കൊല്ലം: കോടികള്‍ മുടക്കി പണിത ആശ്രാമം ലിങ്ക് റോഡിന്റെ മൂന്നാം ഘട്ടം പൂര്‍ത്തിയായി നാല് മാസമായിട്ടും ഉദ്ഘാടനമില്ല. ഇതുകാരണം കോടികള്‍ മുടക്കി കായലിന് കുറുകെ നിര്‍മിച്ച പാലം ഉപയോഗിക്കാനാകാതെ കാഴ്ചവസ്തുവായി.
കെഎസ്ആര്‍ടിസി ഡിപ്പോയുടെ സമീപത്തു നിന്ന് ഓലയില്‍ക്കടവ് വരെയുള്ള പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും പൊതുജനത്തിന് ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. ഓലയില്‍ക്കടവില്‍ നിന്നു തോപ്പില്‍ക്കടവ് വരെയുള്ള ഭാഗത്തെ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേരിട്ട അനിശ്ചിതത്വമാണ് പാലം തുറന്നു കൊടുക്കാത്തതിനു കാരണം. നിലവിലുള്ള സ്കെച്ച് പ്ലാന്‍ പ്രകാരം അവസാനഘട്ടത്തില്‍ പാലം തേവള്ളിപ്പാലത്തിന് അടിയിലൂടെയാണ് കടന്നുപോകുന്നത്. അത് അനുയോജ്യമല്ലെന്ന് കിഫ്ബിയുടെ എഞ്ചിനീയറിങ്ങ് വിഭാഗം നിലപാട് എടുത്തതോടെയാണു നാലാംഘട്ട നിര്‍മാണം അനിശ്ചിതത്വത്തിലായത്.
ഈ ഭാഗത്തു റോഡ് മാര്‍ക്കിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കി ഓണത്തിനു മുമ്പ് ഉദ്ഘാടനം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുമായി പൊതുമരാമത്ത് വകുപ്പും കോര്പ്പറേഷന് അധികൃതരും സിപിഎം നേതൃത്വവും മുന്നോട്ട് പോയെങ്കിലും കിഫ്ബി അധികൃതര്‍ നാലാംഘട്ടത്തിലെ സ്കെച്ചും പ്ലാനിലുമുള്ള അനിശ്ചിതത്വം നീങ്ങാതെ ഉദ്ഘാടനം ചെയ്യേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ ഉദ്ഘാടനം വൈകുകയായിരുന്നു. അതുകൊണ്ട് തന്നെ നാലാംഘട്ട നിര്‍മാണത്തിലെ അനിശ്ചിതത്വം നീങ്ങാതെ കെഎസ്ആര്‍ടിസി മുതല്‍ ഓലയില്‍ക്കടവ് വരെയുള്ള ഭാഗം തുറന്നു കിട്ടാനുള്ള സാധ്യത കുറവാണ്. കിഫ്ബി തുകയില്‍ കേരള റോഡ്സ് ഫണ്ട് ബോര്‍ഡിനാണ് നാലാം ഘട്ടത്തിന്റെ നിര്‍മാണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: