മനാമ: മാനവ സാഹോദര്യത്തിന്റെ സന്ദേശവുമായി മാർപാപ്പയുടെ നേതൃത്വത്തിൽ ബഹ്‌റൈനിൽ നടന്ന ലോക മതസൗഹാർദ്ദ സമ്മേളനത്തിൽ പ്രതിനിധിയായി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുടെ അൽസാക്കിർ പാലസിൽ നടന്ന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് പുറമെ ഈജിപ്തിലെ അൽ-അസർ പള്ളി ഇമാമും അൽ-അസർ സർവകലാശാല മേധാവിയുമായ ഷെയ്ഖ് അഹമ്മദ് അൽ തയ്യിബ് തുടങ്ങിയ മതമേലധ്യക്ഷൻമാർക്കൊപ്പമാണ് മാതാ അമൃതാനന്ദമയി ദേവിയെ പ്രതിനിധീകരിച്ച് സ്വാമി അമൃതസ്വരൂപാനന്ദപുരി ഫോറം ഓഫ് ഡയലോഗിൽ പങ്കെടുത്തത്.

വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറിലധികം മതമേലധ്യക്ഷന്മാർ യോഗത്തിൽ പങ്കടുത്തു. ലോകത്ത് ശാന്തിയും സമാധാനവും വളർത്തുക, വിവിധ മതങ്ങൾ തമ്മിലുള്ള സാഹോദര്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തിയാണ് യു.എ.ഇ കേന്ദ്രമായി അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് മതസൗഹാർദ സമ്മേളനം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: