തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 2,06,162 അപേക്ഷകള്‍ തീര്‍പ്പാക്കിയതായി റവന്യൂ മന്ത്രി കെ. രാജന്. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു സര്‍ക്കാര്‍ നടപ്പാക്കിയ മിഷന് മോഡിലുള്ള പ്രവര്‍ത്തനം വരുന്ന ആറു മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആകെ ലഭിച്ച 2,12,169 ഓഫ് ലൈന്‍ അപേക്ഷകളില്‍ 1,94,912 അപേക്ഷകളും തീര്‍പ്പാക്കി. 91.87 ശതമാനം പുരോഗതി ഓഫ് ലൈന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കൈവരിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. 1,63,171 അപേക്ഷകള്‍ ലഭിച്ചതില്‍ 11,250 എണ്ണം തീര്‍പ്പാക്കാനായി. മുന്‍ഗണനാ ക്രമത്തിലാണ് അപേക്ഷകള്‍ പരിഗണിക്കുന്നത്. സര്‍ക്കാര്‍ ലക്ഷ്യമിട്ട രീതിയില്‍ 19 റവന്യൂ ഡിവിഷണല്‍ ഓഫിസുകളിലെ സാധ്യമായ എല്ലാ ഓഫ് ലൈന്‍ അപേക്ഷകളും ഇതിനോടകം തീര്‍പ്പാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഏഴ് ആര്‍ഡിഒ ഓഫിസുകളില്‍ നവംബര്‍ 30നകം എല്ലാ ഓഫ് ലൈന്‍ അപേക്ഷകളും തീര്‍പ്പാക്കും.
നവംബര്‍ 14ലെ കണക്കു പ്രകാരം ഇനി 17,257 ഓഫ് ലൈന്‍ അപേക്ഷകളും 1,51,921 ഓണ്‍ലൈന്‍ അപേക്ഷകളും തീര്‍പ്പാക്കാനുണ്ട്. ഓരോ ദിവസവും ശരാശരി 500 പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ആറു മാസമായി തുടര്‍ന്നുവന്ന മിഷന് മോഡിലുള്ള പ്രവര്‍ത്തനം ആറു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുന്നതിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച 990 ക്ലാര്‍ക്കുമാരുടെ സേവനം ഒരു നിശ്ചിത ദിവസത്തെ ഇടവേളയ്ക്കു ശേഷം ആറു മാസത്തേക്കുകൂടി തുടരും. ഇവര്‍ക്ക് വാഹന സൗകര്യവും ലഭ്യമാക്കും. ഇത്തരത്തില്‍ ആറു മാസംകൊണ്ട് നിലവിലുള്ള അപേക്ഷകള്‍ പൂര്‍ണമായി തീര്‍പ്പാക്കുകയാണു ലക്ഷ്യം.
കൊച്ചി ആര്‍ഡിഒ ഓഫിസിലാണു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ തീര്പ്പാക്കാനുണ്ടായിരുന്നതെന്നു മന്ത്രി പറഞ്ഞു. ഇതിനായി ഒരു പ്രത്യേക ടീമിനെ ജോലി ക്രമീകരണ വ്യവസ്ഥയില്‍ നിയമിക്കുകയും അദാലത്തുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയില്‍ മാത്രം 165 താത്കാലിക ജീവനക്കാരെയും 65 വാഹനങ്ങളും ഈ ആവശ്യത്തിന് നിയോഗിച്ചിട്ടുണ്ടായിരുന്നു. താത്കാലിക ജീവനക്കാരുടെ കാലാവധി അവസാനിച്ച ശേഷവും തരം മാറ്റ അപേക്ഷകളുടെ തീര്‍പ്പാക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിലേക്ക് കൊച്ചി ആര്‍ഡിഒ ഓഫീസിലേക്ക് മറ്റു ഓഫീസുകളില്‍ നിന്നും ജോലി ക്രമീകരണ വ്യവസ്ഥയില്‍ ഒരു സ്പെഷ്യല്‍ ടീമിനെ നിയോഗിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകുന്നു. കൊച്ചി ആര്‍ഡിഒ ഓഫീസില്‍ നിലവിലുണ്ടായിരുന്ന 22616 ഓഫ് ലൈന്‍ അപേക്ഷകളില്‍ 14178 അപേക്ഷകളും തീര്‍പ്പാക്കാന്‍ കഴിഞ്ഞു.
സംസ്ഥാനത്തൊട്ടാകെയുള്ള പുരോഗതി യഥാസമയം വിലയിരുത്തുന്നതിനായി ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഒരു മോണിറ്ററിംങ് സമിതി രൂപീകരിക്കുകയും ദിവസേനയുള്ള പുരോഗതി അവലോകനം ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാസത്തിലൊരിക്കലും റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കലും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തിയിരുന്നതായും മന്ത്രി പറഞ്ഞു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ജനങ്ങളെ സഹായിക്കാനെന്ന പേരില്‍ ചില ഏജന്‍സികള്‍ തട്ടിപ്പിനു ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: