സിഡ്നി: ആധികാരികമായാണ് ന്യൂസിലന്‍ഡിന്റെ പ്രയാണം… പാകിസ്ഥാനാകട്ടെ നെതര്‍ലന്‍ഡ്സിന്റെ കാരുണ്യത്തിലും മുന്നേറി… അതെല്ലാം പഴങ്കഥ. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ഫൈനലിസ്റ്റിനെ നിര്‍ണയിക്കാന്‍ ഇന്ന് ന്യൂസിലന്‍ഡ്-പാകിസ്ഥാന് പോരാട്ടം.
യുഎഇ വേദിയായ കഴിഞ്ഞ ലോകകപ്പില്‍ ഫൈനലിലെത്തി ഓസ്ട്രേലിയയോട് തോറ്റു ന്യൂസിലന്‍ഡ്. പാകിസ്ഥാനാകട്ടെ സെമിയില്‍ ഓസീസിനോടും. തുടരെ രണ്ടാം ലോകകപ്പിലാണ് ഈ ടീമുകള്‍ അവസാന നാലിലൊന്നാകുന്നത്. മത്സരം ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക്.
സെമിയിലേക്കുള്ള വഴി
ന്യൂസിലന്‍ഡ്
ഓസ്ട്രേലിയയെ 89 റണ്‍സിന് തോല്‍പ്പിച്ചു.
അഫ്ഗാനിസ്ഥാനുമായി മഴ മൂലം ഉപേക്ഷിച്ചു
ശ്രീലങ്കയെ 65 റണ്‍സിന് തോല്‍പ്പിച്ചു
ഇംഗ്ലണ്ടിനോട് 20 റണ്ണിന് തോറ്റു
അയര്‍ലന്‍ഡിനെ 35 റണ്ണിന് തോല്‍പ്പിച്ചു
പാകിസ്ഥാന്
ഇന്ത്യയോട് നാലു വിക്കറ്റിന് തോറ്റു
സിംബാബ്വെയോട് ഒരു റണ്ണിന് തോറ്റു
ഹോളണ്ടണ്ടിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു
ദക്ഷിണാഫ്രിക്കയെ 33 റണ്ണിന് തോല്‍പ്പിച്ചു
ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു
ഓര്‍മയില്‍ 1992
ഐസിസി ടൂര്‍ണമെന്റുകളിലെ പടിക്കല്‍ കലമുടയ്ക്കലാണ് ന്യൂസിലന്‍ഡിന്റെ പ്രധാന പ്രശ്നം. പലവട്ടം അനായാസം സെമി വരെയെത്തി, ചിലപ്പോള്‍ ഫൈനലിലുമെത്തി മടങ്ങി. അതിനപ്പുറം ഒരു പാക് പേടി ന്യൂസിലന്‍ഡിന്റെ ഉറക്കം കെടുത്തും.
അതാകട്ടെ 1992ല്‍ തുടങ്ങുന്നു. അന്നത്തെ ഏകദിന ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി (അന്ന് ഗ്രൂപ്പുകളുണ്ടായിരുന്നില്ല) ആധികാരികമായി കയറി വന്ന ന്യൂസിലന്‍ഡ്, അവസാന നിമിഷമെത്തിയ പാകിസ്ഥാനോട് സെമിയില്‍ തോറ്റു. ഫൈനലിലെത്തിയ പാകിസ്ഥാന് കിരീടവുമായി മടങ്ങിയെന്നത് ചരിത്രം.
ഇത്തവണയും സമാനതകളേറെ. കിവികള്‍ ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാരായാണ് മുന്നേറിയത്. പാകിസ്ഥാനകാട്ടെ അവസാന നിമിഷവും. പ്രാഥമികവട്ടത്തില് അന്നും ഇന്നും ഒരു കളിയിലേ കിവികള്‍ തോറ്റുള്ളു. അവരുടെ നാലാം നമ്പര്‍ ബാറ്ററാണ് മികച്ച രീതിയില്‍ ബാറ്റ് ചെയ്ത്. നാലാമനായെത്തുന്ന ഗ്ലെന്‍ ഫിലിപ്പിന് ഒരു സെഞ്ചുറിയുണ്ട്. അന്ന് നാലാമനായെത്തിയത് ക്യാപ്റ്റന്‍ മാര്ട്ടിന് ക്രോ.
പിന്നെയും കിവികളെ കണ്ണീര് കുടിപ്പിച്ചിട്ടുണ്ട് പാകിസ്ഥാന്. രണ്ടാംവട്ടം 1999ല്‍. ഏകദിന ലോകകപ്പ് ഫൈനലില്‍ കിവികളെ തോല്‍പ്പിച്ച് വീണ്ടും പാകിസ്ഥാന് ഫൈനലില്‍. അവിടെ പക്ഷെ, ഓസീസിനോട് തോറ്റു. ട്വന്റി20യിലുമുണ്ടൊരു ചരിത്രം. 2007ലെ ആദ്യ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന് ഫൈനലിലെത്തിയത്. ഫൈനലില്‍ ഇന്ത്യയോട് തോറ്റു.
ഈയൊരു മാനസികാധിപത്യം പാകിസ്ഥാന് ആവേശമാകുമ്പോള്‍ കിവികള്‍ക്ക് ആശങ്ക. ഇതു മാത്രമല്ല. അവസാനമെത്തിയ അഞ്ച് മുഖാമുഖങ്ങളില്‍ ഒരു ജയം മാത്രമാണ് ന്യൂസിലന്ഡിനുള്ളത്. ലോകകപ്പിന് മുന്‍പ് സ്വന്തം നാട്ടില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്ഥാനോട് കളിച്ച മൂന്നില്‍ ഫൈനലുള്‍പ്പെടെ രണ്ടെണ്ണം തോറ്റു. 2020, 21 വര്‍ഷങ്ങളിലും ഓരോ കളികളില്‍ ന്യൂസിലന്‍ഡ് കീഴടങ്ങി.
കിവി ബാറ്റിങ് v/s പാക് ബൗളിങ്
ന്യൂസിലന്‍ഡിന്റെ കരുത്തുറ്റ ബാറ്റിങ്ങിനെ പാക് പേസര്‍മാര്‍ എങ്ങനെ പ്രതിരോധത്തിലാക്കുമെന്നത് ആശ്രയിച്ചിരിക്കും മത്സഫലം. സിഡ്നിയിലെ ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് വന്‍ സ്കോര്‍ നേടിയിരുന്നു. ഓപ്പണര്‍ ഡെവന്‍ കോണ്‍വെ, ഒരു സെഞ്ചുറിയടക്കം കുറിച്ച മധ്യനിരക്കാരന് ഗ്ലെന്‍ ഫിലിപ്പ് എന്നിവരുടെ മിന്നും ഫോം ന്യൂസിലന്‍ഡിന്റെ കരുത്ത്. കോണ്‍വെയ്ക്കൊപ്പം ഇന്നിങ്സ് തുറക്കുന്ന ഫിന് അല്ലെനും ഫോമില്‍. കഴിഞ്ഞ കളിയോടെ നായകന് കെയ്ന്‍ വില്യംസണ് റണ്ണെടുക്കുന്നതിലേക്ക് മടങ്ങിയെത്തിയത് കിവി ബാറ്റിങ്ങിന്റെ കരുത്തുകൂട്ടും.
സിഡ്നിയില്‍ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയത് പേസ് ബൗളിങ് ഓപ്പണിങ് ജോഡിയായ ട്രെന്റ് ബൗള്‍ട്ടും ടിം സൗത്തിയുമാണ്. അവരുടെ ഓപ്പണിങ് സ്പെല്‍ പാക് ബാറ്റര്‍മാരെ കുഴപ്പിക്കും. പ്രത്യേകിച്ച് അവരുടെ ഓപ്പണര്‍മാര്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഫോമിലല്ലാത്ത സാഹചര്യത്തില്‍. ലെഗ്സ്പിന്നുമായെത്തുന്ന ഇഷ് സോധിയും ഇടംകൈയന്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്നറും പാക് ബാറ്റിങ്ങിനെ പ്രതിരോധത്തിലാക്കാന്‍ പോന്നവര്‍.
മറുവശത്ത് അസമിന്റെയും റിസ്വാന്റെയും ഫോമില്ലായ്മയാണ് പ്രധാന പ്രശനം. ഇഫ്തിഖര്‍ അഹമ്മദും ഷാന്‍ മസൂദും ഒരു പരിധി വരെ മധ്യനിരയെ താങ്ങിനിര്‍ത്തുന്നു. എന്നാല്‍, ഓപ്പണര്‍മാരില്‍ ഒരാളെങ്കിലും തിളങ്ങിയില്ലെങ്കില്‍ പാകിസ്ഥാന് പ്രതിസന്ധിയിലാകും. ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ പേസര്‍ ഷാഹിന്‍ ഷാ അഫ്രീദി ഫോമിലേക്ക് മടങ്ങിയെത്തിയത് പാകിസ്ഥാന് ആശ്വാസം. ഹാരിസ് റൗഫിന്റെ പ്രകടനവും നിര്‍ണായകം. മുഹമ്മദ് വസിം, നസിം ഷാ എന്നവരും കിവികള്‍ക്ക് ഭീഷണിയാകും.
പിച്ച്, മഴ
ഈ ലോകകപ്പില്‍ ഇതുവരെ സിഡ്നിയിലെ ആറ് കളിയില്‍ അഞ്ചിലും ആദ്യം ബാറ്റ് ചെയ്തവരാണ് ജയിച്ചത്. അതുകൊണ്ട് ടോസ് ജയിക്കുന്നവര്‍ ബാറ്റിങ് തെരഞ്ഞെടുക്കാനാകും ഇഷ്ടപ്പെടുക. ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ആദ്യ മത്സരത്തിന് ഉപയോഗിച്ച പിച്ചാകും സെമിക്ക് ഉപയോഗിക്കുന്നതെന്നാണ് സൂചന. ഇതുവരെ ഉപയോഗിച്ച മൂന്ന് വിക്കറ്റുകളില്‍ ബാറ്റിങ്ങിന് അനുയോജ്യമായ ഫ്ലാറ്റ് വിക്കറ്റാണിത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മികച്ച സ്കോര്‍ നേടി ജയം കണ്ടിരുന്നു. ഇന്ന് രാവിലെ ചെറിയ തോതില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍, മത്സരം തുടങ്ങുമ്പോഴേക്കും കാലാവസ്ഥ തെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: