ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞദിവസം കര്‍ണ്ണാടക ആര്‍ടിസി ബസ്സില്‍ നിന്നും 100 വെടിയുണ്ടകള്‍ പിടികൂടിയ സംഭവം എക്‌സൈസുകാര്‍ പോലീസിനെ അറിയിച്ചത് 7 മണിക്കൂര്‍ വൈകി എന്ന് ആരോപണം. ഇത്രയും ഗൗരവകരമായ ഒരു സംഭവമുണ്ടായിട്ടും പോലീസിനെ അറിയിക്കാന്‍ വൈകിയത് മൂലം പോലീസിന് ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ ചോദ്യം ചെയ്യാനോ ബസില്‍ കൂടുതല്‍ പരിശോധന നടത്താനോ കഴിഞ്ഞില്ല. ഇതോടെ അന്വേഷണം വഴി മുട്ടിയ നിലയിലായി.
ആംസ് ആക്ട് പ്രകാരം ജാമ്യമില്ലാത്ത വകുപ്പായതിനാലാണ് എക്‌സൈസ് പോലീസിന് വെടിയുണ്ട കൈമാറിയത്. എന്നാല്‍ ഏറെ വൈകിയുണ്ടായ കൈമാറല്‍ ആണ് തെളിവ് മുഴുവന്‍ നശിക്കുന്ന വിധത്തിലേക്ക് മാറാന്‍ ഇടയായത്. വിവരമറിഞ്ഞ ഉടനെ തന്നെ റൂറല്‍ ജില്ലാ പോലീസ് മേധാവി പി. ബി. രാജീവ് സമഗ്രാന്വേഷണം നടത്താന്‍ ഇരിട്ടി പോലീസിന് നിര്‍ദേശം നല്‍കി. ഇരിട്ടി ഇന്‍സ്പെക്ടര്‍ കെ. ജെ. ബിനോയിയുടെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ കര്‍ണാടയിലെത്തി അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ എക്സൈസിന്റെ കിളിയന്തറയിലെ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസ്സില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 10 പാക്കറ്റുകളിലായി 100 നാടന്‍ തോക്ക് തിരകള്‍ എക്‌സൈസ് സംഘം പിടികൂടിയത്. എന്നാല്‍ പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍ നടപടികള്‍ക്കായി ഇരിട്ടി പൊലിസിന് കൈമാറിയത് വൈകുന്നേരം 7 മണിയോടെയാണ്. തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ബസ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും തങ്ങള്‍ക്കൊന്നും അറിയില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. വീരാജ് പേട്ടയില്‍ ഉള്‍പ്പെടെ വെടിയുണ്ട വില്‍ക്കുന്ന കടകളുണ്ടെങ്കിലും എവിടെ നിന്നാണ് വെടിയുണ്ട ബസിലെത്തിച്ചതെന്നും ആര് ആര്‍ക്ക് വേണ്ടി എന്ന കാര്യവും കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ഏറെ ഗൗരവകരമായ സംഭവമായിട്ടും വിഷയത്തില്‍ എക്‌സൈസ് സംഘം കാണിച്ച വൈകിപ്പിക്കല്‍ നടപടിയാണ് പോലീസിനെയാണ് കുഴക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: