കൊടുക്കാകത്ത് പുറത്തു വന്നതിന്റെ ഏനക്കേടിലാണ് ഡി.ആര്.അനില്‍. ഇതെങ്ങനെ പുറത്തറിഞ്ഞു എന്നതിനെക്കുറിച്ചന്വേഷിക്കണം. എസ്എടി ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനായിരുന്നു കത്ത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ തയ്യാറാക്കിയ കത്ത് കൊടുക്കാനാവാത്തതിന്റെ ദുഃഖത്തിലാണ് കോര്‍പ്പറേഷനിലെ പാര്‍ട്ടി നേതാവായ അനില്‍. നിയമന നടപടി വേഗത്തിലാക്കാനാണ് കത്ത് തയ്യാറാക്കിയത്. ഇത് പുതിയ അനുഭവമല്ലെന്ന് ഉറപ്പുള്ള അനിലിന്റെ വേവലാതിക്ക് പരിഹാരം കണ്ടെത്താന്‍ പാര്‍ട്ടി അന്വേഷിക്കുമത്രെ. അതേസമയം മേയറുടെ കത്ത് അന്തരീക്ഷത്തില്‍ പാറിപ്പറക്കുന്നു. വ്യാജകത്തെന്ന് പറയാന്‍ മേയര്‍ ആര്യാ രാജേന്ദ്രന് ധൈര്യം പോര. അതുകൊണ്ടുതന്നെ വ്യാജ കത്തിനെക്കുറിച്ച് പോലീസില്‍ പരാതിപ്പെടാനൊന്നും മേയര്‍ മെനക്കെട്ടില്ല. പോലീസ് മന്ത്രി തന്നെ കയ്യിലുള്ളപ്പോള്‍ എന്തിന് പോലീസിന് പരാതി നല്കി പുലിവാല്പിടിക്കണമെന്ന ആശങ്കയിലാണവര്‍. മുഖ്യമന്ത്രി കത്തിന്റെ പരാതി അന്വേഷിക്കാന്‍ നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. അതിനി എപ്പോള്‍ അന്വേഷിക്കും എന്നറിയാന്‍ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.
ഡി.ആര്. അനില്‍ കത്തയച്ചത് ജീവനക്കാരെ നിയമിക്കാന്‍ സെപ്റ്റംബര്‍ 23ന് ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ്. കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് തരണമെന്നാണ് ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ഥിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗമാണെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. ഇദ്ദേഹം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വാട്സാപ് ഗ്രൂപ്പുകളില്‍ കത്ത് പങ്കുവച്ചു. അവിടെനിന്നു കത്ത് പുറത്തായി. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ കത്ത് തയാറാക്കിയത് എങ്ങനെയെന്നാണ് ഇനി കണ്ടെത്തേണ്ടത്. കത്ത് സംബന്ധിച്ചു മേയര്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.
നഗരത്തിലെ പല താല്‍ക്കാലിക നിയമനങ്ങളും നിയന്ത്രിക്കുന്നത് ഈ ഏരിയ കമ്മിറ്റി അംഗമാണ്. മെഡിക്കല്‍ കോളജ് ഭാഗത്തെ ഒരു ട്രസ്റ്റ് ഓഫിസ് കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെയും ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തിന്റെയും പ്രവര്‍ത്തനം. സിപിഎമ്മിന്റെ ഒരു ഉന്നത നേതാവിന്റെ ഒത്താശയോടെയാണ് ഇതെല്ലാം. മിക്ക ദിവസവും നേതാവ് ഇവിടെയെത്തും. ഉദ്യോഗാര്‍ഥികളെ ഇവിടേക്കു വിളിപ്പിക്കുന്നതും നിയമനം സംബന്ധിച്ചു തീരുമാനം എടുക്കുന്നതും നേതാവിന്റെ സാന്നിധ്യത്തില്‍. ഏരിയ കമ്മിറ്റി അംഗവുമായി ചേര്‍ന്നുള്ള വഴിവിട്ട ഇത്തരം നടപടികളെപ്പറ്റി സംസ്ഥാന നേതൃത്വം മുന്‍പാകെ പരാതി എത്തിയിട്ടുണ്ട്. ലോക്കല്‍ സെക്രട്ടറി സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്. ലോക്കല്‍ സെക്രട്ടറി പദവി വഹിക്കുന്നവര്‍ സഹകരണ ബാങ്ക് പ്രതിനിധിയാകരുതെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചാണിത്. ഒരുപാട് ഏടാകൂടങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന മേല്‍കമ്മിറ്റിക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ സമയം കിട്ടേണ്ടെ. കിമ്പളം കിട്ടുമെങ്കില്‍ ഏത് ഏടാകൂടത്തിലും ഇടപെടാന്‍ കമ്മിറ്റി റെഡിയുമാണ്.
താല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, മേയര്‍ ആര്യ രാജേന്ദ്രന് അയച്ചെന്ന പേരിലെ കത്തിനെക്കുറിച്ച് ഒരെത്തുംപിടിയും കിട്ടുന്നില്ല എന്നതാണ് ഏറെ രസകരം. െ്രെകംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാകും കേസ് അന്വേഷിക്കുക. അന്വേഷിച്ചാല്‍ മാത്രംമതി കേസെടുക്കേണ്ട എന്നും നിര്‍ദ്ദേശിച്ചത്രെ.
അതേസമയം, കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎമ്മും തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് ധാരണയായത്. വിഷയത്തില്‍ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മാധ്യമങ്ങളെ കണ്ടു. അന്വേഷിക്കട്ടെ കണ്ടുപിടിക്കട്ടെ എന്നാണ് ന്യായം. കത്ത് താന്‍ എഴുതിയതല്ലെന്ന് മേയര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നേതൃത്വത്തെയും അറിയിച്ചിരുന്നു. എന്നാല്‍, കത്ത് വ്യാജമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ല എന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. അതെഴുതിയവരോട് തന്നെ ചോദിക്കണമെന്ന വിചിത്ര മറുപടിയും ആനാവൂരിനുണ്ട്.
കോര്‍പറേഷനിലെ താല്‍ക്കാലികനിയമനത്തിനു പാര്‍ട്ടിപട്ടിക ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗമാണെന്നറിഞ്ഞിട്ടും സിപിഎം ഉരുണ്ടുകളിക്കുന്നു. ഇദ്ദേഹം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വാട്സാപ് ഗ്രൂപ്പുകളില്‍ കത്ത് പങ്കുവച്ചു. അവിടെനിന്നു കത്ത് പുറത്തായി. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ കത്ത് തയാറാക്കിയത് എങ്ങനെയെന്നാണ് ഇനി കണ്ടെത്തേണ്ടത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ അഭിസംബോധന ചെയ്തുള്ള കത്ത് വ്യാജമാണോ എന്ന ചോദ്യത്തിന്, അക്കാര്യം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്നായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്റെ പ്രതികരണം. കത്ത് വ്യാജമാണെന്നു മേയറോ ജില്ലാ സെക്രട്ടറിയോ തറപ്പിച്ചു പറഞ്ഞില്ല എന്നതും ശ്രദ്ധേയമായി. കത്ത് വ്യാജമാണോ എന്ന ചോദ്യത്തിന്, ‘അറിയില്ല’ എന്നായിരുന്നു ആനാവൂരിന്റെ പ്രതികരണം. കത്ത് വ്യാജമാണെന്നു വരുത്തി മേയറെ സംരക്ഷിക്കാനാണു സിപിഎം നീക്കമെന്നാണു സൂചന.
ഇതിനിടയില്‍ ഇന്നലെയും നഗരസഭാകാര്യാലയത്തില്‍ സമരപ്രളയം തന്നെ കണ്ടു. മേയറാകട്ടെ ഓഫീസിലേക്കെത്തിയത് പിന്‍വാതിലിലൂടെ. ജനാധിപത്യരീതിയില്‍ പ്രതിഷേധമിരിക്കുന്ന ബിജെപി അംഗങ്ങളുടെ മുന്നിലൂടെ നടന്നുപോകാനുള്ള ജാള്യതയാണോ ഈ ‘പിന്നാക്കം’ പോക്കെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കത്തിലൂടെ പാര്‍ട്ടിക്കാരെ കുത്തിക്കയറ്റാന്‍ നടത്തുന്ന നീക്കങ്ങള്‍ പരസ്യമായി പുറത്തുവന്നിട്ടും യോജിച്ച സമരത്തിന് തയ്യാറാകാത്ത യുഡിഎഫ് നടപടിയാണ് ഇപ്പോള്‍ പരക്കെ ചോദ്യംചെയ്യപ്പെടുന്നത്. യോജിച്ച സമരവും പിന്‍വാതില്‍ നിയമനം മെയ്വഴക്കത്തോടെ ചെയ്യുന്ന ഭരണസമിതിയെ പുറത്താക്കാനും തയ്യാറാകാത്തതിനെ ഭരണപക്ഷവും പുച്ഛത്തോടെ കാണുകയാണ്. ഇമ്മാതിരി ഗിമ്മിക്കുകള്‍ നടക്കുന്നു എന്ന് ബോധ്യപ്പെടുത്തി ചര്‍ച്ച ചെയ്യട്ടെ എന്ന തീരുമാനപ്രകാരം തന്നെയാണ് കത്ത് പുറത്തെത്തിച്ചത്. ഭരണക്കാരുടെ ഉള്ളിലെ പോരാണ് പുറത്തുചാടിയത്. സിപിഎം ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാനും തര്‍ക്കം മൂലം കഴിഞ്ഞില്ല. ജില്ലാ സെക്രട്ടറി നാഗപ്പന് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയിട്ട് മാസങ്ങളായി. പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്താന്‍ തലങ്ങും വിലങ്ങും യോഗം ചേര്‍ന്നു. ഇരട്ടച്ചങ്കുകൊണ്ടും ഒറ്റച്ചങ്കനെ ജില്ലയിലെത്തിക്കാനായില്ലെന്നതാണ് സിപിഎം തലസ്ഥാനത്ത് അനുഭവിക്കുന്ന സങ്കടം. ഒരെത്തും പിടിയുമില്ലാത്ത പാര്‍ട്ടിക്ക് ജില്ലാതലവനെ കണ്ടെത്താനും ക്രൈംബ്രാഞ്ചിനെ ആശ്രയിച്ചാല്‍ അത്ഭുതപ്പെടാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: