ന്യൂദൽഹി: തുടർച്ചയായ രണ്ടാം വർഷവും ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് തിരഞ്ഞെടുത്ത ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് (Open Doors Report) അനുസരിച്ച്, രണ്ട് ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് 2021-22 അധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി യുണൈറ്റഡ് സ്റ്റേറ്റ്സ് തിരഞ്ഞെടുത്തത് – മുൻവർഷത്തേക്കാൾ 19 ശതമാനം വർദ്ധനവ്. യു.എസിൽ പഠിക്കുന്ന ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികളിൽ 21 ശതമാനത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ്.
വിദ്യാഭാസനത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ആഗോളതലത്തിൽ മുന്നിലെത്തിയതിന് ന്യൂദൽഹിയിലെ യു.എസ്. എംബസ്സിയിലെ പബ്ലിക് ഡിപ്ലോമസി വിഭാഗം മേധാവി ഗ്ലോറിയ ബെർബേന ഇന്ത്യയെ അഭിനന്ദിച്ചു. “ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വളർന്നുവരുന്ന സാങ്കേതിക വിദ്യകൾ, സംരംഭകത്വം എന്നിങ്ങനെ വിവിധ നൂതന മേഖലകളിൽ ലോകത്തെ വെല്ലുവിളികളെ നേരിടാനായി വിദ്യാർത്ഥികൾ പുതുതായി നേടിയ അറിവ് പ്രയോജനപ്പെടുത്താൻ സജ്ജരാക്കുകയും ഭാവി അവസരങ്ങൾക്കായി അവരെ ഒരുക്കുകയും ചെയ്യുന്ന യു.എസ്. വിദ്യാഭ്യാസത്തിൻറെ മൂല്യം ഇന്ത്യൻ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും തിരിച്ചറിയുന്നു എന്നത് വ്യക്തമാണ്,” ഗ്ലോറിയ പറഞ്ഞു.
ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി യു.എസ്. ഡിപ്പാർട്മെൻറ് ഓഫ് സ്റ്റേറ്റ് രാജ്യത്തിൻറെ പല ഭാഗങ്ങളിലായുള്ള എട്ട് എജ്യുക്കേഷൻ യു.എസ്.എ. ഉപദേശക കേന്ദ്രങ്ങൾ വഴി ഓൺലൈനായും നേരിട്ടും തത്പരരായ വിദ്യാർത്ഥികൾക്ക് സൗജന്യ ഉപദേശ സേവനങ്ങൾ നൽകുന്നുണ്ട്. ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രവും ഹൈദരാബാദിൽ രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. അമേരിക്കയിലെ പഠനാവസരങ്ങളെക്കുറിച്ച് കൃത്യവും സമഗ്രവും കാലികവുമായ വിവരങ്ങൾ നൽകാനും അത് വഴി നാലായിരത്തോളം അംഗീകൃത യു.എസ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഏറ്റവും ചേരുന്ന പ്രോഗ്രാം തിരഞ്ഞെടുക്കാനും സഹായിക്കാൻ പ്രാപ്‌തരായ എജ്യുക്കേഷൻ യു.എസ്.എ. ഉപദേഷ്ടാക്കളാണ് ഈ എട്ട് കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നത്.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ പഠിക്കുന്നതിനെക്കുറിച്ച് കൂടുതൽ വസ്തുതകൾ തേടുന്ന വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ഐ.ഒ.എസ്., ആൻഡ്രോയിഡ് ഉപകരണങ്ങളിൽ സൗജന്യമായി ലഭ്യമായ EducationUSA India ആപ്പ് ഡൗൺലോഡ് ചെയ്യാം. കോളേജ് അപേക്ഷാ പ്രക്രിയയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ആപ്പ് നൽകുന്നു; യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉന്നത വിദ്യാഭ്യാസം ആസൂത്രണം ചെയ്യാൻ വേഗമേറിയതും എളുപ്പമുള്ളതുമായ ആദ്യപടിയായി ഇത് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി https://educationusa.state.gov/country/in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഓപ്പൺ ഡോഴ്സ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എജ്യുക്കേഷൻ (ഐ.ഐ.ഇ.) ആണ് എല്ലാ വർഷവും ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 1919-ൽ സ്ഥാപിതമായത് മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളെക്കുറിച്ച് ഐ.ഐ.ഇ. വാർഷിക സ്ഥിതിവിവര സർവേ നടത്തുന്നു. 1972 മുതൽ യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് കീഴിലുള്ള ബ്യൂറോ ഓഫ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ അഫയേഴ്‌സുമായി സഹകരിച്ചാണ് ഐ.ഐ.ഇ. ഈ സർവേ നടത്തുന്നത്. യു.എസ്. സർവ്വകലാശാലകളിലെ അന്താരാഷ്‌ട്ര ഗവേഷകരുടെ എണ്ണത്തെക്കുറിച്ചും അധ്യയനകാലത്തിന് മുന്നോടിയായി നടത്തപ്പെടുന്ന ഇന്റൻസീവ് ഇംഗ്ലീഷ് പ്രോഗ്രാമുകളിൽ ചേർന്നിട്ടുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണവും ഓപ്പൺ ഡോഴ്സ് റിപ്പോർട്ടിലുണ്ട്.
ഓപ്പൺ ഡോഴ്സ് 2022 റിപ്പോർട്ടിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ യു.എസ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്നിട്ടുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികളും വിദേശത്ത് നിന്ന് ഓൺലൈനായി പ്രവേശനം നേടിയവരും 2021 ഫാൾ മുതൽ 2022 സ്പ്രിംഗ് വരെയുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗിൽ (ഒ.പി.ടി.) ഉള്ളവരും ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക www.iie.org/OpenDoors.
ബ്യൂറോ ഓഫ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ അഫയേഴ്സ്, യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്
യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് കീഴിലുള്ള ബ്യൂറോ ഓഫ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ അഫയേഴ്‌സ് ബ്യൂറോ (ഇ.സി.എ.) അമേരിക്കൻ ജനതയും മറ്റ് രാജ്യങ്ങളിലെ ജനങ്ങളും തമ്മിൽ വിദ്യാഭാസ, സാംസ്‌കാരിക, കായിക, ഔദ്യോഗിക, സ്വകാര്യ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളിലൂടെയും പൊതു-സ്വകാര്യ പങ്കാളിത്തങ്ങളിലൂടെയും ബന്ധം സ്ഥാപിക്കുകയും വിവിധ വിഷയങ്ങളിൽ മാർഗനിർദേശ പരിപാടികൾ നിർദേശിക്കുകയും ചെയ്തുവരുന്നു.
പ്രശസ്‌തമായ ഫുൾബ്രൈറ്റ് പ്രോഗ്രാമും ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമും ഉൾപ്പെടെ ഏകദേശം 50,000 തിരഞ്ഞെടുക്കപ്പെട്ടവർ ഈ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ വഴി പ്രതിവർഷം പ്രയോജനം നേടുന്നു. സാമ്പത്തിക സഹായം ആവശ്യമുള്ള യു.എസ്. ബിരുദധാരികൾക്കുള്ള ബെഞ്ചമിൻ എ. ഗിൽമാൻ സ്‌കോളർഷിപ്പുകൾ, ക്രിട്ടിക്കൽ ലാംഗ്വേജ് സ്‌കോളർഷിപ്പ് പ്രോഗ്രാം, അമേരിക്കൻ ഉന്നത വിദ്യാഭാസത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിവരങ്ങൾ നൽകാനായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായുള്ള നാനൂറിലധികം വരുന്ന ഉപദേശക കേന്ദ്രങ്ങളുടെ എജ്യുക്കേഷൻ യു.എസ്.എ. ശൃംഖല എന്നിവയും ഇ.സി.എ.-യുടെ ചുമതലയാണ്.
കോവിഡ് മഹാമാരി തുടങ്ങിയപ്പോൾ ഇ.സി.എ. തങ്ങളുടെ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ ഭാഗികമായോ മുഴുവനായോ വെർച്വൽ ആയി പുനഃക്രമീകരിച്ചിരുന്നു. അങ്ങനെ വെർച്വൽ ആയി മാറ്റാൻ കഴിയാത്ത എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ അവ പുനഃരാരംഭിക്കാൻ കഴിയുന്ന സമയം വരെ മാറ്റിവെക്കുകയും ചെയ്‌തു. യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് കീഴിലുള്ള വിദ്യാഭ്യാസ, സാംസ്‌കാരിക എക്സ്ചേഞ്ച് പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ eca.state.gov എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: