്യേട്ടന്മാരായിരുന്നു. വരേണ്യവര്‍ഗ്ഗം. എലീറ്റ്. അതുകൊണ്ടു അവര്‍ക്കു എന്തും ചെയ്യാം. കൊച്ചു അറബ് രാജ്യമായ ഖത്തറിന് ഫുടബോളില്‍ എന്ത് കാര്യം? അവര്‍ ഇങ്ങനെയൊക്കെ ചെയ്യാമോ?
ഒരുതരം കൊളോണിയല്‍ മനസ്ഥിതി. പോസ്റ്റ് കൊളോണിയല്‍ പണ്ഡിതന്മാര്‍ പറയുന്നതുപോലെ യൂറോ അമേരിക്കന്‍ വീക്ഷണമാണ് എന്താണ് ‘നല്ലതു’ അല്ലെങ്കില്‍ ശരി എന്നൊക്കെ തീരുമാനിക്കുന്നത്. ‘അപരന്‍’മാരായ ഓറിയെന്റലുകളുടെ തെറ്റും ശരിയും ഇവരാണ് തീരുമാനിക്കുന്നത്. ഖത്തറോ ഇന്ത്യയോ എന്തിനാണ് പാശ്ചാത്യമൂല്യങ്ങളുടെ മിമിക്രിക്കാരാകുന്നത്. സ്വന്തം പ്രദേശത്തെ മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൂടെ?
ലോകകപ്പില്‍ പല കാര്യങ്ങളിലും ഖത്തര്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കുകയാണ്. മദ്യരഹിത സ്റ്റേഡിയത്തില്‍ ഇരുന്നു യൂറോപ്യന്‍ സ്‌റ്റേഡിയങ്ങളില്‍കാണുന്ന ഫാന്‍സുകളുടെ തെമ്മാടിത്തം, വംശീയത, തെറിവിളി തുടങ്ങിയ യൂറോപ്യന്‍ മൂല്യങ്ങളുടെ ശല്യമില്ലാതെതന്നെ കളി കാണാം. ബ്രസീലിന്റെ മുന്‍നിരകളിക്കാരനു നേരെ പഴവും പ്ലാസ്റ്റിക്കുമൊക്കെ വലിച്ചെറിഞ്ഞു വംശീയ അധിക്ഷേപം നടത്തിയത് അടുത്തകാലത്ത് പാരീസില്‍ വച്ചാണ്.
പാശ്ചാത്യേതര രാജ്യങ്ങളെക്കുറിച്ചുള്ള പക്ഷപാതപരമായ ചിന്താധാരകള്‍ ഡീകോളനൈസ് ചെയ്യാന്‍ ഖത്തര്‍ ലോകകപ്പിന് കുറച്ചെങ്കിലും കഴിഞ്ഞേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക