അഡ്ലെയ്ഡ്: പടിക്കല്‍ വീഴുന്ന ഒരു പതിവുണ്ട് സമീപകാലത്ത് ഇന്ത്യക്ക്. അതും ഐസിസി ടൂര്‍ണമെന്റുകളില്‍. 2011 ഏകദിന ലോക കിരീടത്തിനു ശേഷം അവസാന നാലിലേക്ക് മുന്നേറിയിടത്തെല്ലാം സെമിയിലോ ഫൈനലിലോ വീണു. ഈ ലോകകപ്പ് സെമിയില്‍ അഡ്ലെയ്ഡില് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ഈ ചരിത്രമെല്ലാം മാറ്റിയെഴുതി മുന്നേറേണ്ടതുണ്ട് രോഹിത് ശര്‍മയ്ക്കും കൂട്ടുകാര്‍ക്കും.
2014ല്‍ ട്വന്റി20 ഫൈനലിലും 2016ല്‍ സെമിയിലും തോറ്റു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റപ്പോള്‍, 2019 ഏകദിന ലോകകപ്പിന്റെ സെമിയില്‍ മടങ്ങാനായിരുന്നു നിയോഗം. ഇന്ന് അഡ്ലെയ്ഡ് ഓവലില്‍ അതെല്ലാം പഴങ്കഥയാക്കണം.
മുന്‍തൂക്കം ഇന്ത്യക്ക്
ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനം ഇന്ത്യക്ക് മുന്‍തൂക്കം നല്കുന്നു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ വാക്കുകളിലുണ്ട് ഈ ആധിപത്യം സമ്മതിക്കല്‍. ഇംഗ്ലണ്ട് കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുത്തില്ലെന്നാണ് സ്റ്റോക്സിന്റെ പറച്ചില്.
ഒരു തോല്‍വി മാത്രം വഴങ്ങിയാണ് ഇന്ത്യ സെമിയിലെത്തിയത്. രോഹിത് ശര്‍മയുടെ ഫോമില്ലായ്മയാണ് ഇന്ത്യക്ക് വെല്ലുവിളി. അഞ്ച് കളിയില്‍ 89 റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്. കെ.എല്‍. രാഹുല്‍ ഫോമിലായത് ഇന്ത്യക്ക് ഗുണകരം. അഡ്ലെയ്ഡ് ഹോം ഗ്രൗണ്ടെന്ന പോലെയുള്ള വിരാട് കോഹ്ലിയും ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അനായാസം ഷോട്ട് ഉതിര്‍ക്കുന്ന സൂര്യകുമാര്‍ യാദവും വ്യക്തമായ മുന്‍തൂക്കം നല്കുന്നു. ഹാര്‍ദിക് പാണ്ഡ്യ വലിയ സ്കോര്‍ കണ്ടെത്തിയില്ലെങ്കിലും ടീമിന് താങ്ങാവുന്നു. ബൗളിങ്ങില്‍ നിര്‍ണായക വിക്കറ്റെടുക്കുന്നു.
ഋഷഭ് പന്തോ, ദിനേശ് കാര്‍ത്തിക്കോ എന്നതില്‍ തീരുമാനമായിട്ടില്ലെന്ന് രോഹിത് തന്നെ പറയുന്നു. ആദില്‍ റഷീദിനെപ്പോലുള്ള സ്പിന്നറുള്ളതും ബൗണ്ടറികളുടെ അടുപ്പവും ഋഷഭിന് മുന്‍തൂക്കം നല്കുന്നു. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്, ആര്. അശ്വിന് എന്നിവര്‍ മികവു പുലര്‍ത്തുന്നു. അക്സര്‍ പട്ടേലാണ് നിരാശപ്പെടുത്തുന്നത്. അക്സറിന് പകരം യുസ്വേന്ദ്ര ചഹലിനെ ഉള്‍പ്പെടുത്തുമോയെന്നതില്‍ വ്യക്തതയില്ല.
ഇംഗ്ലണ്ടിന് ആശങ്കകളേറെ. ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ജോസ് ബട്ലറും അലക്സ് ഹെയ്ല്‍സും കഴിഞ്ഞാല്‍ പിന്നെ സ്ഥിരതയില്ല. ബെന്‍ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റണ്, ഡേവിഡ് മലാന്, മോയിന്‍ അലി അടക്കമുള്ളവര്‍ ഏതു ബൗളിങ്ങും തകര്‍ക്കാന്‍ ശേഷിയുള്ളവര്‍. ബൗളിങ്ങിലാണ് വലിയ തിരിച്ചടി. ഫോമിലുള്ള പേസര്‍ മാര്‍ക്ക് വുഡിന് പരിക്ക്. പകരം ക്രിസ് വോക്സോ, ടൈമല്‍ മില്‍സോ കളിച്ചേക്കും. വുഡിന്റെ അഭാവം അവര്‍ക്ക് നികത്താനാകുമോയെന്ന് സംശയം.
അവസാനം കളിച്ച അഞ്ച് കളിയയില് നാലിലും ഇന്ത്യക്ക് ജയം. ഈ ജൂലൈയില്‍ ഇംഗ്ലണ്ടില്‍ മൂന്നു മത്സര പരമ്പര ഇന്ത്യ 2-1ന് നേടിയിരുന്നു. അവരുടെ നാട്ടില്‍ പരമ്പര നേടാനായത് ആത്മവിശ്വാസമേകുന്നുവെന്ന് മത്സരത്തേലന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മ പറയുകയും ചെയ്യുന്നു.
പിച്ച്
അഡ്ലെയ്ഡില് 170 റണ്‍സാണ് ശരാശരി സ്കോര്‍. ബംഗ്ലാദശിനെതിരെ ഇന്ത്യ ഇവിടെ ജയിച്ചിരുന്നു. സൂപ്പര്‍ 12ലെ ആറ് കളിയില്‍ നാലില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: