കൊല്ലം: ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സഹായമെത്തിക്കാനായി ഇടത്താവളങ്ങളിലും വഴിയോര വിശ്രമകേന്ദ്രങ്ങളിലും റെയില്‍വേ – ബസ് സ്റ്റേഷനുകളിലും 100 സേവന കേന്ദ്രങ്ങള്‍ തുറക്കാന്‍ ശബരിമല ശ്രീ അയ്യപ്പധര്‍മ പരിഷത്ത് ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. കോയമ്പത്തൂര്‍ കെ.ജി ആശുപത്രിയുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പുകളും ആംബുലന്‍സ് സര്‍വീസുകളും നടത്തും.
ഇടത്താവളങ്ങളില്‍ അന്നദാനവും ഔഷധ ജലവിതരണവും നടത്താന്‍ പരിഷത്ത് പദ്ധതി തയാറാക്കി. തഞ്ചാവൂര്‍ ശ്രീധര ശാസ്ത്രികള്‍ അധ്യക്ഷനായി. തിരുപ്പൂര്‍ മുരളി (കോയമ്പത്തൂര്‍), എന്‍. രാജശേഖരന്‍നായര്‍ (പാലക്കാട്), ആര്.കെ. ഉണ്ണിത്താന്(പമ്പ), ചവറ സുരേന്ദ്രന്‍പിള്ള (പത്തനംതിട്ട), അറുമാനൂര്‍ ഉണ്ണികൃഷ്ണന് (കോട്ടയം), തുറവൂര്‍ പത്മനാഭന് നായര്‍ (എറണാകുളം), എസ്.ജി. ശിവകുമാര്‍ പത്തനാപുരം (ചെങ്ങന്നൂര്‍), വി.ജെ. ഉണ്ണികൃഷ്ണന് നായര്‍ (കൊല്ലം) എന്നിവരെ സേവന കേന്ദ്രങ്ങളുടെ കോര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചു.
പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി അയര്‍ക്കുന്നം രാമന്‍നായരാണ് ചീഫ് കോര്‍ഡിനേറ്റര്‍. സന്നദ്ധ സംഘടനകള്‍ക്ക് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അന്നദാനം നടത്താനുള്ള അനുവാദം നിഷേധിച്ച ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും വെര്‍ച്ചല്‍ ക്യൂ ഒഴിവാക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: