”ഗുജറാത്തിനെ കോണ്‍ഗ്രസ് പാര്‍ട്ടി എന്നേ ഉപേക്ഷിച്ചുകഴിഞ്ഞു. ആ സംസ്ഥാനത്ത് എന്തെങ്കിലും ചെയ്യാനാവുമെന്ന യാതൊരു പ്രതീക്ഷയും എഐസിസി നേതൃത്വത്തിനില്ല. കൊഴിഞ്ഞുപോകുന്ന നേതാക്കളെ കണ്ട് നിസ്സഹായരായി നോക്കിനില്ക്കാന് മാത്രമേ ഹൈക്കമാന്റിന് സാധിക്കുന്നുള്ളൂ” രണ്ടു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് വാര്‍ത്തകള്‍ തയ്യാറാക്കുന്ന ദേശീയ മാധ്യമത്തിലെ ലേഖകന്‍ വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരിച്ചതിങ്ങനെയാണ്. ഭാരത് ജോഡോ യാത്രയുമായി നടക്കുന്ന രാഹുല്‍ഗാന്ധി ഗുജറാത്തിലേക്ക് പ്രചാരണത്തിന് പോകാന്‍ തയ്യാറാവാത്തത് ചൂണ്ടിക്കാട്ടിയാണ് ഈ നിരീക്ഷണം.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍പ്രദേശ,് ഗുജറാത്ത് സംസ്ഥാനങ്ങളില്‍ രാഹുല്‍ഗാന്ധി എത്താത്തത് വലിയ വീഴ്ചയായാണ് ഏവരും കാണുന്നത്. പാര്‍ട്ടിയുടെ ഏകോപനത്തിലെ പാളിച്ചകളും ഹൈക്കമാന്റിന്റെ തീരുമാനങ്ങളിലെ യാഥാര്ത്ഥ്യബോധ്യമില്ലായ്മയുമാണ് ഇത്തരത്തിലൊരു പദയാത്രയിലേക്ക് വഴിവെച്ചതെന്നാണ് ആക്ഷേപം. കേരളത്തിലൂടെ പരമാവധി ദിവസം രാഹുല്‍ഗാന്ധിയെ നടത്തിക്കണം എന്നതിനപ്പുറം സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലിന് യാതൊരു ലക്ഷ്യവുമില്ലായിരുന്നുവെന്നാണ് എഐസിസി നേതൃത്വത്തിലെ തന്നെ ഒരു വിഭാഗത്തിന്റെ പരാതി. യാത്രയുടെ ഒഴിവു ദിനങ്ങളില്‍ പോലും ഹിമാചലില്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി നടത്താതിരുന്നത് വലിയ വീഴ്ചയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്ഗെയ്ക്കടക്കം ഭാരത് ജോഡോ യാത്രയുടെ റൂട്ട് നിശ്ചയിച്ചതില്‍ എതിര്‍പ്പുണ്ട്. എഐസിസി പുനഃസംഘടനയില്‍ വടക്കേയിന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കുറച്ചുകൂടി അറിയാവുന്ന ഏതെങ്കിലും നേതാക്കളെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദം ഏല്‍പ്പിക്കണമെന്ന ചര്‍ച്ചകളും പാര്‍ട്ടിയിലുണ്ട്. കെ.സി.വേണുഗോപാലിന് പകരം എഐസിസി കമ്യൂണിക്കേഷന്‍ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശിനെ സംഘടനാ ചുമതല ഏല്‍പ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലൂടെ ഒരു കിലോമീറ്റര്‍ പോലും ഭാരത് ജോഡോ യാത്ര കടന്നുപോകാത്തത് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കളെപ്പോലും പ്രകോപിപ്പിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധം അറിയിച്ചതോടെ നവംബര്‍ 22ന് ജോഡോ യാത്രയുടെ ഒഴിവു ദിനത്തില്‍ രാഹുലിനെ നിര്‍ബന്ധിച്ച് ഗുജറാത്തിലെത്തിക്കുമെന്ന് ഹൈക്കമാന്റ് സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ താര പ്രചാരകരുടെ പട്ടിക പുറത്തിറക്കി തങ്ങള്‍ ഗുജറാത്തില്‍ സജീവമാണെന്ന് മാധ്യമങ്ങളോട് പറയാനും കോണ്‍ഗ്രസ് ശ്രമിക്കുന്നു. താര പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് ശശി തരൂര്‍ ഗുജറാത്തില്‍ പ്രചാരണരംഗത്തിറങ്ങില്ലെന്ന് പ്രഖ്യാപിച്ചതും പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.
ഹൈക്കമാന്റിന്റെ താല്‍പ്പര്യക്കുറവും ഗുജറാത്തിലെ ഒരു വിഭാഗം നേതാക്കളുടെ തന്നിഷ്ടപ്രകാരമുള്ള തീരുമാനങ്ങളും സംസ്ഥാനത്തെ പാര്‍ട്ടിയെ കൂടുതല്‍ അസ്വാരസ്യങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവരും അവരുടെ അനുയായികളും പ്രതിഷേധം തുടരുകയാണ്. തിങ്കളാഴ്ച അഹമ്മദാബാദിലെ കോണ്‍ഗ്രസ് ഓഫീസ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. നഗര മണ്ഡലമായ ജമാല്‍പൂര്‍-ഖാദിയ സീറ്റ് സിറ്റിംഗ് എംഎല്‍എയായ ഇമ്രാന് ഖെദാവാലയ്ക്ക് വീണ്ടും നല്‍കിയതിനെതിരായ പ്രതിഷേധം ഓഫീസില്‍ കയറിയുള്ള അതിക്രമത്തിലേക്ക് എത്തുകയായിരുന്നു. 38 സിറ്റിംഗ് എംഎല്‍എമാര്‍ക്കും അഞ്ചു മന്ത്രിമാര്‍ക്കും നിയമസഭാ സ്പീക്കര്‍ക്കും സീറ്റു നിഷേധിച്ച ബിജെപിയുടെ നടപടി കോണ്‍ഗ്രസും മാതൃകയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോണ്‍ഗ്രസിലെ സിറ്റിംഗ് എംഎല്‍എമാരെ പോലും പാര്‍ട്ടിയില്‍ കൂടെ നിര്‍ത്താന്‍ സാധിക്കാതിരുന്നത് വലിയ വീഴ്ചയായും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വിജയിച്ച 17 പേരാണ് പാര്‍ട്ടിയെ ഉപേക്ഷിച്ചത്.
ബിജെപിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീല്‍ തന്നെയാവും ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എന്നാല്‍ ആംആദ്മി പാര്‍ട്ടി പോലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകുമ്പോള്‍ കോണ്‍ഗ്രസിന് അത്തരത്തില്‍ മുന്നോട്ട് വെയ്ക്കാന്‍ നേതാക്കളില്ല എന്നതും പ്രതിസന്ധി ശക്തമാക്കുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 182ല്‍ 99 സീറ്റുമായി അധികാരത്തിലെത്തിയ ബിജെപിക്കെതിരെ മികച്ച പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ പോലും പാര്‍ട്ടിയിലെ അനൈക്യം മൂലം കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. 77 എംഎല്‍എമാര്‍ വിജയിച്ചെത്തിയെങ്കിലും അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഇവരില്‍ 17 പേര് കോണ്‍ഗ്രസ് ഹൈക്കമാന്റുമായി പിണങ്ങി പാര്‍ട്ടി വിട്ടുകഴിഞ്ഞു. പാര്‍ട്ടി വിട്ട എംഎല്‍എമാരില്‍ പകുതിയോളം പേര് ബിജെപിയില്‍ ചേരുകയും അവര്‍ക്ക് ബിജെപി നിയമസഭാ സീറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 1, 5 തീയതികളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാലാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കി. കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജയം മികച്ചതാക്കി തീര്‍ക്കാന്‍ ബിജെപിയുടെ സംഘടനാ മികവും പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ സാന്നിധ്യവും ബിജെപിക്ക് ഗുണകരമാകുമ്പോള്‍ ആരെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണം എന്ന ചോദ്യമാണ് വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. കൂടാതെ കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ ആംആദ്മി പാര്‍ട്ടി വരുത്തുന്ന ചോര്‍ച്ച കൂടിയാവുമ്പോള്‍ അമ്പതു സീറ്റുകളിലേക്ക് പാര്‍ട്ടി ഒതുങ്ങിയേക്കുമെന്ന കണക്കുകൂട്ടലിലാണ് ഹൈക്കമാന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: