കാസര്‍കോട്: കണ്ണൂരില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനായ ബാലനെ യുവാവ് തൊഴിച്ച് തെറിപ്പിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് കാസർകോട്ട് നിന്നും കൊടുംക്രൂരതയുടെ വാർത്ത. റോഡുവക്കില്‍ നില്‍ക്കുകയായിരുന്ന ഒമ്പത് വയസുള്ള മദ്രസ വിദ്യാര്‍ത്ഥിനിയെ യുവാവ് എടുത്ത് നിലത്തെറിഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ധിഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം മുദ്യാവറില് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. റോഡുവക്കില്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഒരു പ്രകോപനവും കൂടാതെയാണ് ഇയാള്‍ എടുത്ത് നിലത്തെറിഞ്ഞത്. സാവധാനം കുട്ടിയുടെ അടുത്തേക്ക് നടന്നെത്തിയശേഷം എടുത്ത് ശക്തമായി നിലത്തെറിയുകയായിരുന്നു. അതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ തിരികെ നടന്നുപോവുകയും ചെയ്തു. കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേയ്ക്ക് കൊണ്ടുപോകും.
കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും ഇയാളെ കസ്റ്റഡിയിലെടുത്തതും. മുൻപും മദ്രസ വിദ്യാർത്ഥികളെ ഇയാൾ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സംസ്ഥാന വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി രാവിലെ പറഞ്ഞിരുന്നു. വിദ്യാർഥിനിയെ എടുത്തെറിഞ്ഞ സംഭവത്തിൽ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ഏത് സാഹചര്യത്തിലാണ് ഇതുണ്ടായതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: