മുംബൈ: എന്‍സിപിയുടെ ഗുണ്ടായിസത്തിനേറ്റ അടിയായിരുന്നു മഹാരാഷ്ട്രയിലെ മുന്‍ ന്യൂനപക്ഷക്ഷേമമന്ത്രിയായ ജിതേന്ദ്ര അഹ് വാദിന്റെ അറസ്റ്റ്. ഛത്രപതി ശിവജി ഏകാധിപതിയും ക്രൂരനുമായ അഫ്സല് ഖാനെ വധിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ താനെയിലെ വിവിയാന മാളില്‍ ഗുണ്ടകളുമായി ചെന്ന് സിനിമ കാണുന്നവരെ ആക്രമിച്ച് പ്രദര്‍ശനം തടയുകായായിരുന്നു ജിതേന്ദ്ര അഹ് വാദ്.
എന്നാല്‍ ഇത് ഉദ്ധവ് താക്കറെ ഭരിയ്ക്കുന്ന മഹാരാഷ്ട്രയല്ലെന്നും പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞതുപോലെ തന്നെ വര്തക്നഗര് പൊലീസ് ജിതേന്ദ്ര അഹ് വാദിനെ അറസ്റ്റ് ചെയ്തു പിന്നീട് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
എന്‍സിപിയ്ക്ക് ഒരിയ്ക്കലും വിശ്വസിക്കാനാവാത്ത വാര്‍ത്തയായിരുന്നു അത്. അവരുടെ മുന്‍മന്ത്രി കൂടിയായ അഹ് വാദിനെ പൊലീസ് അറസ്റ്റ് ചെയ്യുക. എന്തൊക്കെ ഗുണ്ടായിസം കാണിച്ചാലും അനങ്ങാത്ത മഹാരാഷ്ട്ര പൊലീസിന്റെ ഈ നടപടി എന്‍സിപിയ്ക്ക് മുഖത്തേറ്റ അടിയായിരുന്നു. ഭരണം മാറി എന്ന് ഓര്‍ക്കണമെന്ന മഹിളാമോര്‍ച്ച സംസ്ഥാനഅധ്യക്ഷ ചിത്ര വാഗിന്റെ മുന്നറിയിപ്പ് എന്‍സിപി കേന്ദ്രങ്ങള്‍ക്ക് ശരിക്കും മനസ്സിലായിക്കാണണം.
അതോടെ എന്‍സിപി കേന്ദ്രങ്ങള്‍ ഉണര്‍ന്നു. താനെയിലെ വര്‍ത്തക് നഗര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. ശരത്പവാറിന്റെ മകള്‍ സുപ്രിയ സുലേ അറസ്റ്റിനെ വിമര്‍ശിച്ച് വാര്‍ത്താസമ്മേളനം നടത്തി. മുംബൈ പൊലീസിലെ ഉന്നതരുടെ സമ്മര്‍ദ്ദഫലമായാണ് അറസ്റ്റെന്ന് സുപ്രിയ സുലെ വിമര്‍ശിച്ചു.
എന്തായാലും അഹ് വാദ് ജയിലിലായതോടെ ഹര് ഹര് മഹാദേവ് സിനിമയ്ക്കെതിരായ എന്‍സിപിയുടെ ഗുണ്ടായിസം ഒതുങ്ങി. സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്തും ഗുണ്ടായിസം കൊണ്ട് നേടിയെടുക്കാമെന്ന എന്‍സിപിയുടെ ഹുങ്ക് അല്പമൊന്നടങ്ങിയിരിക്കുന്നു. അതിനിടെ കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം ജിതേന്ദ്ര അഹ് വാദിന് കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: