പത്തനാപുരം: സിവില്‍ സപ്ലൈസ് വകുപ്പിന്റെ പൊതുവിതരണ കേന്ദ്രം (പിഡിഎസ്) ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരിചാക്കുകള്‍ വെള്ളം കയറി നശിച്ചു. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ആവണീശ്വരം ഗോഡൗണിന് അനുബന്ധമായുള്ള കുന്നിക്കോട് ശാസ്ത്രിജംഗ്ഷന് സമീപത്തെ പിഡിഎസ് കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന അരിയാണ് നശിച്ചത്.
കഴിഞ്ഞ ദിവസമാണ് അരിചാക്കുകള്‍ നനഞ്ഞിരിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. 50 ചാക്കുകളിലായി ഇരുന്നൂറ്റിയന്പതിലധികം കിലോ അരി നശിച്ചുവെന്നാണ് വിവരം. ചാക്കുകള്‍ അടുക്കിയിരുന്ന തറയില്‍ നിന്നുള്ള നനവ് പിടിച്ചതാകാം അരി നശിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഒരാഴ്ചയായി മേഖലയില്‍ ശക്തമായ മഴയാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിന്റെ ഒരുഭാഗത്ത് ഓടയുണ്ടെന്നും അവിടെ നിന്നുമുള്ള ജലാംശമാണ് അരി നശിക്കാന്‍ കാരണമായതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ആവണീശ്വരത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന ഗോഡൗണില്‍ നിന്നും വാതില്‍പടി വിതരണത്തിനായി അരിചാക്കുകള്‍ ഇവിടെയാണ് എത്തിക്കുന്നത്. റേഷന്‍കടകള്‍ക്കും മറ്റ് സ്ഥാപനങ്ങളിലേക്കും അരി, ഗോതമ്പ് അടക്കമുള്ളവ ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.
കുന്നിക്കോട് പിഡിഎസ് ഗോഡൗണിലെ അരിചാക്കുകള്‍ ജലാംശം കണ്ടതിനെ തുടര്‍ന്ന് കൊല്ലത്ത് നിന്നും ക്വാളിറ്റി കണ്ട്രോളര് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. റവന്യൂ വകുപ്പിന്റെയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. അരി ഉപയോഗയോഗ്യമല്ലാതായതിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: