അഞ്ചല്‍: ദശാബ്ദങ്ങളായി പാതയോരത്തുണ്ടായിരുന്ന ചാല് അശാസ്ത്രീയമായി മണ്ണിട്ട് വസ്തു ഉടമ നികത്തിയതോടെ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ ദുരിതപ്പെടുന്നത് നിരവധി കുടുംബങ്ങള്‍. അലയമന്‍ പഞ്ചായത്തിലെ കരുകോണ്‍ പുഞ്ചക്കോണം പാതയില്‍ അശ്വതി മില്ലിന് സമീപത്താണ് ദുരിതം. ഈ ഭാഗത്ത് ഒഴുകിയെത്തുന്ന വെള്ളം കെട്ടികിടക്കാതെ ഒഴുകി പോകാന്‍ വര്‍ഷങ്ങളായി ചാല് ഉണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ വസ്തു ഉടമ ഇവിടെ മണ്ണിട്ട് നികത്തി. ഇതോടെ മഴപെയ്താല്‍ മുട്ടോളം വെള്ളത്തില്‍ നടക്കേണ്ട അവസ്ഥയാണ് നാട്ടുകാര്‍ക്ക്.
വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം ഒലിച്ചിറങ്ങി സമീപത്തെ വീടുകള്‍ക്കുള്ളിലേക്ക് കയറുകയും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. വീടുകള്‍ക്കും ശുചിമുറികള്‍ക്കും തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി ഭീഷണി വേറെയും. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടക്കാട്ടി പലതവണ റവന്യു, പഞ്ചായത്ത്, പോലീസ്, അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കടവറം-പുഞ്ചക്കോണം പാലം നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇതുവഴിയാണ് വാഹനങ്ങള്‍ പോകുന്നത്.
സ്കൂള്‍ ബസുകള്‍ അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് നിത്യവും കടന്നുപോകുന്നത്. വെള്ളക്കെട്ടില്‍ കാല്‍നടയാത്ര പോലും ദുഷ്കരമായി. റോഡും തകര്‍ന്നു. വാര്‍ഡ് മെമ്പര്‍ ഇപ്പോള്‍ ശരിയാക്കാം എന്ന് പറയുന്നതല്ലാതെ നടപടിയില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: