ന്യൂദല്‍ഹി: തീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക അധ്യക്ഷനും ദേശീയ സമിതി അംഗവുമായ ഇ.അബൂബക്കറിന് അടിയന്തരവൈദ്യ ചികിത്സയ്ക്കായി ഇടക്കാല ജാമ്യം നല്‍കണമെന്ന അപേക്ഷ ദല്‍ഹി കോടതി നിരസിച്ചു. പാര്‍ക്കിന്‍സണ്‍സ്, അര്‍ബുദം എന്നീ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഇടക്കാലജാമ്യം വേണമെന്നതായിരുന്നു ആവശ്യം.
ജാമ്യം നല്‍കില്ലെങ്കിലും അദ്ദേഹത്തിന് ദല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സ ലഭ്യമാക്കാമെന്നും കോടതി നിര്‍ദേശിച്ചു.
അര്‍ബുദത്തിന്റെ മൂന്നാം ഘട്ടത്തിലാണ് അബൂബക്കറെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അഡ്വ. ദീപക് പ്രകാശ് വാദിച്ചു. ഇടക്കാല ജാമ്യം തേടിയുള്ള രണ്ടാമത്തെ അപേക്ഷയാണ് കോടതി തള്ളിക്കളഞ്ഞത്.
അബൂബക്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് അടയന്തിരമായി നല്കാന് ഡല്‍ഹിയിലെ പട്യാല ഹൗസ് അഡീഷണല്‍ ജഡ്ജി ശൈലേന്ദ്ര മാലിക തീഹാര്‍ ജയില്‍ അധികൃതരോട് ജാമ്യാപേക്ഷ കിട്ടിയപ്പോഴേ ആവശ്യപ്പെട്ടിരുന്നു. അത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്.
എസ് ഡിപിഐയുടെ സ്ഥാപകപ്രസിഡന്റും മുന്‍പ് നിരോധിച്ച എന്‍ഡിഎഫിന്റെ സ്ഥാപകചെയര്‍മാനും കൂടിയായിരുന്നു എരപ്പുങ്ങല്‍ അബൂബക്കര്‍ എന്ന ഇ.അബൂബക്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: