പാലക്കാട് : അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മണ്ണാര്‍ക്കാട് മുന്‍ മജിസ്ട്രേറ്റ് എം. രമേശന്. മധുവിന്റെ മരണം കസ്റ്റഡി മരണമല്ല. കസ്റ്റഡിയിലിരിക്കെ മധുവിന് യാതൊരുവിധത്തിലുമുള്ള മാനസിക- ശാരീരിക പീഡനങ്ങളും ഏറ്റിട്ടില്ലെന്നും മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയില്‍ രമേശന് അറിയിച്ചു. കേസ് വിസ്താരവേളയിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്.
മധുവിന്റേത് കസ്റ്റഡി മരണമല്ലെന്നാണ് രമേശന് തയ്യാറാക്കിയ അന്നത്തെ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് കേസ് ഫയലിനൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്, റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ഇത് ഹജരാക്കിയ മജിസ്ട്രേറ്റിനോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
2018 ഫെബ്രുവരി 22ന് 3.30നും 4.15നും ഇടയിലാണ് മധു മരണമടഞ്ഞത്. എഫ്ഐആര്‍ തയ്യാറാക്കാന്‍ വൈകിയത് പോലീസിന്റെ വീഴ്ചയല്ല. എഫ്ഐആര്‍ തയ്യാറാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ മധു മരിച്ചതായി ഡോക്ടറുടെ രേഖയുണ്ടെന്നും രമേശന് കോടതിയില്‍ അറിയിച്ചു.
അതേസമയം മധുവിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ പോലീസ് പാലിച്ചില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ദേഹപരിശോധന അടക്കം നടത്തിയിട്ടില്ല. പോലീസ് തയ്യാറാക്കിയത് വ്യാജ പരിശോധ റിപ്പോര്‍ട്ടെന്നും പ്രതിഭാഗം ആരോപിച്ചു. സംഭവ സമയത്ത് പോലീസ് ഇന്സ്പെക്ഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ എന്ന് പ്രതിഭാഗം ചോദിച്ചപ്പോള്‍ അതിന്റെ ആവശ്യം വന്നില്ലെന്നാണ് മജിസ്റ്റീരിയല്‍ അന്വേഷണ കമ്മീഷന് മറുപടി നല്‍കിയത്. പോലീസിലെ ഉദ്യോഗസ്ഥരെ സഹായിക്കാനാണ് ഇത്. അവശനായിരുന്ന മധുവിനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കാതിരുന്നത് കസ്റ്റഡി മരണമെന്നതിന്റെ തെൡാണെന്നും പ്രതിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: