ഡോ. സജീവ് പി.പി.
2019ല്‍ ഭാരതസര്‍ക്കാര്‍ കൊണ്ടുവന്ന 103-ാം ഭരണഘടനാ ഭേദഗതിയുടെ ഭരണഘടനാസാധുത ഇപ്പോള്‍ പരമോന്നത കോടതി ശരിവച്ചിരിക്കുന്നു. നാളിതുവരെയായി തുടര്‍ന്നുവന്നിരുന്ന തെറ്റായ സംവരണതത്വങ്ങള്‍ക്കുള്ള പരിഹാരമായും, സാമ്പത്തികമായ പന്നാക്കാവസ്ഥ കാരണം സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ട മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവരെക്കൂടി സംവരണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടും കൂടിയാണ് ഭാരതസര്‍ക്കാര്‍ പ്രസ്തുത ഭേദഗതി കൊണ്ടുവന്നത്. പ്രതിപക്ഷ നിരയിലെ ചുരുക്കം ചില അംഗങ്ങള്‍ ഒഴികെ മറ്റെല്ലാവരും ഈ നിയമഭേദഗതി അംഗീകരിക്കുകയാണുണ്ടായത്. എന്നാല്‍ ഈ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്നുണ്ടെന്നും ഇന്ദിരാ സാഹ്നി കേസിലെ 50% സംവരണപരിധി പ്രസ്തുത ഭേദഗതി മറികടക്കുന്നു എന്നുമുള്ള ആശങ്കകളുടെ വെളിച്ചത്തില്‍ 103-ാം ഭേദഗതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചീഫ് ജെസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ അഞ്ചങ്ക ബെഞ്ച് അതില്‍ വിധി പ്രസ്താവിക്കുകയുമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
സംവരണത്തെക്കുറിച്ചുള്ള മൂന്ന് അടിസ്ഥാന പ്രശ്‌നങ്ങളാണ് സുപ്രീം കോടതി പരിശോധിച്ചത്. 1. സംവരണത്തിന് സാമ്പത്തികനില അടിസ്ഥാനമാക്കാമോ? നിലവിലെ സംവരണതത്വം ജാതി അടിസ്ഥാനമാക്കിയാണല്ലോ. എസ്‌സി/എസ്ടി, ഒബിസി മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിങ്ങനെ ജാതി തിരിച്ചുള്ള സംവരണമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലെ തെറ്റുകള്‍ക്ക് ചെറിയ ഒരു നഷ്ടപരിഹാരം എന്ന നിലയ്‌ക്കാണ് ഭരണഘടനാശില്‍പ്പികള്‍ സംവരണത്തെ വിഭാവനം ചെയിതിരുന്നത്. അപ്പോള്‍ സാമ്പത്തികാവസ്ഥകൂടി അതിലേക്കു കൊണ്ടുവന്നപ്പോള്‍ അത് കൂടുതല്‍ വിശദമായ നിയമപരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതുണ്ടായിരുന്നു. 2.നിലവില്‍ സംവരണാനുകൂല്ല്യം അനുഭവിക്കുന്ന എസ്‌സി/എസ്ടി, ഒബിസി മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയത് ശരിയാണോ? 3. ഇന്ദിരാ സാഹ്നി കേസില്‍ സംവരണപരിധി 50% ആയി നിജപ്പെടുത്തിയത് മറികടക്കാന്‍ പറ്റാത്തതാണോ?
ഈ മൂന്നു ചാദ്യങ്ങള്‍ക്കും ഭൂരിപക്ഷ വിധിയിലൂടെ അസന്നിഗ്ധമായ ഉത്തരമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. ജ.ദിനേശ് മഹേശ്വരി, ജ.ബേല.എം.ത്രിവേദി, ജ.ജെ.ബി. പര്‍ദിവാല എന്നീ ജഡ്ജിമാര്‍ സംവരണത്തിന് സാമ്പത്തികം മാനദണ്ഡമാക്കുന്നതില്‍ തെറ്റില്ലന്നും അത് ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്നും വിധിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കാനുള്ള അവകാശവും അധികാരവും സര്‍ക്കാറിനുണ്ടന്ന് ജ.ബേല.എം.ത്രിവേദി നീരീക്ഷിച്ചു. അങ്ങിനെ ചെയ്യുന്നതില്‍ വിവേചനപരമായി ഒന്നുമില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. സംവരണാനുകൂല്യം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് നിക്ഷിപ്ത താല്‍പ്പര്യത്തിനു തുല്ല്യമാണന്ന സുപ്രധാന നിരീക്ഷണം ജ. ജെ.ബി. പര്‍ദിവാല നടത്തുകയുണ്ടായി. മുന്നോട്ടുപോയവരെ പിന്നാക്കവിഭാഗത്തില്‍നിന്നും മാറ്റേണ്ടതുണ്ടെന്നും, ഇതുവഴി യഥാര്‍ത്ഥത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹത്തിന്റെ വിധീന്യായത്തില്‍ ഉണ്ട്. നിലവിലെ സംവരണ ഫോര്‍മുലകളെക്കുറിച്ചുള്ള ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കുന്ന ഒന്നാണ് ആ വിധിപ്രസ്താവം. സാമ്പത്തിക സംവരണം അനുവദനീയമാണെങ്കിലും പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നത് വിവേചനപരമാണന്ന് ജ.രവീന്ദ്ര ഭട്ട് അഭിപ്പ്രായപ്പെട്ടു. സംവരണം 50 ശതമാനം കവിയരുതെന്ന സുപ്രീം കോടതി വിധി ലംഘിക്കുന്നതാണ് സാമ്പത്തിക സംവരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിഫ് ജെസ്റ്റിസ് യു.യു.ലളിത് ഇതിനോട് യോജിച്ചു. ബെഞ്ചിന്റെ അധ്യക്ഷന്‍ ഭിന്നവിധിയോട് യോജിക്കുക എന്ന അസാധാരണത്വത്തിനും സുപ്രീം കോടതി സാക്ഷിയായി.
ഭരണഘടനാ നിര്‍മ്മാണവേളയില്‍ സംവരണം എന്നത് ഒരു താല്‍ക്കാലിക പരിഹാരമായാണ് അംബേദ്കറെപ്പോലുള്ളവര്‍ കരുതിയത്. സംവരണം ഒരു വഴി മാത്രമാണന്നും ജാതിപരമായ ഉച്ഛനീചത്വങ്ങള്‍ക്ക് പരിഹാരം സംവരണമല്ലന്നുമുള്ള കാഴ്ചപ്പാടായിരുന്നു അവര്‍ക്ക്. രാജ്യം സാമ്പത്തികമായും സാങ്കേതികമായും വിദ്യാഭ്യാസപരമായും പുരോഗതി കൈവരിക്കുമ്പോള്‍ പിന്നാക്കാവസ്ഥകള്‍ക്ക് മാറ്റമുണ്ടാകുമെന്നും അവര്‍ പ്രത്യാശിച്ചു. അതുകൊണ്ടാണ് സംവരണം പത്തുവര്‍ഷത്തേക്കായി ആദ്യം നിജപ്പെടുത്തിയത്. എന്നാല്‍ സംവരണം ഒരു രാഷ്‌ട്രീയായുധമായും പിന്നാക്കാവസ്ഥയെ സ്ഥിരപ്പെടുത്താനുള്ള മാര്‍ഗമായും മാറുന്നതാണ് നമ്മള്‍ കാണുന്നത്. ജാതിയില്‍ മുന്നാക്കമായിപ്പോയതിന്റെ പേരില്‍ സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന വിഭാഗത്തിന്റെ സങ്കടങ്ങള്‍ അഭിസംബോധന ചെയ്യാന്‍ നാളിതുവരെയുള്ള സര്‍ക്കാറുകള്‍ ഒന്നും ചെയിതില്ലെന്നുള്ളത് വസ്തുതയാണ്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോട്ടുനില്‍ക്കുന്നവരെക്കൂടി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്ന വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ജാതി അടിസ്ഥാനമാക്കിയുള്ള സംവരണരീതികള്‍ മാറേണ്ടതുണ്ടന്ന സുപ്രധാന കാഴ്ചപ്പാടും ഈ വിധി മുന്നോട്ട് വെക്കുന്നു. രാജ്യം കൈവരിച്ചിരിക്കുന്ന സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഇന്ത്യയിലെ എല്ലാ വിഭാഗക്കാര്‍ക്കും അവസര സമത്വം പ്രദാനം ചെയ്യുന്നുണ്ട്. പിന്നാക്കം നില്‍ക്കുന്നവരെ സാമ്പത്തികമായി ശക്തിപ്പെടുത്തുക എന്നതാണ് കാലം ആവശ്യപ്പെടുന്നത്. സംവരണത്തിന് സാമ്പത്തികം മാനദണ്ഡമാക്കുമ്പോള്‍ സംവരണത്തിന്റെ തുടര്‍ച്ചയില്‍ മാറ്റമുണ്ടാകും. സാമ്പത്തികമായി മുന്നേറിയവരെ ഈ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കി കൂടുതല്‍ സാഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കാന്‍ അതുവഴി സാധ്യമാവുകയും ചെയ്യും.
സാമ്പത്തികസംവരണത്തിനുള്ള മേല്‍ത്തട്ട് പരിധി എട്ടുലക്ഷം രൂപയാക്കിയതില്‍ വൈരുധ്യമുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട ഒന്നാണത്. രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതിയുടെ പരിധിയില്‍ വരുമെന്നിരിക്കെ എട്ട് ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് സാമ്പത്തികസംവരണാനുകൂല്യം നല്‍കുന്നത് വിരോധാഭാസമാണ്. ഇത് ഒരു നാല് ലക്ഷം രൂപയാക്കിനിര്‍ത്തിയാല്‍ അത് കൂടുതല്‍ യുക്തിസഹമായിരിക്കും. ഉച്ചനീചത്വങ്ങള്‍ ജാതിയുടെ പേരിലായാലും സമ്പത്തിന്റെ പേരിലായാലും പരിഹരിക്കപ്പെടാതെ രാജ്യപുരോഗതി സാധിക്കില്ലെന്നുകൂടി ഈ വിധി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: