തിരുവനന്തപുരം :കോര്‍പ്പറേഷനിലെ താത്കാലിക നിയമന വിവാദവുമായി ബന്ധപ്പെട്ട് ബിജെപി പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്‍വാതിലിലൂടെ ഓഫീസിലെത്തി മേയര്‍ ആര്യ രാജേന്ദ്രന്‍. കോര്‍പ്പറേഷനും മേയറുടെ ഓഫീസിന് മുന്നിലും ബിജെപി കൊടി നാട്ടി പ്രതിഷേധിച്ചതോടെ പോലീസും കൗണ്‍സിലര്‍മാരുടെ സംരക്ഷണയിലും പിഎ ഓഫീസ് വഴിയാണ് മേയര്‍ ഇന്ന് കോര്‍പ്പറേഷനിലെത്തിയത്.
ബിജെപി നേതാക്കള്‍ സമരം ചെയ്യുന്ന വാതില്‍ വിട്ട് മറ്റൊരു വഴിയിലൂടെ മേയറെ ഓഫിസിനുള്ളിലേക്ക് ഇവര്‍ എത്തിക്കുകയായിരുന്നു. മേയര്‍ എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. നിയമന കത്ത് വിവാദത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്.
മേയറുടേയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനില്‍ കുമാറിന്റേയും ഓഫീസിന് മുന്നില്‍ കൊടിനാട്ടിയശേഷം വനിത കൗണ്‍സിലര്‍മാരുള്‍പ്പെടെ കിടന്നുകൊണ്ടാണ് ഉപരോധ സമരം നടത്തിയത്. സംഭവത്തില്‍ മേയര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതുന്നയിച്ച് ബിജെപി മാര്‍ച്ചും സംഘടിപ്പിച്ചു.
അതേസമയം കോര്‍പ്പറേഷന് പുറത്തായി കോണ്‍ഗ്രസും പ്രതിഷേധിച്ചു. മേയറിന്റെ വാഹനത്തിന് നേരെ കെഎസ്‌യുക്കാര്‍ കരിങ്കൊടി കാട്ടി. മുടവന്‍മുകളിലെ വീട്ടില്‍ നിന്നും കോര്‍പ്പറേഷനിലേക്ക് പോകുന്ന വഴിക്കാണ് കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ കെഎസ്‌യുക്കാരെ മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: