വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാര്‍ ഇപ്പോള്‍ പൊക്കിക്കൊണ്ടു നടക്കുന്ന വിവരാവകാശ രേഖയെപ്പറ്റി ഈ ലേഖകന്‍ സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് ചില പ്രതികരണങ്ങളും ഉണ്ടായി. ”പദ്ധതി നിര്‍ത്തിവെച്ചു പഠനം നടത്തി അതു വിലയിരുത്തിയശേഷമേ പദ്ധതി തുടരണോ വേണ്ടയോ എന്ന് തീരുമാനം എടുക്കേണ്ടതുള്ളൂ” എന്നതാണ് ഒരു പ്രതികരണം. ആദ്യമേതന്നെ പറയട്ടെ, ഇത് ഒരിക്കലും നടക്കാത്ത കാര്യമാണ്. അതായത് ചില തുറമുഖ വിരുദ്ധ സംഘടനകള്‍ സുപ്രീം കോടതിയില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം കാരണമാണ് തീരശോഷണം ഉണ്ടാകുന്നതെന്ന് സ്വന്തം നിലയ്ക്ക് പഠനം നടത്തി കേസ് കൊടുത്തപ്പോള്‍ കോടതി ഒരു നിഷ്പക്ഷ വിദഗ്ധ സംഘത്തെ നിയോഗിച്ചു. അവര്‍ നടത്തിയ പഠനത്തില്‍ ഈ തുറമുഖ വിരുദ്ധ സംഘടനകള്‍ നടത്തിയ പഠനങ്ങള്‍ തെറ്റാണെന്ന് തെളിയുകയും, ഹര്‍ജിക്കാര്‍ കോടതിയില്‍ പലതവണ തോല്‍ക്കുകയും ചെയ്തിട്ടുള്ളതാണ്.
ഇതേ ആളുകളെ ഉള്‍പ്പെടുത്തി ഒരു പഠനം നടത്താനാണ് സമരം ചെയ്യുന്ന ക്രൈസ്തവസഭ ഇപ്പോള്‍ പറയുന്നത്. അങ്ങനെ ഒരു പഠനം നടത്തി തുറമുഖ നിര്‍മാണം കാരണമാണ് തീരശോഷണം ഉണ്ടാകുന്നതെന്ന് കണ്ടെത്തുകയും, അങ്ങനെ പദ്ധതി ഉപേക്ഷിക്കപ്പെടുമെന്നുമാണ് ഇവര്‍ കരുതുന്നത്. പദ്ധതിയുടെ നിര്‍മാണം ഇനിയും മുന്നോട്ടു പോയാല്‍ നിര്‍ത്തിവയ്ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാലോ എന്നതാണ് ഇക്കൂട്ടരുടെ ആശങ്ക. അതിനുവേണ്ടിയാണ് പദ്ധതി 33% മാത്രമേ പൂര്‍ത്തിയിട്ടുള്ളൂ എന്നു പറഞ്ഞുകൊണ്ടുള്ള ഒരു വിവരാവകാശ രേഖ ഇവര്‍ കാണിക്കുന്നതും. 33% ശതമാനം മാത്രമാണെങ്കില്‍ നിര്‍മാണം നിര്‍ത്താമല്ലോ!
ആദ്യമേ തന്നെ പറയട്ടെ, ഒരിക്കലും നടക്കാത്ത കാര്യമാണിത്. ഇത്രയും വിദ്യാഭ്യാസമുള്ളവരുടെ ഒരു സഭയെ ഇപ്രകാരം തുറമുഖനിര്‍മാണം നിര്‍ത്തിക്കാന്‍ കഴിയുമെന്ന രീതിയില്‍ ആരാണ് പറഞ്ഞു പറ്റിച്ചതെന്ന് അറിയില്ല. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഇത് ഒരിക്കലും നടക്കാത്തത്.
ഒന്ന്: സമരം ചെയ്യുന്ന സഭ പറയുന്ന ഒരാളെ പഠനം നടത്താന്‍ ഉള്‍പ്പെടുത്തിയാല്‍ അങ്ങനെ ഒരു പഠനം ഒരു കോടതിയും സ്വീകരിക്കില്ല. കോടതിയില്‍ രണ്ടു പേര് കേസിനു വന്നാല്‍ കോടതിയാണ് നിഷ്പക്ഷമായ ഒരു സമിതിയെ നിയോഗിച്ച് പഠനം നടത്തുന്നത്. ഇതില്‍ ഇരുപക്ഷത്തുള്ളവരുടെയും ആള്ക്കാര് പാടില്ല. ഇനി അഥവാ അങ്ങനെ ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയാലും മറുപക്ഷം എതിര്‍ത്താല്‍ കോടതി അതുസ്വീകരിക്കില്ല. ഒരു കള്ളന് താന്‍ കളവ് നടത്തിയിട്ടില്ലെന്ന് സ്വന്തമായി അന്വേഷിച്ചു റിപ്പോര്‍ട്ട് തയാറാക്കി കോടതിയില്‍ പറയുന്നതു പോലെയാണിത്. അത് കോടതി സ്വീകരിക്കില്ല. മറ്റൊരു നിഷ്പക്ഷ അന്വേഷണ ഏജന്‍സിയോട് അന്വേഷിക്കാന്‍ മാത്രമേ കോടതി പറയൂ. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ കാര്യത്തിലാണെങ്കില്‍ അത് പലതവണ നടന്നു കഴിഞ്ഞതാണ്.
രണ്ട്: വിഴിഞ്ഞം പോര്‍ട്ട് 33% മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ എന്ന വാദം തെറ്റാണ്. വിഴിഞ്ഞം നിര്‍മാണം 75-80% പൂര്‍ത്തിയായി എന്നതാണ് സത്യം. തുറമുഖ നിര്മാണത്തെക്കുറിച്ചു സാധാരണക്കാര്‍ക്ക് അധികം അറിയാത്തതു കാരണം ചില കൃത്രിമ ചോദ്യങ്ങള്‍ ഉന്നയിച്ച് സഭ ഫയല്‍ ചെയ്ത വിവരാവകാശ അപേക്ഷയിലെ മറുപടിയാണിത്. തുറമുഖത്തില്‍ പൂര്‍ത്തിയായ വലിയ കാര്യങ്ങളൊന്നും അതില്‍ ചോദിച്ചിട്ടില്ല. പൂര്‍ത്തിയാകാതെ കിടക്കുന്ന ചില്ലറ കാര്യങ്ങള്‍ മാത്രമേ ചോദിച്ചിട്ടുള്ളൂ. ആശാരിപ്പണി അടക്കം കഴിഞ്ഞ് പെയിന്റടി നടക്കുന്ന ഒരു വീട്ടില്‍ ചെന്ന് പ്ലംബിങ് ജോലി 33%, ഇലക്ട്രിക്കല്‍ ജോലി 10%, മുറ്റത്തെ കട്ടവിരിക്കല്‍ 5% എന്നൊക്കെ കാണിച്ചിട്ട് വീടുപണി 5% പോലും പൂര്‍ത്തിയായിട്ടില്ലെന്ന് ഒരാള്‍ പറയുന്നതു പോലെയാണ് ഈ വിവരാവകാശ റിപ്പോര്‍ട്ട് കാണിച്ച് തുറമുഖനിര്‍മാണം 33% മാത്രമേ ആയിട്ടുള്ളൂ എന്ന് വാദിക്കുന്നത്. എന്നാല്‍ വസ്തുതകള്‍ വേറെയാണ്.
~ഒന്ന്: ഒരു തുറമുഖ നിര്‍മ്മാണത്തില്‍ ഏറ്റവും സമയം എടുക്കുന്നത് ബെര്‍ത്ത് പൈലിങ് ആണ്. അത് 100% തീര്‍ന്നു.
രണ്ട്: പുലിമുട്ട് നിര്‍മാണം 33% തീര്‍ന്നു. എന്നാല്‍ അത് നിര്‍മാണം പൂര്‍ത്തിയാക്കിയ 1100 മീറ്റര്‍ മാത്രമാണ്. 1800 മീറ്റര്‍ (60%) പണി നടന്നു. (അതായത് അത്രയും നീളത്തില്‍ കടലിന്റെ അടിയില്‍ പാറയുണ്ട്). അത് മാത്രമല്ല, സംരക്ഷണത്തിനായുള്ള 16,000 ഓളം അക്രോപോഡ്സ് ഉണ്ടാക്കുന്നതും തീര്‍ന്നു.
മൂന്ന്: വിവരാവകാശ രേഖയില്‍ പറഞ്ഞിരിക്കുന്ന പ്രീകാസ്റ്റ്, യാര്‍ഡ് എന്നിവയൊക്കെ എളുപ്പത്തില്‍ ഏതാനും മാസങ്ങള്‍കൊണ്ട് തീര്‍ക്കാവുന്ന പണിയാണ്. ബാക്കിയുള്ള പ്രീകാസ്റ്റെല്ലാം അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട് എന്ന കാര്യം ഇക്കൂട്ടര്‍ മറച്ചുവച്ചു. അതായത് ആ പ്രീകാസ്റ്റ് ഘടകങ്ങള്‍ എടുത്ത് സ്ഥാപിച്ചാല്‍ മാത്രം മതി. അതിനൊന്നും അധികം സമയം വേണ്ട.
നാല്: ഇതു കൂടാതെ പൂര്‍ത്തിയായ ഒരുപാടുകാര്യങ്ങളുണ്ട്. അതും സമരക്കാര്‍ മറച്ചുവച്ചു. തുറമുഖത്തേക്ക് വൈദ്യുതി എത്തിക്കാനുള്ള സബ്സ്റ്റേഷന് കെട്ടിടങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനു ഭൂമിക്കടിയിലൂടെയുള്ള കേബിളുകള്‍ മുഴുവന്‍ സ്ഥാപിച്ചു. തുറമുഖം നിയന്ത്രിക്കാനുള്ള സംവിധാനവും പൂര്‍ത്തിയാക്കി. ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാനുള്ള മെയിന്റനന്‍സ് വെയര്‍ഹൗസും പൂര്‍ത്തിയാക്കി. തുറമുഖത്തിനു വേണ്ടിയുള്ള ക്രെയിന്‍ വാങ്ങാന്‍ ഇസഡ്എംപിസി എന്ന കമ്പനിക്ക് ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു. എട്ട് എസ്ടിഎസ് ക്രെയിനുകള്‍, ഇരുപത്തിനാല് ആര്‍എംജി ക്രെയിനുകള്‍ എന്നിവ തുറമുഖം പൂര്‍ത്തിയാകാറാകുമ്പോള്‍ കപ്പല്‍ വഴി എത്തിക്കും. തുറമുഖത്തിന് വേണ്ടിയുള്ള ടഗ്ഗുകള്‍ ജപ്പാനില്‍ നിന്നും തയ്യാറാക്കി ഇന്ത്യയില്‍ വന്നുകഴിഞ്ഞു. നാല് ടഗ്ഗുകള്‍ക്ക് മാത്രം 235.6 കോടി രൂപയാണ് ചെലവാക്കിയത്.
അതായത് ഇനി ആകെ വിഴിഞ്ഞം തുറമുഖത്തില്‍ ചെയ്യാനുള്ളത് പുലിമുട്ട് നിര്‍മിക്കുകയെന്നതാണ്. രണ്ട് കിലോമീറ്റര്‍ പുലിമുട്ട് ആറ് മാസംകൊണ്ട് ചെയ്യാനാകും. ഇത് നടക്കുന്ന സമയത്തുതന്നെ യാര്‍ഡ് അടക്കമുള്ള ചെറിയ പണികളും നടക്കും. പ്രീകാസ്റ്റ് ചെയ്തിരിക്കുന്ന സ്ലാബുകള്‍ എടുത്തു ബെര്‍ത്തിന്റെ തൂണുകളില്‍ വയ്ക്കുന്ന പണിയേ ഉള്ളൂ. ബാക്കി യാര്‍ഡ് നികത്തി കട്ടവിരിക്കും. ഇതിനും ഏതാനും മാസങ്ങള്‍ മാത്രം മതി.
ചുരുക്കി പറഞ്ഞാല്‍ 80% ഓളം പൂര്‍ത്തിയായ, 7500 കോടിയുടെ ഒരു തുറമുഖമാണ് ഇത്. ഇത് നിര്‍ത്തി പഴയതുപോലെയാക്കണമെങ്കില്‍ അതിനു തന്നെ 7500 കോടിയില്‍ കൂടുതല്‍ വേണ്ടി വരും. (കല്ലിടുന്നത് പോലെ എളുപ്പമല്ല അതിനെ ഇനി ഇളക്കി മാറ്റുന്നത്). ഇത്രയും നാള് ചെലവാക്കിയ 5000 കോടി നഷ്ടമാകും. 2500 കോടി അദാനിക്ക് കൊടുക്കേണ്ടി വരും. അതായത് മൊത്തം 12,000 കോടി രൂപ മിനിമം ചെലവാക്കിയാല്‍ മാത്രമേ ഇനി ഈ തുറമുഖ നിര്‍മാണം നിര്‍ത്താന്‍ പറ്റൂ.
അതുകൊണ്ട് ഇനി വിഴിഞ്ഞമാണ് എല്ലാറ്റിനും കാരണമെന്ന് ആരെങ്കിലും പഠനം ഉണ്ടാക്കി പറഞ്ഞാലും ഈ തുറമുഖം ഇത്രയും വലിയ നഷ്ടം സഹിച്ചു നിര്‍ത്താന്‍ ഒരിക്കലും കഴിയില്ല. ഇനി ഒരേയൊരു പരിഹാരം മാത്രമേ ഉള്ളൂ. തീരശോഷണം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുക എന്നതാണ് അത്. എന്തുകൊണ്ട് ആ ഒരു കാര്യം മാത്രം സഭ ആവശ്യപ്പെടുന്നില്ല? എല്ലാറ്റിനും പരിഹാരം അതാണ്.
സതീഷ് ഗോപി
(കേരള തുറമുഖ വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫറായി വിരമിച്ചയാളാണ് ലേഖകന്‍. മൊബൈല്‍: 9496237014. Mail: [email protected])
പ്രതികരിക്കാൻ ഇവിടെ എഴുതുക: