തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വി സിമാരുടെ നിയമനങ്ങളില്‍ യുജിസി ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് സുപ്രീം കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായതിനു പിന്നാലെയാണ് വിസിമാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍ദേശിച്ചത്. നിയമനത്തിനെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ നാണംകെട്ട് വിഎസിമാര്ക്ക് പുറത്തുപോകേണ്ടിവരുമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍, ഗവര്‍ണറുടേത് രാഷ്ട്രീയനീക്കമായി കണക്കാക്കി വെല്ലുവിളിച്ചാണ് പിണറായി സര്‍ക്കാരും വിഎസിമാരും രംഗത്തെത്തിയതും നിയമപോരാട്ടം ആരംഭിച്ചതും.
യുജിസി ചട്ടം പാലിക്കാതെ നിയമനം നടത്തിയതിന്റെ പേരില്‍ രണ്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരാണ് ഇതിനകം പുറത്തായത്. സാങ്കേതികസര്‍വകലാശാല വി.സി. ഡോ. എം.എസ്. രാജശ്രീ സുപ്രീംകോടതി വഴിയും കുഫോസ് വിസി ഡോ. കെ. റിജി ജോണ്‍ ഹൈക്കോടതി വഴിയുമാണ് പുറത്തായത്. എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ ചുടവുപിടിച്ചാണ് റിജി ജോണിന്റെ നിയമനവും ഹൈക്കോടതി റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം.
മറ്റു വിസിമാരുടെ നിയമനവും ഏതാണ്ട് സമാനരീതിയില്‍ ആയതിനാല്‍ നിയമനത്തിനെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ ഒരോരുത്തര്‍ക്കായി നാണംകെട്ട് പുറത്തുപോകേണ്ടിവരും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്വീകരിച്ച നിലപാടിനെ പിന്തുണയ്ക്കുന്ന വിധിയാണ് കുഫാസ് വിസിയെ പുറത്താക്കിയ ഇന്നത്തെ ഹൈക്കോടതി വിധി. സാങ്കേതിക സര്‍വകലാശല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തൊട്ടടുത്ത ദിവസമാണ് ഗവര്‍ണര്‍ മറ്റു സര്‍വലകലാശാകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം നിന്ന വി.സിമാര്‍ രാജിക്ക് കൂട്ടാക്കിയില്ല. അയഞ്ഞ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ്. അത് കിട്ടിയ ശേഷം നടപടിയെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇതിനിടെ ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പാകുന്നത് വരെ തുടര്‍നടപടി ഹൈക്കോടതിയും വിലക്കിയിട്ടുണ്ട്. എന്നാല്‍, സുപ്രീം കോടതിയില്‍ നിന്ന് വിധിയുണ്ടായ പശ്ചാത്തലത്തില്‍ ഹൈക്കോടതി മറ്റൊരു വിധി ഇത്തരം നിയമനങ്ങളില്‍ സ്വീകരിക്കില്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: