തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന താല്‍ക്കാലിക നിയമനങ്ങളില്‍ അഴിമതി നടന്നുവെന്ന് അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയാല്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെയും മേയര്‍ ആര്യയെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യും. സര്‍ക്കാര്‍ അനുവാദത്തോടെയാണ് താല്‍ക്കാലികനിയമനത്തിന് സിപിഎം ജില്ലാനേതാവിനോട് കത്ത് വഴി ലിസ്റ്റ് ആവശ്യപ്പെട്ട വിഷയത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
ഈ അന്വേഷണം മേയര്‍ ആര്യ രാജേന്ദ്രന് അഗ്നിപരീക്ഷയാണ്. ആദ്യ ദിവസത്തെ അന്വേഷണത്തില്‍ കത്തിന്റെ ഒറിജിനല്‍ കിട്ടിയില്ലെന്നാണ് വിജിലന്‍സ് അറിയിച്ചിരിക്കുന്നത്. ഒളിജിനല്‍ നശിപ്പിച്ചിട്ടുണ്ടാകാമെന്ന് ആശങ്കയുണ്ട്. കോര്‍പറേഷന്‍ പാര്‍ലമെന്‍ററി സെക്രട്ടറി ഡി.ആര്‍. അനില്‍ എസ്എടി ആശുപത്രിയിലെ നിയമനത്തിന് ലിസ്റ്റ് ആവശ്യപ്പെട്ട് നല്‍കിയ കത്തിന്റെയും ഒറിജിനല്‍ ഇല്ല. ഇതാണ് വിജിലന്‍സിനെ കുഴക്കുന്നത്.
കത്ത് വ്യാജലെറ്റര്‍പാഡില്‍ തയ്യാറാക്കിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മേയര്‍ ആര്യയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും. കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനത്തിന് കോടികളുടെ അഴിമതി നടക്കുന്നുവെന്ന് കോര്‍പറേഷനിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജി.കെ. ശ്രീകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് സംഘം അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കും.
വിജിലന്‍സ് ഡയറക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പ് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമായിരുന്നു. അതേ സമയം, സിപിഎം ഈ വിഷയത്തില്‍ അന്വേഷിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ തീരുമാനിച്ചതിനാല്‍ മിക്കവാറും മേയറെ രക്ഷിക്കാനാണ് സാധ്യത. വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയതും കണ്ണില്‍പൊടിയിടാനാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: