അര്ജുന് മുണ്ഡ
കേന്ദ്ര ഗിരിവര്ഗകാര്യമന്ത്രി
ലോകത്തിലെ ഗോത്രവര്‍ഗ്ഗ ജനസംഖ്യയുടെ ഏകദേശം 25% ഇന്ത്യയിലാണ്. അത്, വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ, സാംസ്കാരികപൈതൃകവും ഗോത്രവര്ഗയുവശക്തി ഏറെയുള്ളതുമായ, രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നു. വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളില്‍ അവര്‍ക്കായി ലഭിച്ച അവസരങ്ങള്‍ അവര്‍ സജീവമായി പ്രയോജനപ്പെടുത്തുന്നു. അവരുടെ അര്‍പ്പണബോധത്താലും പ്രതിബദ്ധതയാലും, പ്രശസ്തമായ പത്മ പുരസ്കാരങ്ങളും അന്താരാഷ്ട്ര അംഗീകാരവും അവര്‍ നേടുന്നു. നൈസര്‍ഗിക കഴിവുകളുള്ളവരാണെങ്കിലും, അവഗണനയും നിസംഗതയും കാരണം ഗോത്രവര്‍ഗക്കാര്‍ക്കു വളരെക്കാലം പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ഗോത്രവര്‍ഗത്തില്‍നിന്ന് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി മാറിയ ദ്രൗപതി മുര്‍മു, രാജ്യത്തു പട്ടികവര്‍ഗക്കാര്‍ക്കുള്ള അനന്തസാധ്യതകളുടെ അത്ഭുതകരമായ ഉദാഹരണമാണ്. ഈ വിശിഷ്ടസ്ഥാനത്തേക്ക് അവരെ നിയമിച്ചതില്‍ ഗോത്രവര്‍ഗക്കാരോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രകടമാണ്. മോദി സര്‍ക്കാരിന്റെ എട്ടുവര്‍ഷത്തെ സദ്ഭരണകാലത്തു ഗോത്രവര്‍ഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒന്നൊന്നായി പരിഹരിക്കപ്പെടുന്നു. സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന, ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്ന മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരമാണ്.
ജനകേന്ദ്രീകൃതസമീപനമുള്ള സര്‍ക്കാര്‍ എന്ന മാതൃകാപരമായ മാറ്റമാണ് ഇന്ത്യ കണ്ടത്. ‘പരിഷ്കരണം, നടപ്പിലാക്കല്‍, പരിവര്‍ത്തനം’ എന്നതാണു കഴിഞ്ഞ എട്ടുവര്‍ഷമായി സര്‍ക്കാരിനെ മുന്നോട്ടുനയിക്കുന്ന തത്വം. ആനുകൂല്യങ്ങള്‍ ഏതറ്റംവരെയും എത്തുന്നതിനും രാജ്യത്തുടനീളം വികസനത്തിന്റെ മികച്ച ഫലങ്ങള്‍ എത്തിക്കുന്നതിനും, ജനപക്ഷനയങ്ങളും സംരംഭങ്ങളും നടപ്പാക്കി. അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ആരോഗ്യസംരക്ഷണസൗകര്യങ്ങള്‍ വിപുലപ്പെടുത്തല്‍, കര്‍ഷകക്ഷേമം ഉറപ്പാക്കല്‍, അശരണരെ സംരക്ഷിക്കല്‍ എന്നിവയ്ക്കാണു പദ്ധതികള്‍ മുന്‍ഗണനയേകുന്നത്. മാത്രമല്ല, വളര്‍ച്ചയിലും ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. ഇതിനു നേതൃത്വം നല്കുന്നതാകട്ടെ യുവാക്കളും സാങ്കേതികവിദ്യയും.
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ നമ്മുടെ മഹത്തായ മാതൃരാജ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ഗോത്രവര്ഗസമൂഹത്തിനു പൂര്‍ണമായ വികസനനേട്ടങ്ങള്‍ നല്‍കുകയും എല്ലാ ഗോത്രവര്‍ഗക്കാരുടെയും ജീവിതനിലവാരം ഉയര്‍ത്തുകയും അവര്‍ക്കുണ്ടാകുന്ന വ്യവസ്ഥാപിതമായ പ്രതിസന്ധികള്‍ പരിഹരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അവരുടെ സാംസ്കാരികപൈതൃകത്തെ വിലമതിച്ച്, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതുമുണ്ട്. ഏതൊരു സമൂഹത്തെയും വര്‍ഗത്തെയും അല്ലെങ്കില്‍ രാജ്യത്തെയും ക്രിയാത്മകമായി മുന്നേറാനും ആവശ്യമായ പരിഷ്കാരങ്ങള്‍ നടത്താനും വിജയകരമായ ഭാവികാഴ്ചപ്പാടു സാക്ഷാത്കരിക്കാനും പ്രാപ്തമാക്കുന്ന ശക്തമായ ഉപകരണമാണു വിദ്യാഭ്യാസം. ഗോത്രപാരമ്പര്യം സംരക്ഷിക്കുന്നതിനായി പരമ്പരാഗതവും സാംസ്കാരികവുമായ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം വിദ്യാഭ്യാസത്തിലും ഈ ഗവണ്മെന്റ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഗോത്രവര്ഗസമൂഹങ്ങളില്, വിദ്യാഭ്യാസപുരോഗതിയുടെ പാരമ്പര്യം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്; വിശേഷിച്ചും പെണ്‍കുട്ടികള്‍ക്ക്. മാത്രമല്ല, വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന് ഇടതുതീവ്രവാദ ബാധിതമേഖലകളില്‍ വെല്ലുവിളികളുയര്ന്നിട്ടുമുണ്ട്. ഗിരിവര്‍ഗവിദ്യാര്‍ഥികള്‍ക്കു ഗുണനിലവാരമുള്ള വിദ്യാഭ്യാസംനല്കി ബ്ലോക്കുതലത്തില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. അതിലൂടെ അവര്‍ക്കു മികച്ച ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ചേരാന്‍ കഴിയും. പ്രീ/പോസ്റ്റ് മെട്രിക്, ദേശീയ ഫെലോഷിപ്പ്, ടോപ്പ് ക്ലാസ് സ്കോളര്‍ഷിപ്പ്, നാഷണല്‍ ഓവര്‍സീസ് സ്കോളര്‍ഷിപ്പ് എന്നീ സ്കോളര്‍ഷിപ്പ് പരിപാടികള്‍ പ്രയോജനപ്പെടുത്താനും കഴിയും.
ലോകം ഡിജിറ്റല്‍ യുഗത്തിലേക്കു മാറിയതിനാല്‍, ഗോത്രവര്‍ഗക്ഷേമം ത്വരിതപ്പെടുത്തുന്നതിനും സദ്ഭരണം നടപ്പാക്കുന്നതിനുമായി നമ്മുടെ മന്ത്രാലയവും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ക്കൊപ്പം നിലകൊള്ളുകയാണ്. ഈ ശ്രമങ്ങള്‍ നമ്മുടെ ഗിരിവര്ഗവികസനപരിപാടികള് മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ആണിക്കല്ലായി മാറുന്നു. ഗോത്രവര്‍ഗക്കാരെ ഡിജിറ്റലായി ശാക്തീകരിക്കുന്നത്, അവരുടെ നൈപുണ്യം വളര്‍ത്തുന്നതുമുതല്‍ വിദൂരമേഖലകളില്പോലും അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന്വരെ, അവരെ സഹായിക്കുന്നു. കൂടാതെ, നമ്മുടെ സംസ്ഥാന ഗോത്രവര്‍ഗ ഗവേഷണസ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, മികവിന്റെ കേന്ദ്രങ്ങള്‍, മറ്റ് അനുബന്ധ സംഘങ്ങള്‍ എന്നിവ ഗിരിവര്ഗജീവിതത്തിന്റെയും സംസ്കാരത്തിന്റെയും പുരോഗതിയിലും അതിന്റെ നരവംശശാസ്ത്രപരമായ ഘടകങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വികസനപദ്ധതികള്‍ക്കു രൂപംനല്കാന് അവരുടെ ഗവേഷണങ്ങള്‍ സഹായിക്കുന്നു എന്നതിനാല്‍ നിര്‍ണായക പങ്കാണ് ഈ സംഘടനകള്‍ക്കുള്ളത്.
സാമ്പത്തികക്ഷേമത്തിന്റെ പുതിയ ഉയരങ്ങള്‍ കൈവരിക്കല്‍, നഗരങ്ങളിലും ഗ്രാമങ്ങളിലും ഏറ്റവും മികച്ച സൗകര്യങ്ങള്‍ പ്രദാനംചെയ്യല്‍, ലോകത്തിലെ ഏറ്റവും നൂതനമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയാണ് ഇന്ത്യ@2047ന്റെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിലേക്കുള്ള ഗതിവേഗം വര്‍ധിപ്പിച്ച്, സുസ്ഥിര ഉപജീവനമാര്‍ഗങ്ങള്‍, വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം, ഗോത്രവര്‍ഗക്കാരുടെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെ പ്രോത്സാഹനം എന്നിവയ്ക്കു ഗിരിവര്‍ഗകാര്യ മന്ത്രാലയം മുന്‍ഗണനയേകുന്നു. നമ്മുടെ സുപ്രധാനപദ്ധതികളുടെയും സംരംഭങ്ങളുടെയും ഫലമായി, ഗോത്രവര്‍ഗക്കാരുടെ സമൂഹവുമായുള്ള ഏകോപനം ഇന്നു കൂടുതല്‍ വര്‍ധിച്ചിരിക്കുന്നു. മന്ത്രാലയം ഇന്ത്യയിലെ നിരവധി ഗോത്രഭാഷകളെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും പ്രയത്നിക്കുകയാണ്. മാത്രമല്ല, ഗോത്രഭാഷകളില്‍ പ്രാഥമികഗ്രന്ഥങ്ങള് വികസിപ്പിക്കുന്നതിനു വിദ്യാഭ്യാസസ്ഥാപനങ്ങളുമായും വിദഗ്ധരുമായും യോജിച്ചുപ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം ഗിരിവര്‍ഗസമൂഹങ്ങളുടെ ജീവിതത്തിന്റെ പ്രകടവും അല്ലാത്തതുമായ വശങ്ങള് ഉള്‍ക്കൊള്ളുന്നുവെന്ന് എനിക്കഭിമാനത്തോടെ പറയാനാകും. പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ ഏകോപനത്തില്‍, ഞങ്ങളുടെ പരിപാടികളും നയങ്ങളും ദേശീയ കാഴ്ചപ്പാടോടെ പ്രാദേശികതലത്തില്‍ നടപ്പിലാക്കുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, എല്ലാവര്ക്കും വിശാലമായ സാധ്യതകള്‍ പ്രദാനംചെയ്യുന്ന, ഉറച്ച സാമൂഹ്യ-സാമ്പത്തിക അടിത്തറയുള്ള, സുസ്ഥിര വികസനത്തിന്റെ മുന്‍നിരയിലുള്ള നാടായാണ് എന്റെ രാജ്യമായ ഇന്ത്യയെ ഞാന്‍ കാണുന്നത്. ലോകം നമ്മുടെ ശബ്ദത്തിനു കാതോര്ക്കുംവിധമുള്ള ശക്തികേന്ദ്രമാകുക, തുല്യപ്രാധാന്യമുള്ള പങ്കാളിയാകുക എന്നീ ലക്ഷ്യങ്ങളിലേക്ക് അടിവച്ചുനീങ്ങുകയാണ് ഇന്ത്യ. വൈവിധ്യമാര്‍ന്ന വികസനനടപടികളിലൂടെ, ഇന്ത്യയുടെ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനും ജനങ്ങള്‍ നയിക്കുന്ന സമ്പന്നമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുമായി, നാമൊന്നിച്ച് ഈ യാത്രയ്ക്കു തുടക്കം കുറിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: