തിരുവനന്തപുരം: യുഎപിഎ അടക്കം കുറ്റങ്ങള്‍ ചുമത്തി തിഹാര്‍ ജയിലില്‍ കഴിയുന്ന നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന്റെ ചികിത്സക്കായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി. അബൂബക്കറിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യംതേടി ആദ്യം വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അബൂബക്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ചികിത്സാരേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുപരിശോധിച്ച ഹൈക്കോടതി ജാമ്യം നല്‍കാനാവില്ലെന്നും എന്‍.ഐ.എ കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
ഇതിനു പിന്നാലെയാണ് തീവ്രവാദക്കുറ്റം ചുമത്തി തടവില്‍ കഴിയുന്ന മഅദനി അബൂബക്കറിന് ചികിത്സ നല്കാന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മഅദിയുടെ പേരിലുള്ള കുറിപ്പിലാണ് ഈ ആവശ്യം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ചികിത്സ ലഭ്യമാക്കണം –
യു.എ.പി.എ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ അടക്കപ്പെട്ടിരിക്കുന്ന പോപുലർ ഫ്രണ്ട് മുൻ നേതാവ് ജനാബ്. ഇ അബൂബക്കറിന്റെ ആരോഗ്യനില അതീവമോശമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വാർത്താസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നു.
ക്യാൻസറും പാർകിൻസന്സും കടുത്ത പ്രമേഹവും ഉൾപ്പടെയുള്ള വിവിധ രോഗങ്ങൾ കൊണ്ട് അദ്ദേഹം വളരെ ബുദ്ധിമുട്ടുന്നു എന്നും കോടതി നിർദ്ദേശമുണ്ടായിട്ടും അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകുന്നില്ലായെന്നുമാണ് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരിക്കുന്നത്.
സംഘടനാപരവും ആശയപരവും ആയുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇത്തരം ഘട്ടങ്ങളിൽ നിശബ്ദത പുലർത്തുന്നതിനുള്ള കാരണം ആയിക്കൂടാ.
അദ്ദേഹത്തിന് അർഹമായ ചികിത്സ നൽകുന്നതിന് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അടിയന്തിരമായ ഇടപെടൽ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
അബ്ദുന്നാസിർ മഅ്ദനി
ബാംഗ്ലൂർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: