കഴിഞ്ഞയാഴ്ച കണ്ണൂരില്‍നിന്നും എ. ദാമോദരന്റെ സന്ദേശം വന്നത് മണത്തണയിലെ മുന്‍ സംഘചാലകനും തപാല്‍ വകുപ്പില്‍നിന്ന് പിരിഞ്ഞശേഷം കാല്‍നൂറ്റാണ്ടുകാലം അവിടെ പ്രവര്‍ത്തനനിരതനുമായി കഴിഞ്ഞ കെ.പി. ഗോവിന്ദന്‍ നായരുടെ ചരമവാര്‍ത്ത അറിയിച്ചുകൊണ്ടായിരുന്നു. അദ്ദേഹം അസുഖബാധിതനായി ആസ്പത്രിയിലായിരുന്നുവെന്ന് എട്ടുപത്തു ദിവസം മുന്‍പു തന്നെ അറിഞ്ഞിരുന്നു. ആ വാര്‍ത്ത ഒട്ടേറെ ഓര്‍മകള്‍ മനസ്സില്‍ ഉണര്‍ത്താന്‍ ഇടയാക്കി.
മണത്തണ എനിക്ക് വളരെ കനപ്പെട്ട വൈചാരിക ബന്ധങ്ങളുള്ള നാടാണ്. ദക്ഷിണകാശിയെന്നു പ്രസിദ്ധമായ കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ ഗോപുരമായാണ് ആ സ്ഥലം അറിയപ്പെട്ടുവന്നത്. 1958 ല്‍ തലശ്ശേരിയില്‍ പ്രചാരകനായിരുന്ന കാലത്തു അവിടത്തെ സ്വയംസേവകരുമൊത്ത് ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. കേസരി പത്രാധിപരായിരുന്ന സാധുശീലന്‍ പരമേശ്വരന്‍ പിള്ളയും ഒപ്പമുണ്ടായിരുന്നു. പിന്നീടദ്ദേഹം സ്വാമി പരമേശ്വരാനന്ദ എന്നു പ്രസിദ്ധനായി.
മണത്തണയില്‍ സംഘപ്രവര്‍ത്തനം വേണമെന്ന് അന്ന് ആഗ്രഹിച്ചതാണ്. അന്ന് പേരാമ്പ്ര മുതല്‍ 20 കി.മീ. കാല്‍നടയായി വേണ്ടിയിരുന്നു യാത്ര. ആനയടക്കമുള്ള കാട്ടുമൃഗങ്ങളുടെ വിഹാരഭൂമിയായിരുന്നു അവിടം. 10-12 സ്വയംസേവകര്‍ അതും തലശ്ശേരിയിലെ സാക്ഷാല്‍ സി. ചന്ദ്രേട്ടന്റെ നേതൃത്വത്തില്‍ നടത്തുന്ന യാത്ര ശ്രദ്ധിക്കപ്പെടാതെ പോവില്ലല്ലൊ. മണത്തണക്കാര്‍ക്ക് അത് ആര്‍എസ്എസ്സുകാരാണെന്ന് മനസ്സിലായി. ഇരിട്ടിയിലെ കീഴൂരില്‍ പലര്‍ക്കും മണത്തണയില്‍ പരിചയക്കാരും ബന്ധുക്കളുമുണ്ടായിരുന്നു. അവരുടെ ശ്രമഫലമായി ഒരു പ്രയത്‌ന ശാഖ ആരംഭിക്കാന്‍ സാഹചര്യമുണ്ടായി. അങ്ങനെ ഒരു ദിവസം അവിടെ പോയി. പത്തിരുപതു പേര്‍, മധ്യവയസ്‌കരും യുവാക്കളും കിശോരന്മാരുമായി ഒത്തുചേര്‍ന്നു. സംഘത്തിന്റെ മൗലികമായ കാര്യങ്ങളും പ്രവര്‍ത്തന സമ്പ്രദായങ്ങളും അവര്‍ക്കു വിശദീകരിച്ചുകൊടുത്തു. പി.പി. മുകുന്ദനും ഏതാനും ചെറുപ്പക്കാരും കൂടുതല്‍ താല്‍പ്പര്യമെടുക്കുന്നതായി കണ്ടു. അന്നത്തെ ചടങ്ങുകള്‍ക്കു ശേഷം ‘മീശക്കണ്ണേട്ടന്‍’ എന്നു അറിയപ്പെട്ടിരുന്നയാളുടെ കടയില്‍നിന്ന് ഭക്ഷണം കഴിച്ചു എല്ലാവരും പിരിഞ്ഞു. മണത്തണപ്പാറയില്‍ കെ.പി. ഗോവിന്ദനും ഞാനും ശേഷിച്ചു. ഗോവിന്ദന് ‘ഗോവി’ എന്നാണ് ചുരുക്കപ്പേര്. നമ്മുടെ കെ.ജി. മാരാര്‍, ഗോവിമാരാര്‍ എന്നും ഗോവിയേട്ടന്‍ എന്നും വിളിക്കപ്പെട്ടത് ഇതുപോലെയാണ്. കെ.പി. ഗോവിന്ദന്‍ തപാല്‍ വകുപ്പില്‍ ‘എക്‌സ്ട്രാ’ ജീവനക്കാരനായിരുന്നു. അവര്‍ക്ക് ഒരു ടെസ്റ്റ് എഴുതി പാസ്സായാല്‍ സാധാരണ തപാല്‍ ജീവനം സാധ്യമാകുമായിരുന്നു. അതിന് തലശ്ശേരിക്കു പോകാന്‍ ഗോവിന്ദനും ഞാനും യാത്ര പുലര്‍ച്ചെ ഒരുമിച്ചായി. ഒരു വര്‍ഷത്തിനുശേഷം ഫലം വന്നു. തിരുവനന്തുപുരത്ത് പരിശീലനത്തിനു പോകണം. അവിടെ എം.പി. ഭാസ്‌കര്‍ജിയായിരുന്നു പ്രചാരകന്‍. കാര്യാലയത്തില്‍ താമസവും പരിശീലനവുമായി കഴിഞ്ഞു. ഗോവിയുടെ കൊട്ടിയൂര്‍ മലയാളവും തിരുവനന്തപുരത്തെ മലയാണ്മയും ഒട്ടേറെ രസകരമായ അനുഭവങ്ങള്‍ക്കും അവസരങ്ങള്‍ക്കും കളമൊരുക്കി. അദ്ദേഹം അയയ്‌ക്കാറുണ്ടായിരുന്ന കത്തുകളും ഇടയ്‌ക്കിടെ തിരുവനന്തപുരം പ്രചാരകന്മാരെ കാണുമ്പോഴത്തെ വര്‍ത്തമാനങ്ങളും ചിരിക്കാന്‍ അവസരങ്ങളൊരുക്കി.
1967 ല്‍ എനിക്ക് ജനസംഘത്തിന്റെ ചുമതല നല്‍കപ്പെട്ടപ്പോള്‍ വീണ്ടും ഉത്തരകേരളത്തിലെത്തി. ആ സമയത്ത് ഗോപി പേരാവൂരില്‍ പോസ്റ്റ് മാസ്റ്ററായിരുന്നു. അവിടെ പോയി കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷവും ആഹ്ലാദവും വിസ്മയവും വിവരിക്കാനാവില്ല. പോസ്റ്റോഫീസില്‍ താമസസൗകര്യവുമുണ്ട്. കുടുംബം കൂടിയുള്ളതിനാല്‍ അതു ഒന്നുകൂടി സന്തോഷത്തിനു വകയായി. ഓഫീസ് കൃത്യങ്ങള്‍ അവസാനിപ്പിച്ചു ഞങ്ങള്‍ കൊച്ചുവര്‍ത്തമാനങ്ങളും വലിയ വര്‍ത്തമാനങ്ങളുമായി നേരം വെളുപ്പിച്ചു. ഒന്നാമത്തെ ബസ്സിനു എന്നെക്കയറ്റിയിരുത്തി. രാത്രിയിലെ ഉറക്കത്തിന്റെ കുടിശിക ഞാന്‍ ബസ്സിലാണ് പരിഹരിച്ചത്. ഗോവി 1962 ലെ കോയമ്പത്തൂര്‍ സംഘശിക്ഷാവര്‍ഗിലാണ് പരിശീലനം കഴിച്ചത്. അവിടെ ശിക്ഷാര്‍ത്ഥിയായി സനല്‍ എന്ന സ്വയംസേവകനുണ്ടായിരുന്നു. പിന്നീടദ്ദേഹം വളരെക്കാലം പ്രചാരകനായും അടിയന്തരാവസ്ഥയ്‌ക്കുശേഷം കുരുക്ഷേത്രയുടെ തുടക്കക്കാലത്ത് അതിന്റെ ചുമതലയായും പ്രവര്‍ത്തിച്ചിരുന്നു. സനല്‍ കുമാറിന്റെ ഗാനങ്ങള്‍ അതീവ ഹൃദ്യമായിരുന്നു. അക്കാലത്ത് മദിരാശിയില്‍ പ്രചാരകനായിരുന്ന ദിനകര്‍ ബുഝേ സംഗീതത്തിന്റെ സമുദ്രം തന്നെയായിരുന്നു. ദിനകര്‍ജിയുടെ ശിക്ഷണത്തില്‍ സനല്‍ ഗണഗീതം നയിക്കുന്നതില്‍ വൈദഗ്‌ദ്ധ്യം നേടി. ശിക്ഷണം കഴിഞ്ഞെത്തിയ ഗോപി കൂടുതല്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തനത്തില്‍ മുഴുകി. സഹോദരിയുടെ മകന് സനല്‍ എന്നുപേരിട്ടത് അഭിമാനത്തോടെയാണ് എന്നോടു പറഞ്ഞത്.
വളരെ വര്‍ഷങ്ങള്‍ പരസ്പരം ബന്ധപ്പെടാതെ കഴിഞ്ഞുവരവെ ബന്ധം പുതുക്കാന്‍ അവസരമുണ്ടായി. കണ്ണൂര്‍ ജില്ലയിലെ പഴയ സ്വയംസേവകരുടെ ഒരു ദിവസത്തെ കൂട്ടായ്മ ടൗണിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടത്തപ്പെട്ടു. പഴയ ജില്ലാ പ്രചാരകനെന്ന നിലയ്‌ക്ക് ഞാനും ക്ഷണിക്കപ്പെട്ടു. ഹരിയേട്ടനായിരുന്നു വിശിഷ്ടാധികാരിയായി പങ്കെടുത്തത്. ആ ചടങ്ങിന്റെ ഇടവേളയില്‍ പഴയകാല പ്രവര്‍ത്തകരുമായി പരിചയം പുതുക്കുന്നതിനിടെ തളിപ്പറമ്പിലെ കണ്ണേട്ടന്‍, കൂടാളിയിലെ കെ.എം.ഗോവിന്ദന്‍ നമ്പ്യാര്‍, മണത്തണഗോപി എന്നിവരെക്കണ്ടു. നമ്പ്യാരും ഗോപിയും സംഘചാലകന്മാരായിരുന്നു. ഇവരാരും അവരുടെ സ്ഥലങ്ങളിലേക്കു ക്ഷണിച്ചു. ഗോവിന്ദന്‍ നമ്പ്യാരുടെ ഒരനുജന്‍ ജോലിയുമായി ജലന്ധറിലോ ലുധിയാനയിലോ ആണത്രേ. ആള്‍ അവിടെയും സംഘ ചുമതല വഹിക്കുന്നുണ്ട് എന്നറിഞ്ഞു. കണ്ണൂരിലെ നാട്ടുമ്പുറത്തുകാരന്‍ ഹരിയാനയില്‍ ‘മാനനീയ’നാകുന്ന അത്ഭുതം സംഘത്തിന്റെതുമാത്രമായ സവിശേഷതയാണ്. അങ്ങനെ വേറെയുമെത്ര പേര്‍!
മണത്തണയില്‍ സംഘത്തിന്റെ പഴയവരുടെയും പുതിയവരുടെതുമായ ഒരു സംഗമം വച്ചാല്‍ പങ്കെടുക്കണമെന്ന ഗോപിയുടെ ക്ഷണം അന്നായിരുന്നു. 2018 ല്‍ അതിനവസരമുണ്ടായി. മണത്തണയില്‍ സംഘകാര്യാലയം നിര്‍മിച്ചതിന്റെ ഗൃഹപ്രവേശമായിരുന്നു അവസരം. അവിടത്തെ ആദ്യശാഖ നടന്ന സ്ഥലത്ത് നിര്‍മിക്കപ്പെട്ട മന്ദിരത്തിന് കാര്യാലയത്തിന്റെയും ആശ്രമത്തിന്റെയും സംയുക്ത സ്വഭാവമായിരുന്നു. തലശ്ശേരി സ്റ്റേഷനില്‍ സ്വീകരിക്കാന്‍ അദ്ദേഹവും മറ്റൊരു സ്വയംസേവകനും എത്തി. ജീപ്പിലാണ് ഞങ്ങളെ കൊണ്ടുപോയത്. അരനൂറ്റാണ്ടു മുന്‍പ് പതിവായി യാത്ര ചെയ്തിരുന്ന ആ വഴിയിലെത്തുമ്പോഴേക്കും നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. രണ്ടുനാള്‍ അവിടെ താമസത്തിനും ഒരു വീടു പറഞ്ഞുവച്ചിരുന്നു. പരിപാടി മുഴുവനും അതീവ ആസ്വാദ്യമായി. പഴയകാല സ്വയംസേവകര്‍ പലരും അവശനിലയിലായിരുന്നു. അവരെ പോയിക്കാണാനും ഒപ്പം അല്‍പ്പസമയം ചെലവഴിക്കാനും അവസരം ലഭിച്ചു. എസ്.സേതുമാധവന്‍, തലശ്ശേരിയിലെ സി. ചന്ദ്രശേഖരന്‍ തുടങ്ങിയ മുതിര്‍ന്നവരും എത്തിയിരുന്നു. പരിപാടികള്‍ക്കു ശേഷം കൊട്ടിയൂരിലും പോയി. ഇക്കരെ കൊട്ടിയൂരില്‍ തൊഴുതു. ഉത്സവക്കാലം കഴിഞ്ഞതിനാല്‍ അക്കരെ പോകാനാവില്ലായിരുന്നു. അവിടെ തന്നെ താമസക്കാരനായ മറ്റൊരു ഗോപിയെയും കണ്ടു. മടങ്ങി മണത്തണയെത്തി. പിറ്റേന്നു മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്നേറ്റശേഷം അദ്ദേഹം സ്വഗൃഹത്തില്‍ പോയി. സ്വന്തം വീട്ടിലൊഴികെ മണത്തണയിലെ പരിചിത ഗൃഹങ്ങളിലെല്ലാം അന്നു പോകാന്‍ അവസരമുണ്ടാക്കിയിരുന്നു. പിറ്റേന്നു രാവിലെ പി.പി. മുകുന്ദന്റെ വീട്ടില്‍ പോയി. അവിടെ ശാഖ തുടങ്ങിയ നാള്‍ മുതല്‍ സ്വന്തം വീടായി എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന വീടാണത്. മാനനീയ അണ്ണാജി മുതല്‍ അവിടെ താമസിച്ച സംഘാധികാരിമാര്‍ക്കു കണക്കില്ല.
ഗോവിയെ വീട്ടില്‍ ചെന്നു കാണാന്‍ ഒരുങ്ങിയപ്പോഴാണ് നെഞ്ചുവേദന കലശലായതിനാല്‍ ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ടുവെന്നും അറിഞ്ഞത്. മുകുന്ദന്റെ അനുജന്റെ മകന്‍ ഞങ്ങളെ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെത്തിച്ചു. പിന്നീട് അവിടെനിന്നു തലശ്ശേരി സ്റ്റേഷനിലേക്കും.
ഇടയ്‌ക്കിടെ കത്തുകള്‍ വഴി വിവരങ്ങള്‍ അറിഞ്ഞുവന്നുവെങ്കിലും ആള്‍ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നു സംഘപ്രവര്‍ത്തകരില്‍ നിന്ന് മനസ്സിലായിരുന്നു.
വിശദമായിരുന്നു കത്തുകളിലെ വിവരങ്ങള്‍. ഒട്ടും മറയില്ലാത്ത സ്വയം വിമര്‍ശനങ്ങള്‍ അവയില്‍ അടങ്ങിയിരുന്നു. കൊട്ടിയൂരിലെ കളഭം അയച്ചുതരുന്ന പതിവും ഉണ്ടായിരുന്നു. ആറുപതിറ്റാണ്ടിലേറെ നീണ്ട സാഹോദര്യബന്ധത്തിനാണ് തിരശ്ശീല വീണത്. സംഘപഥത്തിലെ പഥികന്‍, മനുഷ്യസഹജമായ എല്ലാ കുറ്റങ്ങളും കുറവുകളുമുള്ളയാള്‍, എന്നാലും മറക്കാനാവാത്ത വ്യക്തിത്വം! സംഘശാഖയില്‍ വന്നതുകൊണ്ട് മെച്ചപ്പെട്ട മനുഷ്യനാകുമെന്നതിന് ഉദാഹരണമായി അന്നാട്ടിലെ പലരും ചൂണ്ടിക്കാട്ടാറുണ്ടായിരുന്ന വ്യക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: