ബെംഗളൂരു: കര്‍ണ്ണാടകയില്‍ പുതുതായി നിര്‍മ്മിക്കാന്‍ പോകുന്ന ആയിരക്കണക്കിന് ക്ലാസ് മുറികള്‍ക്ക് കാവിനിറം നല്‍കിയതിനെ ന്യായീകരിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. “ക്ലാസ്മുറികള്‍ക്ക് കാവിനിറം നല്കുന്നതില് എന്താണ് തെറ്റ്? ദേശീയ പതാകയില്‍ വരെ കാവിനിറം ഇല്ലേ സ്വാമി വിവേകാനന്ദന് വരെ കാവി ധരിച്ചിരുന്നില്ലേ?”- വിമര്‍ശകരുടെ വായടപ്പിച്ച് മുഖ്യമന്ത്രി ബൊമ്മൈ ചോദിച്ചു.
സര്‍ക്കാരിന്റെ പുതുതായ ‘വിവേക’ പദ്ധതിയിന്‍ കീഴില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ക്ലാസ് മുറികള്‍ക്കാണ് കാവിനിറം നല്‍കിയിരിക്കുന്നത്. ഏകദേശം 7601 പുതിയ ക്ലാസ് മുറികളാണ് സംസ്ഥാനത്തുടനീളം നിര്‍മ്മിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കലബുറഗി ജില്ലയിലെ മഡിയാളിലെ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്കൂളില്‍ ശിശുദിനത്തിന് വിവേക പദ്ധതിയുടെ തറയിടല്‍ കര്‍മ്മം മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
“വിമര്‍ശനമുന്നയിക്കുന്ന കോണ്‍ഗ്രസിന് വിദ്യഭ്യാസത്തിന്റെ സമഗ്രവികസനത്തിന് ഒരു താല്പര്യവുമില്ല. ഏത് പുരോഗമനപദ്ധതിയുടെ പേരിലും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. സ്വാമിവിവേകാനന്ദന്റെ പേരിലുള്ള വിവേക പദ്ധതിയില്‍ അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനും അതുവഴി സ്കൂളുകളില്‍ ഒരു മികച്ച അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും. ചിലര്‍ക്ക് കാവിനിറത്തോട് അലര്‍ജിയാണ്. കോണ്‍ഗ്രസിനോട് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂ- അവരുടെ കൊടിയില്‍ കാവിനിറമില്ലേ? എന്തിനാണ് ആ നിറം അവര്‍ നിലനിര്‍ത്തുന്നത് ?അത്രയ്ക്ക് അലര്‍ജിയുണ്ടെങ്കില്‍ അത് നീക്കം ചെയ്യൂ”- മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: