ന്യൂദല്‍ഹി : ഭീകര പ്രവര്‍ത്തനങ്ങളേക്കാള്‍ വലിയ ഭീഷണി അതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദത്തിനുള്ള ധനസഹായങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ നടക്കുന്ന മൂന്നാമത് അന്താരാഷ്‌ട്ര സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 78 രാജ്യത്തെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഭീകര പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനായി നിയമ- സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനെതിരെ മാത്രമല്ല സുരക്ഷാ വിന്യാസത്തിലും ഇന്ത് വലിയ മുന്നേറ്റം തന്നെ നടത്തിയിട്ടുണ്ട്. ആഗോള സമാധാനത്തിലും സുരക്ഷയ്‌ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗവുമായോ ബന്ധപ്പെടുത്തരുത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലക്ഷ്യവും മാര്‍ഗ്ഗവും കണ്ടെത്തുന്നതിന് സഹായമാവുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ലോകരാജ്യങ്ങളുടെ സമ്പദ്ഘടനയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്നതിനെ ദുര്‍ബലപ്പെടുത്താനും തടസ്സപ്പെടുത്താനും ചിലരാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. ചില രാജ്യങ്ങള്‍ ഭീകരര്‍ക്ക് സഹായം നല്‍കി അവരെ സംരക്ഷിക്കുകയും അവര്‍ക്ക് താവളം ഒരുക്കുകയും ചെയ്യുന്നു. ഭീകരവാദികളെ സംരക്ഷിക്കുന്നത് ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. രാജ്യങ്ങള്‍ ഒരുമിച്ചു നിന്ന് ഇതിനെതിരെ പോരാടണം. ഭീകരവാദത്തിനായി സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: