ബാലി : യുദ്ധം ഒന്നിനും പരിഹാരമല്ല. റഷ്യ- ഉക്രൈന് യുദ്ധ അവസാനിപ്പിക്കണമെന്ന് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടാം ലോകമഹായുദ്ധം ലോകത്ത് നാശം വിതച്ചു. അതിനുശേഷം അന്നത്തെ നേതാക്കള്‍ സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ തീവ്രശ്രമം നടത്തി. ഇനി നമ്മുടെ ഊഴമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡാനന്തര ലോകം പടുത്തുയര്‍ത്തേണ്ട ചുമതല നമുക്കാണ്. രാജ്യത്ത് സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ജി20 സമ്മേളനം ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്കുന്നു. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണില്‍ ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നല്‍കുന്നതാണ്.
ഇന്ത്യയില്‍, സുസ്ഥിരമായ ഭക്ഷ്യസുരക്ഷയ്ക്കായി, ഞങ്ങള്‍ പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കുകയും മില്ലറ്റ് പോലുള്ള പോഷകസമൃദ്ധവും പരമ്പരാഗതവുമായ ഭക്ഷ്യധാന്യങ്ങള്‍ വീണ്ടും ജനപ്രിയമാകുന്നു. ആഗോള പോഷകാഹാരക്കുറവും വിശപ്പും പരിഹരിക്കാനും മില്ലറ്റുകള്‍ക്ക് കഴിയും. അടുത്ത വര്‍ഷം നാമെല്ലാവരും അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്നത്തെ രാസവള ക്ഷാമം നാളത്തെ ഭക്ഷ്യപ്രതിസന്ധിയാണ്. വളം, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുടെ വിതരണ ശൃംഖല സുസ്ഥിരമായി നിലനിര്‍ത്താന്‍ നമ്മള് പരസ്പര ഉടമ്പടി ഉണ്ടാക്കണം. 2030 ആകുമ്പോഴേക്കും നമ്മുടെ വൈദ്യുതിയുടെ പകുതിയും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടും. സമയബന്ധിതവും താങ്ങാനാവുന്നതുമായ ധനസഹായവും വികസ്വര രാജ്യങ്ങള്‍ക്ക് സാങ്കേതിക വിദ്യയുടെ സുസ്ഥിര വിതരണവും എല്ലാം ഉള്‍ക്കൊള്ളുന്ന ഊര്‍ജ പരിവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉച്ചകോടിക്കിടെ മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തിയേക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടകക്കുക. ഡിസംബറില്‍ ഇന്ത്യ ജി 20 രാഷ്ട്രങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ഉച്ചകോടിയുടെ അവസാനയോഗത്തില്‍ പ്രധാനമന്ത്രി ഔദ്യോഗികമായി അടുത്ത യോഗത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: